കോവളം: മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സുവർണ ജൂബിലിയിലേക്ക്. സിനിമാ മ്യൂസിയവും നൂതന സാങ്കേതികവിദ്യകളും സജ്ജമാക്കി 50-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി ചലച്ചിത്ര വികസന കോർപ്പറേഷൻ.
ആയിരത്തിഅഞ്ഞൂറോളം സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷനും നിരവധി സിനിമകളുടെ ചിത്രീകരണത്തിനും ഇടമൊരുക്കിയ സെല്ലുലോയ്‌ഡ് തട്ടകമാണ് തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ.
തിരുവല്ലം കുന്നിലുള്ള 75 ഏക്കർ ഭൂമിയിൽ 1975-ലായിരുന്നു സ്റ്റുഡിയോ നിർമാണമാരംഭിച്ചത്. എൺപതുകളോടെ പ്രവർത്തനം തുടങ്ങി. 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി സിനിമാ മേഖലയുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തി ചിത്രാഞ്ജലിയിൽ സംസ്ഥാനത്തെ ആദ്യ സിനിമാ മ്യൂസിയം സ്ഥാപിക്കും. 2025 ജൂലായിലാണ് സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കമിടുക. വിഷൻ-2030 പ്രകാരം അഞ്ചുവർഷത്തിനുള്ളിൽ എല്ലാ നവീകരണപ്രവർത്തനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സജ്ജമാക്കുകയാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ലക്ഷ്യം.
മലയാള സിനിമയുടെ വളർച്ച കാട്ടിത്തരുന്ന സിനിമാ മ്യൂസിയമാണ് സ്റ്റുഡിയോ വളപ്പിൽ സ്ഥാപിക്കുക. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാവും ഇതു നിർമിക്കുക. ആദ്യകാല ക്യാമറകൾ, ലൈറ്റുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് നിലവിലുള്ള മ്യൂസിയത്തിലുള്ളത്. സിനിമയെന്താണ് എന്ന് സാധാരണക്കാരനും മനസ്സിലാകത്തക്ക വിധത്തിലുള്ള സംവിധാനങ്ങളാണ് പുതുതായി സജ്ജമാക്കുക. കാലഹരണപ്പെട്ട കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും പകരം ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയാണ് നവീകരിക്കുക. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 150 കോടി ഉപയോഗിച്ച് രണ്ടുഘട്ടമായാണ് സ്റ്റുഡിയോയിൽ നവീകരണപ്രവർത്തനങ്ങളും ആധുനികീകരണവും നടപ്പാക്കുകയെന്ന് കെ.എസ്.എഫ്.ഡി.സി. എം.ഡി. പി.എസ്.പ്രിയദർശൻ പറഞ്ഞു.
പുതിയ മിക്‌സിങ് തിയേറ്റർ; സ്റ്റാർ താമസസൗകര്യം
: ചിത്രാഞ്ജലിയിൽ സിനിമ, സീരിയൽ ഷൂട്ടിങ്ങിന് എത്തുന്നവർക്ക് ടു സ്റ്റാർമുതൽ ഫൈവ് സ്റ്റാർവരെ നിലവാരത്തിലുള്ള താമസസൗകര്യങ്ങൾ സജ്ജമാക്കും. നൂതന സാങ്കേതികവിദ്യയുപയോഗിച്ചുള്ള ഡോൾബി അറ്റ്‌മോസ് സറൗണ്ടഡ് സൗണ്ട് മിക്‌സിങ് സംവിധാനവും സ്ഥാപിക്കും. പുതിയ പദ്ധതിപ്രകാരം സ്റ്റുഡിയോ ഓഫീസിന് അനുബന്ധമായി സൗണ്ട് എഫക്‌ട്‌സ് െറക്കോഡിങ് സ്യൂട്ട്, ഡിജിറ്റൽ ഇന്റർ മീഡിയേറ്റ് കളർ ഗ്രേഡിങ് യൂണിറ്റ് എന്നിവയും സജ്ജമാക്കുന്നുണ്ട്.
സ്റ്റുഡിയോയിലേക്ക് ആധുനിക ക്യാമറകൾ, ലൈറ്റുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നുണ്ട്. സന്ദർശകർക്ക് സ്റ്റുഡിയോയും വളപ്പും കാണുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാസും ഏർപ്പെടുത്തും. ഇവിടെ ജനകീയ ക്യാന്റീൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group