
കൊച്ചി: സിനിമയിൽ 'ജാനകി' എന്ന പേര് ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി, സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ.-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിർമാതാക്കളായ 'കോസ്മോ എൻ്റർടെയ്ൻമെന്റ്സ് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.
ജാനകിയെന്ന പേര് പൊതുവേ ഉപയോഗിക്കുന്നതല്ലേ? സമാനപേരുകളിൽ നേരത്തേയും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. രാം ലഖൻ, സീത ഓർ ഗീത തുടങ്ങിയ പേരുകളിലെല്ലാം മുൻപ് സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയെന്നത് സിതയാണ്. അന്ന് ആർക്കും പരാതിയുണ്ടായിട്ടില്ല. അന്നില്ലാത്ത പ്രശ്നം ഇപ്പോൾ എന്താണെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചോദിച്ചു.
സെൻസർ ബോർഡിൻ്റെ റിവൈസിങ് കമ്മിറ്റി പരിശോധനയുടെ തീരുമാനം അറിയിക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞദിവസം കോടതി ഹർജി മാറ്റിയിരുന്നു. വെള്ളിയാഴ്‌ച ഹർജി പരിഗണിച്ചപ്പോൾ തീരുമാനം ഹാജരാക്കാതിരുന്നതിനെത്തുടർന്ന് ഹർജി ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി
പിന്നീട് പരിഗണിച്ചപ്പോൾ സിനിമയുടെ പേരിലും സംഭാഷണങ്ങളിലും ജാനകി എന്ന് ഉപയോഗിച്ചിട്ടുള്ളിടത്ത് മാറ്റംവരുത്തിയാൽ സർട്ടിഫിക്കറ്റ് നൽകാം എന്നുള്ള ഉത്തരവിൻ്റെ ഉള്ളടക്കം സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
ഇത്തരമൊരു ഭേദഗതിയുടെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. ജാതീയ, വംശീയ വിദ്വേഷത്തിന് കാരണമാകുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ലെന്ന മാർഗരേഖ ലംഘിക്കപ്പെട്ടെന്ന് സെൻസർ ബോർഡ് അഭിഭാഷക പറഞ്ഞു. ഈ സിനിമയിൽ എങ്ങനെയാണ് ഇത് ബാധകമാവുകയെന്ന് കോടതിയും ചോദിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമവും ലൈംഗികച്ചുവയുള്ള ഭാഷയും ഈ കോർട്ട് റൂം ഡ്രാമ സിനിമയിലുണ്ടെന്ന് അഭിഭാഷക പറഞ്ഞു.
റിവൈസിങ് കമ്മിറ്റി സിനിമ വിലയിരുത്തിയശേഷം സെൻസർ ബോർഡ് ഇറക്കിയ ഉത്തരവ് ഹാജരാക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group