കൊച്ചി: ഹെയർസ്റ്റൈലിസ്റ്റ് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്നും തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് തന്നെ കുറിച്ച് പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘‘യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടു പെണ്‍കുട്ടികള്‍ ദേഷ്യത്തോടെ ഉറക്കെ സംസാരിക്കാനും ഒച്ചിയിടാനും തുടങ്ങി. ഈ സംഘടനയെ പൊളിക്കും എന്ന അർത്ഥം വരുന്ന തരത്തില്‍. സമാധാനപരമായി നേരിടാനാണ് ആദ്യം ശ്രമിച്ചത്. അതിന് ശേഷം ഞാന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വേദിയില്‍ കയറി സംസാരിച്ചു.
ഞാന്‍ പത്ത് വയസ്സിലാണ് സിനിമയില്‍ വന്നത്. 16-ാമത്തെ വയസ്സിലാണ് ആദ്യമായി ഒരു ദുരനുഭവമുണ്ടായത്. അന്ന് അയാളുടെ മുഖത്തടിക്കുന്ന പോലെ നിന്റെ ജോലി വേണ്ടടാ.. എന്ന് പ്രതികരിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് അങ്ങോട്ട് എനിക്ക് സിനിമയില്ലാതിരുന്നിട്ടില്ല. നമ്മളോട് മോശമായി പെരുമാറുമ്പോള്‍ അതിശക്തമായി പ്രതികരിക്കണം. ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന് കരുതരുത്, ഇത്രയുമാണ് ഞാന്‍ സംസാരിച്ചത്. പിന്നീട് മറ്റുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങി.
ആര്‍ക്കുവേണമെങ്കിലും സംസാരിക്കാമായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ യോഗത്തില്‍ ഒന്നും സംസാരിച്ചില്ല. പുറത്തിറങ്ങി നടത്തിയ പത്രസമ്മേളനത്തില്‍ എന്റെ പേരെടുത്ത് പറഞ്ഞു, ഞാന്‍ ഒരു സ്ത്രീവിരുദ്ധയാണെന്ന് പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ചെയ്തത്’’- ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും മലർന്നുകിടന്ന് തുപ്പരുതെന്നും പറഞ്ഞതായാണ് തൃശൂർ സ്വദേശിനിയായ ഹെയർസ്റ്റൈലിസ്റ്റ് കഴിഞ്ഞ ദിവസം ആരോപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group