നിയമസഭാ തിരഞ്ഞെടുപ്പ്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയക്കുരുക്കിൽ മുറുകി വിജയ് ചിത്രം 'ജനനായകൻ'. പൊങ്കൽ ഉത്സവത്തിൻ്റെ ഭാഗമായി ജനുവരി ഒൻപതിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് ഇപ്പോഴും കടുത്ത അനിശ്ചിതത്വത്തിൽ തുടരുന്നത്. മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ടിട്ടും സിനിമയുടെ കുരുക്കഴിയുന്നില്ല. വിജയ്‌യുടെ രാഷ്ട്രീയവളർച്ച തടയാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന ആരോപണവും ശക്തമായി. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.)നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കുന്ന സാഹചര്യത്തിൽ വോട്ടുകൾ തടയാനുള്ള ബി.ജെ.പി.യുടെ ഗൂഢനീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സെൻസർ ബോർഡിനെ ആയുധമാക്കിയെന്നുള്ള ആരോപണവും ശക്തമായിട്ടുണ്ട്. ജനനായകൻ വിഷയത്തിൽ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി വിധി പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രദർശനാനുമതി നിഷേധിച്ച് കേസ് സിംഗിൾ ബെഞ്ചിനുതന്നെ തിരിച്ചയച്ചു. സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ സെൻസർ ബോർഡിന് ഉചിതമായ സമയം നൽകണമെന്നും നിർദേശിച്ചു.
എന്നാൽ, സെൻസർ ബോർഡ് നാലാഴ്‌ച സമയം ചോദിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ മാത്രമേ സിംഗിൾ ബെഞ്ചിനു വിധി പറയാൻ സാധിക്കുകയുള്ളൂ. അപ്പോഴേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരാനുമാണ് സാധ്യത.
അപ്പോൾ 'ജനനായകൻ' വീണ്ടും താത്‌കാലികമായി പെട്ടിയിലാകും. ഏതെങ്കിലും പാർട്ടിയെയോ സ്ഥാനാർഥിയെയോ പ്രത്യയശാസ്ത്രങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതോ വിമർശിക്കുന്നതോ ആയ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം വരും.
പ്രത്യേകിച്ചും ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നതും സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നതുമായ രംഗങ്ങളുണ്ടെന്ന് ആരോപണമുള്ള സ്ഥിതിക്ക്. പ്രചാരണാവശ്യങ്ങൾക്കായി ഒരു സിനിമ ജനങ്ങളിലേക്ക് എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശ്വസിക്കുന്നെങ്കിൽ അതിന്റെ പ്രദർശനം, പരസ്യം മുതലായവയും നിരോധിക്കും.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിരുന്നു. നിർമാണ കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധിയിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. കോടതിനടപടികളും പിന്നിലെ രാഷ്ട്രീയ ഗൂഢനീക്കങ്ങളും തുടരുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമായിരിക്കും 'ജനനായകൻ വെളിച്ചം കാണുക.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത ജനനായകനിൽ ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാത്തതിനാൽ വൻ നഷ്‌ടം നേരിടുന്നുണ്ടെന്ന് നിർമാതാക്കൾ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










