വേര്‍പാടിന് 23 വര്‍ഷം;
ഓര്‍മയില്‍ നിറഞ്ഞ് ശങ്കരാടി
മലയാള സിനിമയുടെ പൂമുഖപ്പടിയില്‍ ചാരുകസേരയിലിരുന്ന് താത്വികാവലോകനം നടത്തി, അഭിനയ മികവില്‍ നാട്യങ്ങളില്ലാതെ നിറഞ്ഞാടിയ ശങ്കരാടിയുടെ വേര്‍പാടിന് 23 വര്‍ഷം. 2001 ഒക്ടോബര്‍ 8 ന് 77-ാം വയസ്സിലാണ് മലയാള സിനിമയെ അക്ഷരാര്‍ദ്ധത്തില്‍ അനാഥമാക്കി ശങ്കരാടി ചമയങ്ങളില്ലാത്ത ലോകത്തേയ്‌ക്ക് മാഞ്ഞുപോയത്. അതോടെ മലയാളത്തിന് നഷ്ടമായത് നാട്യങ്ങളില്ലാത്ത നടനേയായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തി. കലാ-സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു, മുന്‍കാലങ്ങളില്‍ ശങ്കരാടി. നാടകമായിരുന്നു ശങ്കരാടിയുടെ ആദ്യ തട്ടകം. കെ.എ.പി.എസി യിലും, കാളിദാസ കലാകേന്ദ്രത്തിലും മുഴുനീള നാടക നടനായി അദ്ദേഹം തിളങ്ങി. പി.ജെ. ആന്റണിയുടെ അഭിനയ സ്‌കൂളില്‍ നിന്നുമാണ് താന്‍ ബിരുദമെടുത്തതെന്ന ഊറ്റമായിരുന്നു ശങ്കരാടി എന്ന നടന്റെ ആത്മവിശ്വാസം.
സിനിമയില്‍ ചേക്കേറിയ ശങ്കരാടി, കലര്‍പ്പില്ലാത്ത ഭാവാഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ പകരക്കാരനില്ലാതെ വിലസി. ഹാസ്യനടനായും, സ്വഭാവ നടനായും, കാര്യ ഗൗരവക്കാരനും, കര്‍ക്കശക്കാരനുമായ തറവാട്ട് കാരണവരായും നാല്‍പ്പത് വര്‍ഷത്തിലേറെ മലയാള സിനിമയുടെ വിരിമാറില്‍ ശങ്കരാടി ആടിത്തിമര്‍ത്തു. അതും, പകരം വയ്‌ക്കാന്‍ മറ്റൊരാളില്ലാത്തവിധത്തില്‍. അങ്ങനെ ഒരേ ഒരാളെ മലയാള സിനിയില്‍ ഉണ്ടായിരുന്നുള്ളു, മേമന കണക്കു വീട്ടില്‍ ചെമ്പകരാമന്‍ പിള്ളയുടെ മകനായ ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടി.
അനശ്വരമായ അഭിനയവും കഥാപാത്രങ്ങളും
മുന്‍ കാലങ്ങളിലെ വിരസങ്ങളായ പല സിനിമകളിലും ഗാനങ്ങളോടൊപ്പം പ്രേക്ഷകരെ ആകര്‍ഷിച്ചത്, ശങ്കരാടിയുടെ സാന്നിധ്യവും, അദ്ദേഹം അഭിനയിച്ച രംഗങ്ങളുമായിരുന്നു. അഭിനയ ശ്രേണിയുടെ ഗോവണി പടികള്‍ അനായാസം കയറിപ്പോകുന്ന ശങ്കരാടിയെ പ്രേക്ഷകര്‍ ആരാധനയോടേയാണ് നോക്കിയത്. ”ചങ്കരടിയില്‍” എന്ന തന്റെ മാതാവിന്റെ തറവാട്ട് നാമത്തില്‍ നിന്നുമാണ് ശങ്കരാടി എന്ന വെള്ളിത്തിര നാമം അദ്ദേഹം സ്വീകരിച്ചത്. അത് കാലം ഏറ്റുപിടിച്ചു. ഒരുവര്‍ഷം ആവര്‍ത്തന വിരസതകളില്ലാത്ത 40 ലേറെ ചിത്രങ്ങള്‍ മലയാളിയ്‌ക്ക് സമ്മാനിച്ച മഹാനടന്‍. ഒരുകാലഘട്ടത്തിന്റെ നേര്‍ പകര്‍പ്പായിരുന്നു ശങ്കരാടി. നര്‍മ്മവും, സ്നേഹവും, ആത്മസംഘര്‍ഷവും, വാത്സല്യവും നിറഞ്ഞ വിവിധ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ അദ്ദേഹം ത്രസിപ്പിച്ചു. നാല് പതിറ്റാണ്ടിലേറെ പച്ചപ്പരപ്പുള്ള മലയാള സിനിമകളിലെ അഭിനയ മുഹൂര്‍ത്തങ്ങളില്‍ പതറാതെ കാലുറപ്പിച്ച ശങ്കരാടിയുടെ വേര്‍പ്പാട്, ഇതുവരെ നികത്താനായിട്ടില്ലെന്ന് പുതുതലമുറക്കാര്‍ പോലും അംഗീകരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ജയില്‍വാസം അനുഭവിച്ചതുള്‍പ്പടെ സമര തീക്ഷ്ണമായൊരു ഭൂതകാലമുണ്ടായിരുന്നു ശങ്കരാടിക്ക്.
അക്കാലത്ത് യുവമനസ്സുകളെ മുഴുവന്‍ വശീകരിക്കുന്ന വിപ്ലവ വീര്യത്തില്‍ അദ്ദേഹവും ആകൃഷ്ടനായി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശങ്കരാടി, സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് രാഷ്‌ട്രീയം, പത്രപ്രവര്‍ത്തനം, നാടകം എന്നിവയില്‍ സജീവമായിരുന്നു. 1963 ല്‍ ഉദയയുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ യിലാണ് സിനിമാ രംഗത്ത് ശങ്കരാടി ഹരിശ്രീ കുറിച്ചത്. ആ പ്രയാണം നാല് പതിറ്റാണ്ടോളം തുടര്‍ന്നു. 1998 ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് ആയിരുന്നു ശങ്കരാടിയുടെ അവസാന ചിത്രം.
1960, 70, 80 കളില്‍ അടൂര്‍ ഭാസി, ബഹദൂര്‍ എന്നിവരോടൊപ്പം ഹാസ്യനടനെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ആധിപത്യം സ്ഥാപിച്ച ശങ്കരാടി, പിന്നീട് സ്വഭാവ വേഷങ്ങളിലേക്ക് മെല്ലെ വഴിമാറി. അല്‍പ്പം പിശുക്കത്തരം ഉണ്ടെന്ന് പതുക്കെ പറഞ്ഞാലും, ജീവിതത്തില്‍ നാട്യങ്ങളില്ലാതെ സംശുദ്ധിയോടെ ജീവിച്ച ശങ്കരാടി, ആ സംശുദ്ധി അഭിനയത്തിലും പ്രകടമാക്കിയിരുന്നുവെന്ന് പല പ്രമുഖ സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖദര്‍ ഷര്‍ട്ടും ധരിച്ച് ചുണ്ടില്‍ ഒരു ബീഡിയുമായി മലയാള സിനിമയിലെ കാരണവരായി ലോക്കേഷനില്‍ വരുന്ന നാട്ടിന്‍ പുറത്തുകാരനായ ശങ്കരാടിക്ക്, ആ സ്വാതന്ത്ര്യവും, സീനിയോറിറ്റിയും എക്കാലത്തും മലയാള സിനിമ നല്‍കിയിരുന്നു.
സന്ദേശത്തിലെ താത്വികാചാര്യന്‍ കുമാരപിള്ള സാറെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍, ആ കഥാപാത്രത്തെ ഇക്കാലത്തും മലയാളി ചര്‍ച്ചചെയ്തുകൊണ്ടിരിയ്‌ക്കയാണ്. ”ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. ശരിയാണ്. ”ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിക്കുന്നതും അതുകൊണ്ടാണ്. എന്ന് വെച്ച്, പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.” എന്ന പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള കുമാരപിള്ള സാറിന്റെ താക്കീത്, വര്‍ത്തമാന കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി. ”ലൗകികമായ തൃഷ്ണകളെ നമ്മള്‍ അതിജീവിക്കണം. എല്ലാ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കും എതിരെയാണ് നമ്മുടെ യുദ്ധം.” കുമാരപിള്ള സാറിന്റെ ആ പ്രഖ്യാപനവും, ഇക്കാലത്തും വലിയ ചര്‍ച്ചയായത് തികച്ചും യാദൃച്ഛികം മാത്രമാണ്. സത്യന്‍, നസീര്‍, മധു, സോമന്‍, സുകുമാരന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുടെ താരാധിപത്യത്തില്‍ പോലും ശങ്കരാടി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. മൂന്ന് തലമുറകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശങ്കരാടിയുടെ പ്ലസ് പോയിന്റ്.
ജന്മഭൂമി > കെ. വിജയന്‍ മേനോന്‍
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group