കൊടുമൺ: കാർഷികമേഖലയിൽ വ്യത്യസ്തമായ പ്രവർത്തനംകൊണ്ട് ശ്രദ്ധേയമാകുകയാണ് കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. 2022 ഫെബ്രുവരി 21-ന് കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനമാരംഭിച്ചു. കൊടുമൺ പഞ്ചായത്തിലും സമീപപഞ്ചായത്തുകളിലുമായി 18 ഗ്രൂപ്പുകളുണ്ട്. ഇവയിലെ 320 കർഷകർ ഓഹരി ഉടമകളാണ്. 12-അംഗ ഡയറക്ടർ ബോർഡും സി.ഇ.ഒ.യും ചേർന്നാണ് കമ്പനിയുടെ ദൈനംദിന ഭരണം നിർവഹിക്കുന്നത്. കമ്പനിയുടെ പ്രവർത്തന പരിധി പറക്കോട് ബ്ലോക്കിലെ കൊടുമൺ, കലഞ്ഞൂർ, ഏനാദിമംഗലം, കടമ്പനാട്, ഏറത്ത്, പള്ളിക്കൽ, ഏഴംകുളം പഞ്ചായത്തുകളും പന്തളം ബ്ലോക്കിലെ പന്തളം തെക്കേക്കര, കോന്നി ബ്ലോക്കിലെ വള്ളിക്കോട് പഞ്ചായത്തുകളും ചേർന്നാണ്. എ.എൻ.സലീമാണ് കമ്പനിയുടെ ചെയർമാൻ.
കൊടുമൺ ഹണി
കൊടുമൺ കൃഷിഭവന്റെയും മാവേലിക്കര ഹോർട്ടികോർപ്പിന്റെയും സഹായത്തോടെ 58 തേനീച്ചക്കർഷകരെ സംഘടിപ്പിച്ച് തേനീച്ചക്കൃഷി ആരംഭിച്ചു. ഹണി കർഷകർ ഉത്പാദിപ്പിച്ച 113 കിലോഗ്രാം തേൻ കമ്പനി വിലയ്ക്കുവാങ്ങി മാവേലിക്കര ഹോർട്ടി കോർപ്പ് മുഖേന പ്രോസസ് ചെയ്‌ത് കൊടുമൺ ഹണിലേബലിൽ വിപണിയിലിറക്കി. കൊടുമൺറൈസ് പോലെ കൊടുമൺ ഹണിയും പ്രിയങ്കരമായി മാറി.
ഫ്ളോറി വില്ലേജ്
പഞ്ചായത്തിൽ 1800 ഹെക്ടർ സ്ഥലം റബ്ബർത്തോട്ടങ്ങളാണ്. റബ്ബറിൽനിന്ന് മികച്ച വരുമാനം ലഭ്യമല്ലാത്തതിനാൽ റബ്ബർകർഷകരെ സഹായിക്കുന്നതിനായി പന്നിശല്യമില്ലാത്ത ഇടവിളകൃഷിയെന്ന നിലയിൽ അലങ്കാരച്ചെടി കൃഷിയിലേക്ക് കമ്പനി ശ്രദ്ധ തിരിച്ചു. കമ്പനിയുടെ ഷെയർ എടുത്തിട്ടുള്ള 50 കർഷകരെ സംഘടിപ്പിച്ച് സോങ് ഓഫ് ഇന്ത്യ, സോങ് ഓഫ് ജെമൈക്ക, മെസഞ്ചിയാന, ഡ്രെസീനിയ വർഗത്തിൽപ്പെട്ട അലങ്കാരച്ചെടികളും ഹെലികോണിയ, ആനിബ്ലാക്ക്, മാരിഗോൾഡ് എന്നീ പൂച്ചെടികളും കർഷകർക്ക് നൽകി. കർഷകർ ഉത്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങൾ കമ്പനി ശേഖരിച്ച് കയറ്റുമതിയിലൂടെ മെച്ചപ്പെട്ട വില കർഷകർക്ക് നൽകുകയെന്നുള്ളതാണ് ലക്ഷ്യം. കൊടുമൺ രൂചീസ്, ഇടത്തിട്ടയിലെ കർഷകമിത്ര ഇക്കോഷോപ്പ്, കൊടുമൺ ഇക്കോഷോപ്പ്, പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലെ ഇക്കോഷോപ്പ്, ചന്ദനപ്പള്ളി നഴ്‌സറി, ഇടത്തിട്ടയിലെ നെല്ല്, അരി സംഭരണ-വിപണന ഗോഡൗൺ എന്നിവ കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
മറ്റ് പ്രവർത്തനങ്ങൾ
ട്രാക്‌ടർ, ട്രില്ലർ, നടീൽ, കൊയ്ത്തുയന്ത്രങ്ങൾ, വിത്ത്, വളം, കീടനാശിനി, ഡ്രോൺ, നഴ്‌സറികൾ സ്ഥാപിച്ച് ഗുണമേന്മയുള്ള നടീൽവസ്തുക്കൾ ഉറപ്പാക്കൽ, ഹൈടെക്ക് കൃഷിയുടെ പ്രോത്സാഹനം, കർഷകർക്ക് കൃഷിക്കാവശ്യമായ വായ്‌പാ സൗകര്യങ്ങൾ ഉറപ്പാക്കൽ, കാർഷിക ഉപകരണങ്ങളുടെയും വിളകളുടെയും ഇൻഷുറൻസ് സൗകര്യങ്ങൾ ഉറപ്പാക്കൽ, ലേബർ ബാങ്ക് പിൻതുണ, കാർഷിക മേഖലയിലെ പുതിയ പ്രവണതകളുടെ പ്രോത്സാഹനം, കർഷകർക്ക് ആവശ്യമായ കൺസൾട്ടൻസി സേവനങ്ങൾ ഉറപ്പാക്കൽ, മെച്ചപ്പെട്ട കാർഷിക സ്ഥാപനങ്ങളുമായി കർഷകരെ ബന്ധിപ്പിക്കൽ, വിളവെടുപ്പിനുശേഷമുള്ള ഉത്പന്നങ്ങളുടെ ശേഖരണവും സംഭരണവും വിളകൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കൽ, ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തൽ,ആധുനിക കൃഷി രീതികൾ പഠിക്കുന്നതിനും മൂല്യവർധിത ഉത്‌പാദന യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കാനും പഠനയാത്രകൾ തുടങ്ങിയവ കമ്പനി നൽകുന്ന സേവനങ്ങളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group