കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സംഘടന പറയുന്നു. ഈ വര്‍ഷം 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ 26 സിനിമകള്‍ വിജയിച്ചപ്പോള്‍ 300 കോടി തിരിച്ചുപിടിക്കാനായി. 700 കോടിയോളം നഷ്ടമായി. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ഈ വര്‍ഷം അഞ്ച് സിനിമകളാണ് 100 കോടി വരുമാനം നേടിയത്. വര്‍ഷാദ്യം പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എ.ആര്‍.എം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്സ് 242 കോടി നേടി. തമിഴ്‌നാട്ടില്‍നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി.
കിഷ്‌ക്കിന്ധാകാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മേലേയും കളക്ഷന്‍ നേടി. ഗോളം, പണി, മുറ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കുതിപ്പുണ്ടാക്കി.
2024 ലെ റിറിലീസുകളിൽ രണ്ട് മോഹൻലാൽ ചിത്രങ്ങൾ മാത്രമാണ് വിജയം നേടിയത്. ഫാസിൽ സംവിധാനം മണിച്ചിത്രത്താഴും സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതനും വൻ വിജയമായി.
ഇന്ത്യന്‍ സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. 2018, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍.ഡി.എക്സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group