പന്തളം : മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും ആരോഗ്യം നൽകാനുള്ള അമൃതം പൊടിയുമായി മുന്നേറുകയാണ് കുരമ്പാലയിൽ പ്രവർത്തിക്കുന്ന പഞ്ചമി ന്യൂട്രിമിക്‌സ് യൂണിറ്റ്. ആരോഗ്യദായകമായ വിവിധ ധാന്യങ്ങൾ പൊടിച്ചുണ്ടാക്കുന്ന പൊടി സംയോജിത ശിശുവികസന പദ്ധതിവഴിയാണ് അമ്മമാരിലും ആറുമാസം മുതൽ മൂന്ന് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളിലുമെത്തിക്കുന്നത്.
2006-ൽ തുടങ്ങിയ കുടുംബശ്രീ പദ്ധതി തടസ്സങ്ങളില്ലാതെ മുന്നേറുകയാണ്. സർക്കാർ തലത്തിൽ വിതരണം നടത്തുന്നതിനാൽ പണം കൃത്യമായി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നതൊഴിച്ചാൽ പദ്ധതി വിജയകരമാണ്. ആറുപേർ ചേർന്നാണ് യൂണിറ്റിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഗോതമ്പ്, സൊയാബിൻ, കപ്പലണ്ടി, കടലപ്പരിപ്പ് എന്നിവ കഴുകി വറത്ത് പൊടിച്ചതും സർക്കാരിൽനിന്നു നൽകുന്ന വൈറ്റമിനുകളും പഞ്ചസാരയും കൃത്യമായ അനുപാതത്തിൽ ചേർത്താണ് ന്യൂട്രിമിക്‌സ് തയ്യാറാക്കുന്നത്.
ഭക്ഷണപദാർത്ഥമായതിനാലും കുട്ടികൾക്ക് നൽകേണ്ട ഉത്പന്നമായതിനാലും അതീവ ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് ഇതിന്റെ ഉത്പാദനം. കൺസ്യൂമർ ഫെഡാണ് ഗുണമേന്മയുള്ള ധാന്യങ്ങൾ വിതരണംചെയ്യുന്നത്. മൂന്ന് നഗരസഭകളിലും നാല് പഞ്ചായത്തുകളിലുമുള്ള അങ്കണവാടികളിലാണ് ഇത് വിതരണം ചെയ്യുന്നത്. പുറത്ത് വിൽക്കാൻ അനുമതിയുമില്ല. കെ.ശ്രീകല പ്രസിഡന്റായും എൻ.ആർ.ദിവ്യ സെക്രട്ടറിയായും പ്രവർത്തിക്കുന്ന യൂണിയനിൽ എ.മായാദേവി, എസ്.ശ്രീകല, ഉഷാകുമാരി, രമാ ബാനർജി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഗുണമേന്മയ്‌ക്കൊപ്പം അംഗങ്ങൾക്കും ഗുണം ലഭിക്കണം
ഗുണമേന്മയുള്ള ഉത്പന്നമുണ്ടാക്കി കൃത്യമായി വിതരണംചെയ്യുന്ന ഗ്രൂപ്പിനും കൃത്യനിഷ്‌ഠയോടെ ജോലിചെയ്യുന്ന അംഗങ്ങൾക്കും സുഗമമായി മുന്നോട്ടുപോകാൻ ന്യായമായ വേതനവും കൃത്യമായി പണവും ലഭിക്കേണ്ടതുണ്ട്. സാധനങ്ങളുടെ വില വർധനയ്‌ക്കനുസരിച്ച് ഉത്പന്നത്തിന് വില കൃത്യമായി ലഭിച്ചാൽ ആറുപേരടങ്ങുന്ന യൂണിറ്റിന് ഒരു തടസ്സവും കൂടാതെ മുന്നോട്ടുപോകുവാനാകും. ഇതിനായി സർക്കാർതലത്തിൽത്തന്നെ തീരുമാനങ്ങളുണ്ടാകണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group