തിരുവനന്തപുരം: വേറിട്ട കഥകളും മനുഷ്യന്റെ പല നാടുകളിലെ വ്യഥകളും സ്‌ക്രീനുകളിൽ നിറഞ്ഞ ഞായർ സിനിമാപ്പറമ്പായി അന്താരാഷ്ട്ര ചലച്ചിത്രമേള വേദികൾ. നിറഞ്ഞുകവിഞ്ഞ തിയേറ്ററുകളിലായിരുന്നു മൂന്നാംദിനം എല്ലാ പ്രദർശനങ്ങളും.
ലോകസിനിമാ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്നിനോയുടെ ‘ക്വീറി’ന് വലിയ ജനപങ്കാളിത്തമാണ് അജന്താ തിയേറ്ററിലുണ്ടായത്. മെക്സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സ്വവർഗബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണ് ചർച്ചചെയ്തത്. മത്സരവിഭാഗത്തിലെ സ്പാനിഷ് ചിത്രം 'മെമ്മറീസ് ഓഫ് എ േബണിങ് ബോഡി’യും നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജയൻ ചെറിയാന്റെ ‘റിതം ഓഫ് ദമ്മം’, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ. സംവിധാനംചെയ്ത ‘റിപ്റ്റൈഡ്’, ഫാസിൽ മുഹമ്മദിന്റെ മത്സരവിഭാഗത്തിലുള്ള 'ഫെമിനിച്ചി ഫാത്തിമ' എന്നിങ്ങനെ മലയാള ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകളാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇറാനിയൻ ചിത്രം 'മീ മറിയം ദി ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്’, മേളയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ 'ബോട്ട് പീപ്പിൾ', 'ദി പോസ്റ്റ്മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്', ലോകസിനിമാ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ 'ബോഡി', ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ 'അനോറ', മിഗേൽ ഗോമെസിന്റെ 'ഗ്രാൻഡ് ടൂർ' തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് സംഗീതസംവിധായകയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചകഴിഞ്ഞ് 2.30-നാണ് പരിപാടി. ‘അപ്പുറം’, ‘മുഖക്കണ്ണാടി’, ‘വിക്ടോറിയ’, ‘കിഷ്‌കിന്ധാകാണ്ഡം’, ‘വെളിച്ചം തേടി’, ‘സൗദി വെള്ളക്ക’ എന്നിവയാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്ന മലയാളം സിനിമകൾ.
വീണ്ടും കാണാം കുറസോവയെ
നാലാംദിനമായ തിങ്കളാഴ്ച മികച്ച ചിത്രങ്ങളാൽ സമ്പന്നമാകും. റീസ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിൽ അകിറ കുറസോവയുടെ വിഖ്യാതചിത്രം 'സെവൻ സമുറായ്' മികച്ച ദൃശ്യാനുഭവത്തോടെ കാണാം.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരം നേടിയ 'യങ് ഹാർട്ട്‌സ്' ലോകസിനിമാ വിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. കൗമാരക്കാരനായ ഏലിയാസിനു സമപ്രായക്കാരനായ അയൽവാസി അലക്സാണ്ടറിനോടുണ്ടാകുന്ന പ്രണയമാണ് 'യങ് ഹാർട്ട്സി'ന്റെ പ്രമേയം. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദി ഡിവോഴ്സും' ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 1920-കളുടെ മധ്യത്തിൽ കസാഖ് ഗ്രാമവാസിയായ സലിംസാക്ക് ഒരു നാടകത്തിൽ സ്ത്രീവേഷം ചെയ്തതിനെത്തുടർന്ന് ഭാര്യയുമായി ഉണ്ടാകുന്ന തർക്കമാണ് 'ദി ഡിവോഴ്സി'ന്റെ ഇതിവൃത്തം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group