ബദിയഡുക്ക : കടകോലെടുത്ത് തൈര് കടയുന്നതെല്ലാം ഇന്ന് അപൂർവ കാഴ്ചയാണ്. എന്നാൽ ഉക്കിനടുക്ക കാര്യാട് ഗ്രാമത്തിലെ വനജയുടെ ദിവസം ആരംഭിക്കുന്നത് തൈര് കടഞ്ഞുകൊണ്ടാണ്. കടകോലിൽ കടഞ്ഞെടുക്കുന്ന നെയ്യാണ് വനജയെ ജില്ലയിലെ തന്നെ മികച്ച ഭക്ഷ്യ സംരംഭകയാക്കി മാറ്റിയത്. ഡിസംബർ 10-ന് കുടുംബശ്രീ ജില്ലാ മിഷൻ ഇവരെ മികച്ച ഭക്ഷ്യ സംരംഭകയായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു.
ഇവരുടെ അതിഥി ഭക്ഷ്യസംരംഭത്തിന്റെ പ്രധാന ഉത്പന്നമാണ് നെയ്യ്. കുടുംബശ്രീ സ്റ്റാളുകളിലും ചില കടകളിലും ഇത് വില്പനയ്ക്ക് വെക്കാറുണ്ട്. പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന ഈ നെയ്യ് വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. തപാൽ മാർഗമാണ് നെയ്യ് എത്തിക്കുന്നത്. മോര്, അച്ചാർ, കായവറുത്തത് എന്നിവയും ഇവർ വില്പനനടത്തുന്നുണ്ട്. ഇതുകൂടാതെ വീട്ടുപറമ്പിൽ ഉണ്ടാക്കുന്ന പച്ചക്കറിയും ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
കേരളത്തിലെ ഏറ്റവും പുരാതന ഗോത്രവർഗമായ കൊറഗ വിഭാഗത്തിൽ ജനിച്ച വനജയ്ക്ക് ജീവിത പ്രാരബ്ധങ്ങളാണ് കുഞ്ഞുനാൾതൊട്ടുള്ള കൂട്ട്. ഭാരിദ്ര്യം, അച്ഛനമ്മമാരുടെ രോഗം എന്നിവമൂലം സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിന്നുപോയി. വിവാഹം കഴിഞ്ഞ് മക്കളും പിറന്നശേഷം 2013-ൽ തുല്യതാ പരീക്ഷയിലൂടെയാണ് പത്താം ക്ലാസ് പാസ്സായത്.
എന്ത് ജോലിചെയ്തും കുടുംബത്തിന് താങ്ങാവണമെന്ന ദൃഢനിശ്ചയത്തിനുമുന്നിൽ കടമ്പകൾ പലതായിരുന്നു. കാര്യമായ വരുമാനമൊന്നുമില്ലാത്ത പരമ്പരാഗത കൊട്ടമെടയൽ ജോലിയിൽനിന്ന് വഴിമാറിനടക്കാൻ തീരുമാനിച്ചു. മരപ്പണിചെയ്യുന്ന ഭർത്താവ് ബാലകൃഷ്ണനും പിന്തുണച്ചു.
ഇതിനിടെ 2018-ൽ കുടുംബശ്രീ ആനിമേറ്ററായി ജോലിയാരംഭിച്ചു. ഇതാണ് ജീവിതത്തിലെ വഴിത്തിരിവായത്. കൊറോണക്കാലത്ത് വീട്ടിൽ അടച്ചിടപ്പെട്ട സമയത്ത് പച്ചക്കറി കൃഷിയിലൂടെ വരുമാനംകണ്ടെത്താൻ കഴിഞ്ഞത് തുണയായി. നെയ്യുണ്ടാക്കാനായി പാല് വാങ്ങിയാണ് തൈരാക്കുന്നത്. വെണ്ണയെടുത്തശേഷം മോരും കടകളിലൂടെ ആവശ്യക്കാർക്ക് കൊടുക്കുന്നു. പഠനത്തിനിടയിലും മക്കളായ ഹരിപ്രസാദും ശിവപ്രകാശും ജോലികളിൽ ഇവരെ സഹായിക്കാനുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group