കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് രാജ്യാന്തര മേള നാളെ (ഞായറാഴ്ച) ആദരമർപ്പിക്കും . വൈകിട്ട് 5.30ന് നിള തിയേറ്ററിലാണ് സ്മരണാഞ്ജലി . ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കെ.ജി ജോര്‍ജിന്റെ യവനികയ്ക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ടി.വി ചന്ദ്രന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനാകും . ചലച്ചിത്ര നിര്‍മ്മാതാവ് ജനറല്‍ പിക്‌ചേഴ്‌സ് രവിയെ അദ്ദേഹം അനുസ്മരിക്കും.
സംവിധായകന്‍ സിദ്ദിഖ്, നടന്‍ ഇന്നസെന്റ് എന്നിവരെ അനുസ്മരിച്ച് നടൻ മുകേഷ് സംസാരിക്കും. സംവിധായകന്‍ കമല്‍ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തും. സിബി മലയില്‍ നിര്‍മ്മാതാവ് പി.വി ഗംഗാധരനെക്കുറിച്ചും ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം ബ്രിട്ടീഷ് നിരൂപകന്‍ ഡെറിക് മാല്‍ക്കമിനേയും ഫാ.ബെന്നി ബെനിഡിക്റ്റ് കെ.പി ശശിയേയും അനുസ്മരിക്കും.
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. കെ.ജി ജോര്‍ജിനെക്കുറിച്ച് ഡോ.ഷാഹിന കെ. റഫീഖ് എഡിറ്റ് ചെയ്ത 'ഉള്‍ക്കടലിന്റെ ആഴക്കാഴ്ചകള്‍', കെ.പി ശശിയെക്കുറിച്ച് മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്ത 'മനുഷ്യാവകാശങ്ങളുടെ മൂന്നാം കണ്ണ'്, താഹാ മാടായി എഡിറ്റ് ചെയ്ത 'സിനിമാനാടന്‍ മാമുക്കോയ', ഇന്നസെന്റിനെക്കുറിച്ച് അനില്‍കുമാര്‍ തിരുവോത്ത് എഡിറ്റ് ചെയ്ത 'നര്‍മ്മരസതന്ത്രം', സിദ്ദിഖിനെക്കുറിച്ച് ബെല്‍ബിന്‍ പി ബേബി എഡിറ്റ് ചെയ്ത ചിരിയുടെ 'ഗോഡ്ഫാദര്‍', ജനറല്‍ പിക്‌ചേഴ്‌സ് രവിയെക്കുറിച്ച് നീലന്‍ എഡിറ്റ് ചെയ്ത 'നല്ല സിനിമ :ഒരു സമര്‍പ്പിത സഞ്ചാരം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, സംവിധായകന്‍ ജിയോ ബേബി, വി.ആര്‍.സുധീഷ്, കെ.ജി ജോര്‍ജിന്റെ മകള്‍ താരാ ജോര്‍ജ്, മാമുക്കോയയുടെ മകന്‍ നിസാര്‍, ജനറല്‍ പിക്‌ചേഴ്‌സ് രവിയുടെ മകന്‍ പ്രകാശ് ആര്‍.നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.( റിപ്പോർട്ട് ജി.ഹരി നീലഗിരി )
ഞായറാഴ്ച ഒപ്പോണന്റും കാതലും ഉൾപ്പെടെ 67 ചിത്രങ്ങൾ
മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ലോകക്കാഴ്ചകൾക്ക് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.
കൗതർ ബെൻ ഹനിയയുടെ ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ്, ഫിലിപ് ഗാൽവേസിന്റെ ചിലിയൻ ചിത്രം ദി സെറ്റ്ലേസ്, ഭൂട്ടാനിൽ നിന്നുള്ള ദി മോങ്ക് ആൻഡ് ദി ഗൺ, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, വിം വെൻഡേഴ്സിന്റെ ജാപ്പനീസ് ചിത്രം പെർഫെക്റ്റ് ഡെയ്സ്, അജ്മൽ അൽ റഷീദിന്റെ ഇൻഷാഅള്ളാഹ് എ ബോയ്, ഡെന്മാർക്കിൽ നിന്നുള്ള ദി പ്രോമിസ്ഡ് ലാൻഡ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയിൽ നിന്നുള്ള ഫാമിലി ആൽബം, സ്റ്റീഫൻ കോമൻഡരേവിന്റെ ബ്ലാഗാസ് ലെസൺസ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്കാർ എൻട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിൻ ബോഡിയും ദി കോൺട്രാക്റ്റ് എന്നീ ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കും.
ഓസ്കാർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്, ഉസ്‌ബെഖ് ചിത്രമായ സൺഡേ , ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റെസ്, ഫാന്റസി ചിത്രം സെർമൺ ടു ദി ബേർഡ്‌സ് എന്നീ മത്സരചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സ്വവർഗാനുരാഗികൾ സമൂഹത്തിൽ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം, കെ ജി ജോർജ് ചിത്രം യവനിക, എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദർശനവും റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സിന്റെ പുനർപ്രദർശനവും ഇന്നുണ്ടാകും .( റിപ്പോർട്ട് ജി.ഹരി നീലഗിരി )
പാരഡേയ്‌സ് ഫാമിലിക്കാർ എത്തുന്നു.
പാരഡൈസ്,ഫാമിലി എന്നീ സിനിമകളുടെ അഭിനേതാക്കളും അണിയറപ്രവത്തകരും ഇന്ന് (ശനിയാഴ്ച) വൈകുനേരം 4. 30 യ്ക്ക് ടാഗോർ തീയേറ്ററിലെ ഫെസ്റ്റിവൽ ഓഫീസിലെത്തുന്നു. പാരഡൈസിന്റെ സംവിധായകൻ പ്രസന്ന വിതാനഗെ,ഛായാഗ്രാഹകൻ രാജീവ് രവി, അഭിനേതാക്കളായ റോഷൻ മാത്യു, ശ്യാം ഫെർനാണ്ടോ, മഹേന്ദ്ര പെരേര , ഫാമിലിയുടെ സംവിധായകൻ ഡോൺ പാലത്തറ, ചിത്രത്തിലെ അഭിനേതാക്കളായ വിനയ് ഫോർട്ട്, ദിവ്യ പ്രഭ, നിൽജ ബേബി എന്നിവരും ഫെസ്റ്റിവൽ ഓഫീസിൽ എത്തും.
(റിപ്പോർട്ട് ജി.ഹരി നീലഗിരി )
ബ്രോഷർ പ്രകാശനം
പയ്യന്നൂർ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാപുരസ്കാരം നാടകകൃത്തും സാഹിത്യനിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരന് നൽകുന്നു. ഒരു ലക്ഷം രൂപയും ബാബു അന്നൂർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സാഹിത്യ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് ജനുവരി ആദ്യം പയ്യന്നൂരിൽ സമ്മാനിക്കും. പുരസ്കാര സമർപ്പണത്തോടും ആദര സമ്മേളനത്തോടും ഒപ്പം സെമിനാറുകളും സൗഹൃദ കൂട്ടായ്മകളും ചിത്രപ്രദർശനവും ഡോക്യുമെൻററി /നാടക അവതരണങ്ങളും നടക്കും.
പരിപാടിയുടെ വിശദമായ ബ്രോഷർ പ്രകാശനം അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ ടാഗോർ തിയേറ്ററിൽ സംവിധായകൻ ടിവി ചന്ദ്രൻ നിർവഹിച്ചു. എഴുത്തുകാരായ സക്കറിയ, മാങ്ങാട് രത്നാകരൻ തുടങ്ങിയവർ ബ്രോഷർ ഏറ്റുവാങ്ങി ( റിപ്പോർട്ട് ജി.ഹരി നീലഗിരി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group