കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകളിൽ മതിമറന്നിരിക്കുകയായിരുന്നില്ല അവൾ. മറിച്ച് കാറിനുള്ളിൽ ശാന്തമായി ഒഴുകി നിറയുന്ന പാട്ടിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു.
അമ്മയുടെ മടിയിലിരുന്ന് കൗതുകത്തോടെ അവൾ ചോദിച്ചു, ഈ പാട്ട് ഏതാണ്, ആരുടേതാണ് എന്നൊക്കെ. അച്ഛനും അമ്മയും ഉത്തരങ്ങളോരോന്നായി ആ കുഞ്ഞുഹൃദയത്തിലേക്കു നിരത്തിവച്ചു. പിന്നീടുള്ള ദിവസങ്ങളിലെ യാത്രകളിലും മാറി മാറി വരുന്ന പാട്ടുകൾ കേട്ട് അവൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു,
അവർ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടും. ഗായകനായ അനൂപ് ദിവാകരനും ഗാനാസ്വാദകയായ ദിവ്യയ്ക്കും മകൾ ജാനകി സംഗീതത്തിന്റെ വഴിയിലാണെന്നു മനസ്സിലാക്കാന്‍ വേറെ പ്രത്യേക സാഹചര്യങ്ങളൊന്നും വേണ്ടായിരുന്നു. മകളിലെ സംഗീതാഭിരുചി വളർത്തിക്കൊണ്ടുവരാൻ അനൂപും ദിവ്യയും ‘കട്ടയ്ക്കു’ ചേർന്നു നിന്നു.
തുടക്കം ‘ലോകവേദി’യിൽ
ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാണ് ജാനകിയും കുടുംബവും. 12ാം വയസ്സിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ ‘ദ് വോയ്സ് ഓസ്ട്രേലിയ’യിൽ പങ്കെടുത്ത് ജാനകി റെക്കോർഡ് സൃഷ്ടിച്ചു. ഗ്രാമി ജേതാവ് ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ഓസ്ട്രേലിയൻ വേദിയിൽ ജാനകി ആലപിച്ചത്. ആ കൗമാരക്കാരിയുടെ സ്വരഭംഗിക്കു മുന്നിൽ കണ്ണുമിഴിച്ചിരുന്നുപോയി വിധികര്‍ത്താക്കൾ. ‘ഒരു ഇന്ത്യന്‍ പാട്ട് പാടാമോ’ എന്ന അവരുടെ ആവശ്യത്തെത്തുടർന്ന് ‘മാതേ മലയധ്വജ’ പാടി ജാനകി വീണ്ടും അതിശയിപ്പിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചതാണ്. ദ് വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്ട്രേലിയൻ വേദിയെ പാട്ടിലാക്കിയ മലയാളി പെൺപുലിക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നാണ് അഭിനന്ദനസന്ദേശങ്ങൾ എത്തിയത്.
ഇമ്മനെ അതിശയിപ്പിച്ച മലയാളി പെൺപുലി
ഓസ്ട്രേലിയൻ വേദിയിലെ പാട്ടുകൊണ്ട് തീർന്നില്ല, മലയാളിക്ക് അഭിമാനിക്കാൻ വേറെയും നിരവധി അവസരങ്ങളൊരുക്കിക്കൊടുത്തു ജാനകി ഈശ്വർ. കഴിഞ്ഞവർഷം ട്വന്റി 20 ലോകകപ്പ് ഫൈനലിൽ, മത്സരത്തിനു മുൻപായി അവതരിപ്പിച്ച സംഗീതപരിപാടിയിൽ ജാനകിയുടെ ശബ്ദം മുഴങ്ങിക്കേട്ടു. ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡ് ആയ ഐസ്ഹൗസിനൊപ്പമായിരുന്നു ജാനകിയുടെ ഗാനാലാപനം. പിന്നീട് ‘ദ് സീക്രട്ട് ഓഫ് വിമൻ’ ഓഡിയോ ലോഞ്ചിലും ജാനകി തിളങ്ങി. ചിത്രത്തിൽ ജാനകി തന്നെ വരികൾ കുറിച്ച് ആലപിക്കുന്ന ഒരു ഗാനമുണ്ട്. ജാനകിയുടെ ആദ്യ മലയാളം പിന്നണി ഗാനമാണിത്. ഇപ്പോഴിതാ ജാനകിയുടെ കഴിവിൽ അദ്ഭുതം തോന്നി തമിഴ് സംഗീതസംവിധായകൻ ഡി.ഇമ്മൻ അവളെ തന്റെ പുതിയ ചിത്രത്തിലേക്ക് പാടാൻ ക്ഷണിച്ചിരിക്കുകയാണ്. ഈ കൗമാരക്കാരിയുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നു കുറിച്ചുകൊണ്ടാണ് ഇമ്മൻ പുത്തൻ ഗായികയെ പരിചയപ്പെടുത്തിയത്.
മലയാളം പാട്ടുകൾ ഏറെ പ്രിയം
പാട്ടും പഠിത്തവുമായി ഓസ്ട്രേലിയയിലെ വീട്ടിൽ തിരക്കിലാണ് ജാനകി ഈശ്വർ. ഗിറ്റാറും കര്‍ണാട്ടിക്കും വെസ്റ്റേണും പഠിക്കുന്നുണ്ട്. ശോഭ ശേഖർ, സന്തോഷ് ചന്ദ്രൻ, ഡേവിഡ് ജാൻ എന്നിവരാണ് ഗുരുക്കന്മാർ. ഒരു ദിവസം പോലും മുടങ്ങാതെ സംഗീതപരിശീലനം നടത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ജാനകി. എല്ലാ പിന്തുണയും നൽകി അനൂപും ദിവ്യയും കൂടെ നിൽക്കുന്നു. സംഗീതം പ്രഫഷൻ ആക്കാൻ തന്നെയാണ് ജാനകിയുടെ തീരുമാനം. ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിൽ ആണെങ്കിലും മലയാളത്തോട് പ്രത്യേക സ്നേഹമാണ് ജാനകിക്ക്. മലയാളം പാട്ടുകൾ കേൾക്കാനും പാടാനും ഏറെ ഇഷ്ടം. ചിലത് തിരഞ്ഞെടുത്ത് പാടി റീൽസ് ആക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
വീട്ടിലും ‘പാട്ടുകൂട്ടം’
എപ്പോഴും സംഗീത അന്തരീക്ഷമാണ് ജാനകിയുടെ വീട്ടിൽ. കുടുംബസുഹൃത്തുക്കളുടെ സന്ദർശനവും ഒരുമിച്ചുള്ള ഗാനാലാപനവുമെല്ലാം പതിവ് കാഴ്ച തന്നെ. പിതാവ് അനൂപ് 12 വർഷത്തോളമായി ഓസ്ട്രേലിയൻ സംഗീതവേദികളിൽ സജീവ സാന്നിധ്യമാണ്. ജാനകിയുടെ സംഗീതസംശയങ്ങളെല്ലാം ദൂരീകരിക്കുന്നതും അനൂപ് തന്നെ. അമ്മ ദിവ്യയാണ് ട്രെൻഡ് അനുസരിച്ച് പാട്ടുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത്. മെൽബണിൽ നടക്കുന്ന സംഗീതപരിപാടികളൊന്നും കുടുംബം മിസ് ആക്കാറില്ല. നാട്ടിൽ വന്ന് തിരികെ പോകുമ്പോൾ പാട്ടുകളുടെ നിരവധി സിഡികളും വാങ്ങി കൊണ്ടുപോകും. അങ്ങനെ എല്ലായ്പ്പോഴും സംഗീതം തന്നെയാണ് വീട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ജാനകി പാടുമ്പോൾ അതിനെ വിലയിരുത്തി അഭിപ്രായം പറയാനും അനൂപും ദിവ്യയും പ്രത്യേകം ശ്രദ്ധിക്കുന്നു.
കുടുംബം
കോഴിക്കോട് കക്കോടി സ്വദേശിയാണ് 14കാരിയായ ജാനകി.
എല്ലാ വർഷവും ക്രിസ്മസ് അവധിക്ക് മാതാപിതാക്കൾക്കൊപ്പം ജാനകി നാട്ടിലെത്താറുണ്ട്. പിതാവ് അനൂപിന്റെ വീട്ടിൽ അച്ഛൻ, അമ്മ, ഏട്ടൻ, അനിയൻ എന്നിവരാണ് ഉള്ളത്. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. ജ്യേഷ്ഠൻ ശ്രീരാജും സംഗീതം പഠിച്ചിട്ടുണ്ട്. ദിവ്യയുടെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയുമാണുള്ളത്.
വാർത്ത :കടപ്പാട് > സീന എലിസബത്ത് മാമ്മൻ -മലയാള മനോരമ
Janaki easwar performing At T20 World Cup
Final#janakieaswar #t20worldcup2022
video courtesy : Clavmari
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group