തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2023 ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മാനിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിക്കും.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെസ്റ്റിവല്‍ കാറ്റലോഗ് മധുപാലിന് നല്‍കി വി.കെ പ്രശാന്ത് എം.എല്‍.എ. പ്രകാശനം ചെയ്യും. ഡെയ്ലി ബുള്ളറ്റിന്‍ ഷാജി എന്‍. കരുണിന് നല്‍കി അഡ്വ. ഡി.സുരേഷ് കുമാര്‍ പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം പ്രേംകുമാറിന് നല്‍കിറസൂല്‍ പൂക്കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ 'ഗുഡ്ബൈ ജൂലിയ' പ്രദര്‍ശിപ്പിക്കും. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. മുപ്പതിലധികം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.
മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
ഡിസംബര്‍ എട്ടു മുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. 12,000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100-ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്സ്, നവലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്പെക്റ്റീവ്, മൃണാള്‍സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെന്‍ റെട്രോസ്പെക്റ്റീവ്, 'ദ ഫിമേല്‍ ഗേയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍. ഹൊറര്‍ ജനുസ്സില്‍പ്പെട്ട രണ്ടു ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തിയ നാലു ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍, ജൂറി
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്സണും ലാറ്റിനമേരിക്കന്‍ സംവിധായകന്‍ പാബ്ളോ സെസാര്‍, ന്യൂയോര്‍ക്കിലെ ചലച്ചിത്രപണ്ഡിതനായ ബൗകരി സവാദോഗോ, ചലച്ചിത്രനിരൂപകയും ക്യുറേറ്ററുമായ കികി ഫുങ്, ഓസ്‌കര്‍ അവാര്‍ഡുകള്‍ നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സിലെ സംവിധായകശാഖയിലെ അംഗമായ ചലച്ചിത്രകാരന്‍ പാന്‍ നളിന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
പാരീസിലെ ചലച്ചിത്രചരിത്രാധ്യാപകന്‍ പിയറി സിമോണ്‍ ഗുട്ട്മാന്‍ ചെയര്‍മാനും ഇസ്താംബുള്‍ യൂണിവേഴ്സിറ്റിയിലെ ചലച്ചിത്ര വിഭാഗം അധ്യാപിക മെലിസ് ബെഹ്ലില്‍, ആസാമിലെ വനിതാ സര്‍വകലാശാലയിലെ സാംസ്‌കാരിക പഠനവിഭാഗം അധ്യാപിക ഡോ.മീനാക്ഷി ദത്ത എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഫിപ്രസ്‌കി അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതനഗെ ചെയര്‍മാനും ദക്ഷിണേഷ്യന്‍ ഗവേഷക മാരാ മറ്റ, ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയിരുന്ന വിദ്യാശങ്കര്‍ എന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി നെറ്റ്പാക് അവാര്‍ഡുകള്‍ നിര്‍ണയിക്കും. സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയര്‍മാനും സംവിധായിക വിധു വിന്‍സെന്റ്, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ അമിതവ ഘോഷ് എന്നിവര്‍ അംഗങ്ങളുമായ ജൂറി കെ.ആര്‍. മോഹനന്‍ അവാര്‍ഡ് നിര്‍ണയിക്കും.
ഹോമേജ്
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പത്തിന് വൈകിട്ട് 5.30-ന് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. കെ.ജി. ജോര്‍ജ്, കെ.പി. ശശി, ജനറല്‍ പിക്ചേഴ്സ് രവി, മാമുക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, പി.വി. ഗംഗാധരന്‍, നിരൂപകന്‍ ഡെറിക് മാല്‍ക്കം എന്നിവര്‍ക്ക് ചടങ്ങില്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. ടി.വി. ചന്ദ്രന്‍, കമല്‍, സിബി മലയില്‍, മുകേഷ്, ഫാ.ബെന്നി ബെനിഡിക്റ്റ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്
നാനാ പടേക്കർ | ഫോട്ടോ: എ.എഫ്.പി News courtesy : Mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group