
ചൂടേറിയ വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ് വിവരങ്ങള്‍ പുറത്ത്. എമ്പുരാന്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് 'കട്ട്' നിര്‍ദേശിച്ചത് രണ്ടുഭാഗങ്ങള്‍ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിട്ടുള്ള സെന്‍സര്‍ ബോര്‍ഡാണ് രണ്ടുഭാഗങ്ങള്‍ മാത്രം സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നതായിരുന്നു എമ്പുരാനില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യത്തെ നിര്‍ദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാനും നിര്‍ദേശിച്ചു. സെന്‍സറിങ്ങിനിടെ ഈ രണ്ടുഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് 'കത്രിക' വെച്ചത്.
മാര്‍ച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ 'എമ്പുരാന്‍' സിനിമയ്‌ക്കെതിരേ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പല ബിജെപി പ്രവര്‍ത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം. എന്നാല്‍, സിനിമയെപ്പറ്റി പ്രചാരണചര്‍ച്ച വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. എമ്പുരാന്‍ എന്നല്ല ഒരുസിനിമയെയും ബിജെപി എതിര്‍ക്കുന്നില്ലെന്ന് കഴിഞ്ഞദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സെക്രട്ടറി എസ്.സുരേഷ് എന്നിവര്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് എം.ടി.രമേശിന്റെയും പ്രതികരണം. എമ്പുരാന്‍ സിനിമ താന്‍ കാണുമെന്നും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group