
തിരുവനന്തപുരം സിനിമാപ്പാട്ട് എഴുത്തുകാരൻ്റെ മൗലികസൃഷ്ടിയല്ലെന്നും കഥാപാത്രത്തിനുവേണ്ടി നടത്തുന്ന പരകായപ്രവേശനമാണെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു. ചലച്ചിത്രഗാന നിരൂപണരംഗത്ത് എഴുത്തിന്റെ 50 വർഷം പിന്നിട്ട ടി.പി. ശാസ്തമംഗലത്തിന് ഭാരത് ഭവനും ശ്രുതിസാഗര കൾച്ചറൽ സൊസൈറ്റിയും ഒരുക്കിയ ആദരസദസ്സിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഹൃദയസരസ്സിലെ പ്രണയപുഷ്‌പമേ... എന്ന പാട്ടിൽ പ്രേംനസീറും ഷീലയുമാണുള്ളത്. ശ്രീകുമാരൻതമ്പി എന്ന പാട്ടെഴുത്തുകാരന് പാട്ടിൽ സ്ഥാനമില്ല. നടൻ സോമനുവേണ്ടി 'ചാലക്കമ്പോളത്തിൽ വച്ച്... എന്ന പാട്ടെഴുതുമ്പോൾ ഹൃദയസരസ്സിലെ എന്ന ഗാനം മനസ്സിലില്ലായിരുന്നു. ഓരോ പാട്ടിനും സന്ദർഭത്തിനനുസരിച്ചുള്ള ഭാഷ തിരഞ്ഞെടുക്കണം. ജീവിതത്തിൽ ഒരിക്കൽപ്പോലും മദ്യപിച്ചിട്ടില്ലാത്ത ഞാൻ 'ഒന്നുചിരിക്കാൻ എല്ലാം മറക്കാൻ ഒരിക്കൽക്കൂടി ഞാൻ കുടിച്ചോട്ടെ' എന്ന പാട്ടെഴുതി. എന്നാൽ, സിനിമാപ്പാട്ടെഴുത്ത് നിസ്സാരകാര്യമല്ലെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.
കവിത കവിയുടെ മനസ്സും ദർശനവുമാണ്. ചലച്ചിത്രഗാനം അതല്ല. അപൂർവമായി മറിച്ചു സംഭവിക്കാം. ചലച്ചിത്രഗാനങ്ങളുടെ നിരൂപണവും സാഹിത്യനിരൂപണത്തിൽനിന്നു വ്യത്യസ്‌തമാണ്. ഗാനരചനയിലുണ്ടായ അപചയം നിരൂപണത്തിലും ഉണ്ടായിട്ടുണ്ട്. മലയാളഭാഷയിൽ ചലച്ചിത്രഗാന നിരൂപണമെന്ന പ്രത്യേക മേഖല തുറന്നുവച്ച ടി.പി. ശാസ്തമംഗലം ഇക്കാര്യത്തിൽ വ്യത്യസ്‌തനാണെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.
മന്ത്രി ജി.ആർ. അനിൽ ആദരസദസ്സ് ഉദ്ഘാടനം ചെയ്‌തു. രചന മെച്ചപ്പെടാൻ നല്ല നിരൂപണം സഹായിക്കുമെന്നും ഈ രംഗത്ത് ടി.പി. ശാസ്തമംഗലത്തിന്റെ കർമം സാർഥകമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷനായി. കവി പ്രഭാവർമ, ഡോ. ബി. അരുന്ധതി, ശ്രുതിസാഗര സെക്രട്ടറി എം.എസ്. മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
അനുബന്ധമായി നടന്ന സെമിനാർ ഡോ. പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡോ. ബി.വി. ശശികുമാർ, റോസ്മേരി, രവി മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group