കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം നടൻ രമേഷ് പിഷാരടി രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണ്, ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിൽ രാജി വിവരം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാന്‍ തനിക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിൽ വെച്ച് നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജഗദീഷിന്റെ അധ്യക്ഷതയിൽ ചേർന്ന താല്‍ക്കാലിക യോഗം തന്നെ കണ്‍വീനറായി തിരഞ്ഞെടുത്തതെന്ന് പിഷാരടി പറഞ്ഞു. എന്നാൽ, കണ്‍വീനർക്ക് അധികാരമില്ലെന്ന നിലയ്ക്കാണ് ഇപ്പോൾ കോടതിയുടെ സ്‌റ്റേ വന്നിരിക്കുന്നത്. കോടതി നിർദ്ദേശത്തെ മാനിച്ചും സ്വന്തം ധാര്‍മ്മിക ഉത്തരവാദിത്വം കണക്കിലെടുത്തുമാണ് താൻ മാറുന്നതെന്നും, സ്റ്റേയ്‌ക്കെതിരെ നിയമപോരാട്ടത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയിലാണ് എങ്ങനെയാണ് സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കിൽ ചോദിക്കാമെന്നും പിഷാരടി ചൂണ്ടിക്കാണിച്ചു.
അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചെങ്കിലും സംഘടനയുടെ മിനുട്‌സ് ബുക്കോ, പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകളുടെ താക്കോലുകളോ തങ്ങൾക്ക് കൈമാറിയിരുന്നില്ലെന്ന് പിഷാരടി വെളിപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്വേതാ മേനോൻ, അൻസിബ, ടിനി ടോം, ലക്ഷ്മിപ്രിയ തുടങ്ങിയവരുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ഇതിനിടെ ശ്വേതയുമായുള്ള തന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വ്യക്തിപരമായ വേദനയുണ്ടെന്നും, എവിടെനിന്നാണ് അത് റിലീസായതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കമ്മിറ്റി അവതരിപ്പിച്ച കണക്കുകൾ ജനറൽ ബോഡിയിൽ പാസാകാതിരുന്നതോടെയാണ് അവരുടെ മാൻഡേറ്റ് നഷ്ടപ്പെട്ടതെന്നും, എല്ലാവരും രാജിവെച്ച സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി വന്നതെന്നും വിശദീകരിച്ച പിഷാരടി, ഇനി 15 ദിവസം കഴിഞ്ഞ് ഇതൊരു താൽക്കാലിക രാജിയാണെന്ന് പറഞ്ഞ് താൻ തിരികെ വരില്ലെന്നും ഉറപ്പിച്ചുപറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































