മികച്ച കലാസൃഷ്ടികള്‍ കാലത്തെ അതിജീവിക്കുക മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവയ്ക്ക് ?കൈവരികയും ചെയ്യും. അതിനുള്ള ഉത്തമോദാഹരണമായിരുന്നു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം 'വിധേയന്‍'. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ലഭിച്ചത് ആവേശകരമായ പ്രതികരണമാണ്.
ഭാസ്‌കര പട്ടേലര്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിന്റെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പ്രദര്‍ശനം തുടങ്ങുന്നതിനും ഏറെ മുമ്പേ കൈരളി തിയേറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. സ്‌ക്രീനില്‍ തെളിഞ്ഞ 'വിധേയന്‍' എന്ന ടൈറ്റില്‍ തന്നെ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗുകള്‍ക്കും രംഗങ്ങള്‍ക്കുമെല്ലാം ആര്‍പ്പുവിളികളുയര്‍ന്നു.
വിധേയന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിച്ചപ്പോള്‍
ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പതിപ്പ് തിയേറ്ററില്‍ കാണാനായതിന്റെ ആവേശം ഡെലിഗേറ്റുകള്‍ പങ്കുവെച്ചു. 'ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഈ അടൂര്‍ ചിത്രം ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ കാഴ്ച തിയേറ്ററില്‍ നിന്നായത് ഇരട്ടി മധുരമായി. മൂന്ന് പതിറ്റാണ്ടു മുമ്പിറങ്ങിയ ചിത്രം പുതിയ ടെക്‌നോളജി ഉപയോഗിച്ച് അന്നുണ്ടായിരുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ ആസ്വദിക്കാന്‍ സാധിച്ചു. ചലച്ചിത്രമേള നല്‍കുന്ന ഭാഗ്യമാണത്', കോട്ടയത്തു നിന്നെത്തിയ ജെയ്‌സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എന്നാല്‍, ചിത്രത്തിന് സബ്‌ടൈറ്റില്‍ ഇല്ലായിരുന്നത് ഒരു പോരായ്മയായി ഡെലിഗേറ്റുകള്‍ ചൂണ്ടിക്കാട്ടി. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. അവര്‍ക്ക് സിനിമ കൃത്യമായി മനസ്സിലാക്കാന്‍ സബ്ടൈറ്റില്‍ കൂടിയേ തീരൂ. അക്കാര്യത്തില്‍ ഇനിയെങ്കിലും സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കോഴിക്കോട് സ്വദേശി കൃഷ്ണ ഗോവിന്ദ് ആവശ്യപ്പെട്ടു.
സക്കറിയയുടെ 'ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ 1993-ലെ കേരള സര്‍ക്കാരിന്റെ മികച്ച നടനും ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് 1994-ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ. രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച 'വിധേയന്‍' മേളയിലെ ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്
.News courtesy : Mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group