ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ്; നിങ്ങൾ വലിയ സംവിധാനത്തെ തകിടം മറിക്കുന്നു: കയർത്ത് സുരേഷ് ഗോപി
തിരുവനന്തപുരം∙ മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
‘‘മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഓഫിസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ട് വച്ചു.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു. (Manorama News )
ആ നടൻ ജയസൂര്യയല്ല,
ആരെയും ഭയവുമില്ല:
വെളിപ്പെടുത്തി
നടി സോണിയ മൽഹാർ
താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ. വെളിപ്പെടുത്തല്‍ നടത്തിയത് പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.
‘‘എന്റെ െവളിപ്പെടുത്തൽ കാരണം പല ആർടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമുണ്ട്.
അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും
ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു െമന്റൽ ട്രോമയിലേക്ക് കടന്നുപോകാനില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ല.
യവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. സോണിയ മൽഹാറിന്റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ കേസ് കൊടുക്കുക. അപ്പോൾ അതിനു മറുപടി ഞാൻ കൊടുക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാല്‍ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആർക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ സഹിക്കുക.
ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീർ ഈ ഇൻഡസ്ട്രിയിൽ വീണിട്ടുണ്ട്.
പുലിവാൽ പട്ടണം ആണ് ആദ്യ സിനിമ. അതിനുശേഷം മോഹൻലാൽ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പർസ്റ്റാര്‍ പടങ്ങളിൽ ചെറിയ ചെറിയ േവഷങ്ങൾ ചെയ്തു. പിന്നീട് ആർട് സിനിമകളിൽ നായികയായി.
കാറ്റ് പറഞ്ഞ കഥ, വല തുടങ്ങി എട്ട് സിനിമകളില്‍ നായികയായി അഭിനയിച്ചു. യൂട്യൂബിൽ സോണിയ മൽഹാർ സിനിമകൾ എന്ന് ടൈപ്പ് ചെയ്താൽ അറിയാം. തിയറ്റർ റിലീസ് സിനിമകൾ അധികമില്ലാത്തതുകൊണ്ടാണ് ആളുകൾക്ക് എന്നെ അറിയാത്തത്.
എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവർ ആരോപണം ഉന്നയിച്ച ആളുകളിൽ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ല.
അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണം എന്നതും അറിയില്ല. എനിക്ക് അമ്മയിൽ മെംബർഷിപ്പ് ഇല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാൽ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയിൽ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാൻ പറ്റിയില്ല. ഇടവേള ബാബുവിൽ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളത്.
എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട ശേഷം പരസ്പരം ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചാല്‍ പരാതി നൽകിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പോപ്പുലാരിറ്റിക്കു വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. സ്ത്രീകളെ വിശ്വാസമില്ലാത്തതുകൊണ്ട് പറഞ്ഞതാണ്.
ചൂഷണത്തിനു ഞാൻ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാൻ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്.
ഇൻഡസ്ട്രിയിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ കയറിപ്പിടിക്കാൻ ഒരുത്തന് കൈ പൊങ്ങുമെന്നത് തെറ്റായ സന്ദേശമാണ്. അങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചതുകൊണ്ടാണ് ഇത് വെളിപ്പെടുത്താൻ തീരുമാനിച്ചത്.
വ്യക്തിപരമായി ഈ വിഷയത്തിൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്ത് എല്ലാം തുറന്നു പറയും.’’–സോണിയ മൽഹാറിന്റെ വാക്കുകൾ.
2013ൽ തൊടുപുഴയിലെ സിനിമാസെറ്റിൽ മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം. ആരോപണവിധേയന്റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല.(Manorama News )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group