തലയോലപ്പറമ്പ് : ഒന്നരലക്ഷം രൂപ മാസശമ്പളം കിട്ടിയിരുന്ന വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് ഫാം നടത്താനിറങ്ങിയ തീരുമാനത്തെ വിമർശിച്ചവർക്കു മുൻപിൽ വിജയഗാഥ രചിക്കുകയാണ് ആൽവിൻ ജോർജ്. വ്യത്യസ്തയിനങ്ങളിൽപ്പെട്ട 45 പശുക്കളുള്ള ജിയോ ഫാമിൽ ഒരുദിവസത്തെ പാലുത്‌പാദനം 375 ലിറ്റർ.
മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്., മാർക്കറ്റിങ്ങിൽ എം.ബി.എ. ബിരുദാനന്തര ബിരുദധാരി. ഹൈസിഡ്രൊൺ എന്ന അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളുടെയും സെയിൽസ് വിഭാഗം തലവനായി മൂന്നുവർഷം ജോലി ചെയ്തു. തലയോലപ്പറമ്പ് അരയത്തേൽ ജോർജിന്റെയും അച്ചാമ്മയുടെയും മകൻ 38-കാരനായ ആൽവിന്റെ പശ്ചാത്തലം ഇങ്ങനെ ചുരുക്കാം.
10 വർഷംമുമ്പ് നാട്ടിൽതന്നെ സ്വന്തമായി ഐ.ടി. സംരംഭം തുടങ്ങി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, വാഹനങ്ങളുടെ സോഫ്റ്റ്‌വേയർ നിർമാണം എന്നിവയായിരുന്നു സംരംഭം. ഇതിനൊപ്പം വീടിനോടുചേർന്ന് പശുഫാമും തുടങ്ങി. സ്ഥലപരിമിതി മൂലം പിന്നീട് പെരുവ കുന്നപ്പള്ളിക്ക് സമീപമുള്ള മൂന്നേക്കർ സ്ഥലത്തേക്ക് ജിയോ ഫാംസ് വിപുലമായി മാറ്റി സ്ഥാപിച്ചു. ഇപ്പോൾ എറണാകുളത്ത് ഫ്ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് 250 ലിറ്റർ പാൽ ദിവസേന എത്തിച്ചുനൽകുന്നു. ബാക്കി പാൽ തലയോലപ്പറമ്പ് ക്ഷീരസംഘത്തിലും നൽകുന്നു.
പശുക്കളെ കുളിപ്പിക്കുന്നതിനും തീറ്റ കൊടുക്കന്നതിനും കറവയ്ക്കുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക സജ്ജീകരണമാണ് ഫാമിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചെമ്മരിയാട്, ഇറച്ചിക്കുള്ള ഹൈബ്രിഡ് ആടുകൾ, വിവിധയിനം മത്സ്യങ്ങൾ, താറാവ് എന്നിവയെയും വളർത്തുന്നുണ്ട്. ഫാമിൽനിന്ന് പ്രതിമാസം മൂന്നുലക്ഷം രൂപ ശരാശരി വരുമാനം ലഭിക്കുന്നുണ്ടെന്ന് ആൽവിൻ പറഞ്ഞു. ഫാമിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസിൽനിന്ന് സി.എൻ.ജി. (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഉത്പ്പാദിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. നാട്ടുകാരായ 10 തൊഴിലാളികൾക്ക് ജോലിനൽകുന്നുണ്ട്. ആൽവിന്റെ മാതാപിതാക്കളും ഭാര്യ ഡിനുമോളും സഹായത്തിനായി ഫാമിലുണ്ട്. മക്കൾ: ആഞ്ജലീന, ബർന്നീസ്, കരോളിൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group