തിരുവനന്തപുരം : കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണചകോരം നേടി ബ്രസീലിയൻ ചിത്രം ‘മലു’. പ്രൗഢഗംഭീരമായ സമാപനച്ചടങ്ങിൽ 25 ലക്ഷം രൂപയുടെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സംവിധായകൻ െപഡ്രോ ഫ്രെയെർ ഏറ്റുവാങ്ങി. ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’ വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങൾ നേടി മേളയുടെ പ്രിയ ചിത്രമായി. ഐ.എഫ്.എഫ്.കെ.യുടെ സ്പിരിറ്റ് ഓഫ് സിനിമാ പുരസ്‌കാരം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായക പായൽ കപാഡിയയ്ക്കു സമ്മാനിച്ചു.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഇറാനിയൻ സിനിമ ‘മീ, മറിയം, ദ ചിൽഡ്രൻ ആൻഡ് 26 അതേഴ്‌സി’ന്റെ സംവിധായകൻ ഫർഷാദ് ഹാഷ്മിക്കാണ്. നാലുലക്ഷം രൂപയുടേതാണ് പുരസ്‌കാരം. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ചിലിയൻ ചിത്രം ‘ദ ഹൈപ്പർബോറിയൻസ്’ സംവിധാനംചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനുമാണ്. സിനിമയുടെ കലാസംവിധായക നതാലിയ ഗെയ്സ് മുഖ്യമന്ത്രിയിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്നുലക്ഷം രൂപയുടേതാണ് പുരസ്‌കാരം.
ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’യാണ് പ്രേക്ഷകർ തിരഞ്ഞെടുത്ത സിനിമ. ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡ് മലയാളചിത്രമായ ‘അപ്പുറ’ത്തിന്റെ സംവിധായക ഇന്ദുലക്ഷ്മിക്കാണ്.
മികച്ച ഇന്ത്യൻ മത്സരചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച നവാഗത മലയാളി സംവിധായകനുള്ള നെറ്റ്പാക് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള ജൂറി അവാർഡ്, കെ.ആർ.മോഹനൻ അവാർഡ് പ്രത്യേക പരാമർശം എന്നിങ്ങനെ അഞ്ച് അവാർഡുകളാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ നേടിയത്.
മറ്റു പുരസ്‌കാരങ്ങൾ: സാങ്കേതികമികവിനുള്ള പ്രത്യേക പുരസ്‌കാരം- ഹലാ എൽക്കോസി(ഈസ്റ്റ് ഓഫ് നൂൺ-നെതർലാൻസ്). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്- ‘മീ, മറിയം, ദ ചിൽഡ്രൻ ആൻഡ് 26 അതേഴ്‌സ്’(ഇറാൻ). മികച്ച മലയാളം സിനിമയ്ക്കുളള നെറ്റ്പാക് പ്രത്യേക പരാമർശം- മിഥുൻ മുരളി(കിസ് വാഗൺ). മികച്ച നവാഗത മലയാളി സംവിധായകയ്ക്കുള്ള ഫിപ്രസി അവാർഡ്- ശിവരഞ്ജിനി(വിക്‌ടോറിയ). അനഘാ രവി(അപ്പുറം), ചിന്മയ് സിദ്ദി(റിഥം ഓഫ് ദമാം) എന്നീ ബാലതാരങ്ങൾക്കു മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശമുണ്ട്.അഞ്ച് പുരസ്‌കാരങ്ങളുമായി ‘ഫെമിനിച്ചി ഫാത്തിമ’.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group