കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്.
സിദ്ദിഖിനെതിരേ യുവ നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ല. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ട്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരില്‍ പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതിയില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദപ്രതിവാദത്തിനിടെ പ്രതിയുടെ അഭിഭാഷകന്‍ പരാതിക്കാരിയെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാന്‍ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിന്റെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ വിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം സിദ്ദിഖ് പരാതിക്കാരിക്കെതിരേ ഡി.ജി.പിക്ക് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിദ്ദീഖ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍നിന്ന് തന്നെ വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നിശബ്ദത ദുരൂഹമാണെന്നും കോടതി ഉത്തരവില്‍ വിമര്‍ശിച്ചു.
ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള സിദ്ദിഖിനുവേണ്ടി ഹാജരായി. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും പരാതിക്കാരിക്കുവേണ്ടി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group