5000 രൂപയിൽ തുടക്കം, നാല് തുള്ളിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക്; ഉജാലയുടെ നീലംമുക്കിയ കഥ

5000 രൂപയിൽ തുടക്കം, നാല് തുള്ളിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക്; ഉജാലയുടെ നീലംമുക്കിയ കഥ
5000 രൂപയിൽ തുടക്കം, നാല് തുള്ളിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക്; ഉജാലയുടെ നീലംമുക്കിയ കഥ
Share  
2024 Sep 22, 02:21 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

5000 രൂപയിൽ തുടക്കം,

നാല് തുള്ളിയിൽ നിന്ന്

കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക്;

ഉജാലയുടെ നീലംമുക്കിയ കഥ


വെറും നാല് തുള്ളിയിലൂടെ തൂവെള്ള തുണികളുടെ

വെണ്‍മ നിലനിര്‍ത്താന്‍ നമ്മളെ പഠിപ്പിച്ച ഉജാല.

കേരളത്തില്‍ പിറന്ന് രാജ്യമെങ്ങും വ്യാപിച്ച ഉജാല മാര്‍ക്കറ്റിലെ ആദ്യത്തെ നീലം ആയിരുന്നില്ല.

പക്ഷേ, പോകപ്പോകെ നീലം എന്നാല്‍ ഇന്ത്യയ്ക്ക് ഉജാല മാത്രമായി മാറി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഉജാല എങ്ങനെയാണ് ദേശങ്ങള്‍ കീഴടക്കിയത്? കാലത്തിനൊപ്പം സഞ്ചരിച്ച ജ്യോതി ലാബ്‌സിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു?

images-(2)

തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരംകര്‍ഷകകുടുംബത്തില്‍ ജനിച്ച എംപി രാമചന്ദ്രന്‍

എന്ന ബിസിനസ്സുകാരനാണ് നമ്മുടെ സ്വന്തം ഉജാലയ്ക്ക് പിറവി നല്‍കിയത്. വലുതാകുമ്പോള്‍ ഡോക്ടറാവണമെന്നായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. സ്‌കൂള്‍ പഠനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്നെങ്കിലും മാര്‍ക്ക് കുറവായിരുന്നു.

അങ്ങനെ, മെഡിസിന്‍ എന്ന സ്വപ്നം ഉപേക്ഷിച്ച് തൃശ്ശൂരിലെ സെന്റ് തോമസ് കോളേജില്‍ ബി.കോമിന് ചേര്‍ന്നു.


capture

അത് പൂര്‍ത്തിയാക്കിയതോടെ അക്കൗണ്ടിങ്ങില്‍ ഉന്നത പഠനം നടത്താനായി കൊല്‍ക്കത്തയിലെത്തി. പഠനത്തിനുശേഷം 1971ല്‍ മുംബൈയിലുമെത്തി.

ആദ്യം വിദ്യാഭ്യാസ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലായിരുന്നു തുടക്കം.

പിന്നീട് മുംബൈയില്‍ തന്നെയുള്ള ഒരു കെമിക്കല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി.

അന്ന് 150 രൂപയായിരുന്നു ശമ്പളം. ജോലിക്കിടെ ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദവും നേടി.

ഇതിനിടെ വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയെയും മുംബൈയിലേക്ക് ഒപ്പം കൂട്ടി. അതിനോടകം ജോലി ചെയ്തു തുടങ്ങിയ കാലം മുതല്‍ സ്വരുക്കൂട്ടിയ പണം കൊണ്ട് മുംബൈയില്‍ ഒരു ചെറിയ ഫ്‌ളാറ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഇതിനിടയിലാണ് ജോലി ചെയ്തിരുന്ന കെമിക്കല്‍ കമ്പനി പ്രതിസന്ധിയിലായത്.

1981ഓടെ കമ്പനി പൂട്ടി. അതോടെ സ്ഥിരമായ ജോലി എന്ന ഉറപ്പും ഇല്ലാതായി.

കമ്പനി പൂട്ടിയെങ്കിലും അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്ത ആൾ എന്ന നിലയിൽ കണക്കുകള്‍ തീര്‍ക്കേണ്ടതിനാല്‍ കുറച്ച് കാലം കൂടെ അദ്ദേഹത്തിന് ജോലിയില്‍ തുടരേണ്ടിവന്നു.

കമ്പനിയിലെ അക്കൗണ്ടിങ് ജോലി ചെയ്യുന്നുണ്ടെങ്കിലും അതിനിടെ തന്നെ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നു.

അങ്ങനെ 1983ലാണ് രാമചന്ദ്രന്‍ തന്റെ ആദ്യ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

നീലം മാര്‍ക്കറ്റിലെ മലയാളിപ്പെരുമ

വെള്ള വസ്ത്രങ്ങളായിരുന്നു എംപി രാമചന്ദ്രന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. വസ്ത്രത്തിന് വെണ്‍മ വരുത്താന്‍ വെള്ളത്തില്‍ നീലത്തിന്റെ കട്ട അലിയിച്ച് കഴുകിയ തുണി ഇതിൽ മുക്കി ഉണക്കും.

എന്നാല്‍ എല്ലാ തരികളും പൂര്‍ണമായും അലിയാതെ ചിലത് വസ്ത്രങ്ങള്‍ പറ്റിപ്പിടിച്ച് അടയാളങ്ങളുണ്ടാക്കുമായിരുന്നു.

ഇത് തന്നെയായിരുന്നു നീലം കട്ടയുടെ പോരായ്മ. ഇത് പരിഹരിക്കുന്നതിനായാണ് ദ്രാവകരൂപത്തില്‍ നീലം ഉണ്ടാക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചുതുടങ്ങിയത്. അങ്ങനെയാണ് തുള്ളി നീലം നിര്‍മിക്കുന്നതിലേക്ക് രാമചന്ദ്രന്‍ എത്തുന്നത്.


വെള്ളത്തുള്ളികളാവുമ്പോൾ അത് വെള്ളത്തില്‍ പെട്ടന്ന് അലിഞ്ഞുചേരുകയും പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കുകയും ചെയ്യും.

ഫലമെന്തായാലും പരീക്ഷിച്ചുനോക്കാന്‍ തന്നെയായിരുന്നു രാമചന്ദ്രന്റെ തീരുമാനം.

1983-ല്‍ വെറും 5,000 രൂപയുടെ മൂലധനവുമായാണ് രാമചന്ദ്രന്‍ തന്റെ ആദ്യത്തെ ബിസിനസ്സ് ആരംഭിച്ചത്.

മൂത്തമകളുടെ പേരായിരുന്നു സംരംഭത്തിന് നല്‍കിയത്;

ജ്യോതി ലബോറട്ടറീസ്. വെളുത്ത വസ്ത്രങ്ങളുടെ വെണ്‍മ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന തുള്ളിനീലമായിരുന്നു ആദ്യമായി നിര്‍മിച്ചത്.




71430-2

ഉജാല സുപ്രീം എന്നായിരുന്നു ബ്രാന്‍ഡിന്റെ പേര്. അന്ന് വിപണിയിലുണ്ടായിരുന്ന പൊടിനീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉന്നതഗുണനിലവാരത്തിലുള്ള ഉത്പന്നമായിരുന്നു ഉജാല തുള്ളിനീലം.

മറ്റ് നീലം പൊടികള്‍ വസ്ത്രങ്ങളില്‍ പൊടികളായോ പാടുകളായോ അവശേഷിക്കുമ്പോള്‍ തുള്ളിനീലം പൂര്‍ണമായും വെള്ളത്തില്‍ അലിയുകയും തരികളോ കുത്തുകളോ അവശേഷിപ്പിക്കാതെ വെളുത്ത തുണികളില്‍ വൃത്തിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഉജാല എന്ന നീലം തുള്ളി അദ്ദേഹം കണ്ടുപിടിച്ചത്.

പലതരം രാസവസ്തുക്കളും നിറങ്ങളും കൂട്ടിയും കുറുക്കിയും ഒടുവില്‍ വയലറ്റ് നിറത്തിലുള്ള തുള്ളിനീലവുമായി അദ്ദേഹം രംഗത്തെത്തുകയായിരുന്നു.

ഉജാല എന്ന പേരില്‍ നീലം മാര്‍ക്കറ്റലിറക്കിയതിനൊപ്പം ഉജാലയെ കുറിച്ച് അവബോധമുണ്ടാക്കാനായി നാല് സെയില്‍സ് ഗേള്‍സിനേയും അദ്ദേഹം ജോലിക്ക് നിയമിച്ചു.


1632825536_ujala-supreme-fabric-whitener-free-exo-dish-wash-bar-85-g-1625211289-10024058-1

വീട്ടമ്മമാരിലേക്ക് നേരിട്ട് ഉജാല എത്തിക്കാനും അതിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കാനുമായി അദ്ദേഹം സ്വീകരിച്ച മാര്‍ഗമായിരുന്നു ഇത്.

റോബിന്‍ ബ്ലു, റാണിപാല്‍ തുടങ്ങി വലുതും ചെറുതുമായ നിരവധി നീലം മാര്‍ക്കറ്റില്‍ മത്സരത്തിനുണ്ടായിരുന്ന കാലത്താണ് ഉജാലയുടെ വരവ്.

തങ്ങളുടേതായ വിപണി പിടിക്കുക എന്നത് ഉജാലയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ അധ്വാനം തന്നെയായിരുന്നു.

തുണികളുടെ വെണ്മ നിലനിര്‍ത്താന്‍ നീലം പൊടികളും ബ്ലീച്ചും മാത്രം നിലവിലുണ്ടായിരുന്ന ഈ കാലത്ത് തുള്ളികളായി നീലം ഉത്പാദിപ്പിച്ച് രംഗത്തെത്തിയെന്നതായിരുന്നു ഉജാലയുടെ പ്രത്യേകത.

പൊടികള്‍ ഉപയോഗിക്കുന്നത് തുണികളില്‍ കറകളും കുത്തുകളും അവശേഷിപ്പിക്കുമ്പോള്‍ തുള്ളിനീലം അതിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് ഉജാല അവരുടെ മാര്‍ക്കറ്റിങ് നടത്തിയത്.

അന്ന് റെക്കിറ്റ് ബെന്‍കൈസര്‍ പുറത്തിററക്കുന്ന റോബിന്‍ ബ്ലു ആയിരുന്ന നീലം മാര്‍ക്കറ്റിലെ പ്രബലന്‍.

എന്നിരുന്നാലും തുടക്കത്തില്‍ അനുകൂലമായ പ്രതികരണമായിരുന്നില്ല മാര്‍ക്കറ്റില്‍ നിന്ന് ഉജാലയ്ക്ക് ലഭിച്ചിരുന്നത്.

വിപണി പിടിക്കാനാവാതെ കമ്പനി പൂട്ടിപ്പോവുമെന്നസ്ഥിതിയിലേക്കെത്തിയപ്പോഴാണ് മലപ്പുറം ജില്ലയിലെ ഒരു റീട്ടെയിലറില്‍ നിന്ന് 1000 കുപ്പി ഉജാലയുടെ ഓര്‍ഡര്‍ കമ്പനിക്ക് ലഭിക്കുന്നത്.

അതായിരുന്നു, അണഞ്ഞുപോകുമെന്ന് തുടങ്ങിയ കമ്പനിക്ക്, വീണ്ടും മുന്‍പോട്ട് പോകാനുള്ള ഇന്ധനം നല്‍കിയത്.



capture_1726994380

ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച ജ്യോതി ലാബ്‌സ്


തൃശ്ശൂര്‍ കണ്ടാണശ്ശേരിയില്‍ അച്ഛന്റെ സ്ഥലത്ത് ഒരു ഷെഡ്ഡില്‍നിന്നായിരുന്നു ജ്യോതി ലാബിന്റെ പ്രവര്‍ത്തനം.

ആദ്യ വര്‍ഷം 40,000 രൂപയുടെ വില്‍പനയാണ് ഉജാല തുള്ളിനീലത്തിനുണ്ടായത്.

ആദ്യം തൃശ്ശൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഉജാലയുടെ വിപണനം.

പിന്നീട് മറ്റ് ജില്ലകളിലേക്കും വിപണി വളര്‍ന്നു. ഉജാലയുടെ പ്രവര്‍ത്തനക്ഷമത കൊണ്ടുതന്നെ അതിന്റെ വില്‍പന കൂടിക്കൊണ്ടിരുന്നു.

തുള്ളിനീലം ഉത്പാദിപ്പിക്കുമെങ്കിലും അത് വില്‍ക്കുന്ന ബോട്ടില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തായിരുന്നു ഉജാല വില്‍പന നടത്തിയിരുന്നത്.

ആ ബോട്ടിലിന് വലിയ വിലയായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്.

അങ്ങനെ താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയുടെ ഉപദേശപ്രകാരം പ്ലാസ്റ്റിക് ബോട്ടിലുകളും അദ്ദേഹം തന്റെ കമ്പനിയില്‍ നിന്ന് നിര്‍മിക്കാന്‍ തുടങ്ങി.

അതോടെ, ബോട്ടിലിന്റെ ചെലവ് പകുതിയായി കുറഞ്ഞു. ഉജാല വില്‍പനയുടെ ലാഭവും ഇത് വര്‍ധിപ്പിച്ചു.

1987ലാണ് കേരളത്തില്‍ നിന്ന് ഉജാല അവരുടെ വിപണി തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചത്. അതിനിടെ തന്നെ പത്രമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാനും തുടങ്ങിയിരുന്നു. തുണികളുടെ വെണ്‍മയ്ക്ക് 'നാല് തുള്ളി മാത്രം' എന്ന പരസ്യവാചകം വളരെ പെട്ടന്ന് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

അച്ചടി മാധ്യമങ്ങള്‍ക്ക് പുറമേ റേഡിയോ പരസ്യങ്ങളും ടെലിവിഷന്‍ പരസ്യങ്ങളും വളരെ വേഗത്തില്‍ ഹിറ്റായി മാറി.

ഉയര്‍ന്ന ഗുണമേന്മയും പ്രചാരവുമുള്ള ഉജാല പെട്ടന്ന് തന്നെ ജനപ്രിയഉത്പന്നങ്ങളിലൊന്നായി.

വീടുകള്‍ തോറും, വീട്ടമ്മമാര്‍ തോറും ഉജാലയെ ഏറ്റെടുത്തു. വെറും അഞ്ച് വര്‍ഷം കൊണ്ട് ഉജാലയുടെ വിറ്റുവരവ് ഒരു കോടി എന്ന ചരിത്രനേട്ടത്തിലെത്തി.

ബിസിനസ്സ് വിജയത്തിലേക്കെത്തിയപ്പോള്‍ കമ്പനിക്കുള്ള എതിരാളികളും വര്‍ധിച്ചിരുന്നു. ഉജാലയുടെ നിരവധി വ്യാജന്മാര്‍ മാര്‍ക്കറ്റിലിറങ്ങി. ഉജാലയെ പരാജയപ്പെടുത്താന്‍ എതിരാളികള്‍ പല തന്ത്രങ്ങളും പഴറ്റിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഉജാല മാര്‍ക്കറ്റിലെ ഒന്നാം നമ്പര്‍ നീലമായി തന്നെ തുടര്‍ന്നു.

products-ujala-instant

ഒരേക്കറിലെ ആദ്യ ഫാക്ടറി, ചെന്നൈയിലേക്ക് വിപുലീകരണം

തൃശൂരിലെ ഒരു ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച ജ്യോതി ലബോറട്ടറീസ് പതിയെ ഒരേക്കറിലെ വലിയ ഫാക്ടറിയിലേക്ക് മാറി.


അധികം വൈകാതെ തന്നെ 1992ല്‍ ചെന്നൈയിലും വീണ്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുച്ചേരിയിലും പുതിയ ഫാക്ടറികള്‍ ആരംഭിച്ചു.

ഉജാലയുടെ വിജയത്തിനു പിന്നാലെ 1995 ഓടെ നെബൂല എന്ന പേരില്‍ അലക്കുസോപ്പ് വിപണിയിലെത്തിച്ചു. എന്നാല്‍ പിന്നീടിതിന് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ ലാഭകരമല്ലെന്നു കണ്ട് അത് നിര്‍ത്തി.

ഉജാല ഇതിനോടകം ഇന്ത്യയൊട്ടാകെ വിപണി പിടിച്ചിരുന്നു. ഉജാലയുടെ ഉത്പാദനവും ലാഭവും വന്‍ തോതില്‍ ഉയര്‍ന്നു. 1999 ആയപ്പോഴേക്കും ഉജാലയില്‍ നിന്നുമാത്രം 100 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഉജാല അവരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ചു.

ഇതിനിടെ, ആഗോള ധനകാര്യസ്ഥാപനമായ ഐ.എന്‍.ജി. ഗ്രൂപ്പിനു കീഴിലുള്ള നിക്ഷേപകസ്ഥാപനമായ ബെയറിങ് ഇന്‍വെസ്റ്റ്മെന്റ്സ് ജ്യോതി ലാബ്സില്‍ മൂലധനനിക്ഷേപം നടത്തി. പത്തു ശതമാനം ഓഹരികളാണ് അവര്‍ എടുത്തത്.

2002-ല്‍ അത് വന്‍ലാഭത്തില്‍ അവര്‍ സി.ഡി.സി. (ആക്ടിസ്), സി.എല്‍.എസ്.എ. എന്നീ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റു. ജ്യോതി ലാബ്സിന്റെ വളര്‍ച്ചാസാധ്യതയും ശക്തമായ അടിത്തറയും തിരിച്ചറിഞ്ഞ നിക്ഷേപകസ്ഥാപനങ്ങള്‍ കൂടുതല്‍ മൂലധനമിറക്കി.

പിന്നീട് അവര്‍ക്ക് ഓഹരി വിറ്റൊഴിയുന്നതിനായി 2007-ല്‍ പ്രഥമ പബ്ലിക് ഇഷ്യു (ഐ.പി.ഒ.) നടത്തി. ഇതോടെ, 2007ല്‍ ജ്യോതി ലാബ്സിന്റെ ഓഹരികള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു.

മാക്‌സോയും എക്‌സോയും വരുന്നൂ

ഉജാലയും നെബുല സോപ്പുമായിരുന്നു ജ്യോതി ലാബ്‌സില്‍ നിന്നുള്ള ആദ്യ ഉത്പന്നങ്ങളെങ്കിലും രണ്ടായിരത്തിന് ശേഷം കമ്പനി ഉത്പന്നനിര വിപുലീകരിക്കാന്‍ തുടങ്ങി.

അതിന്റെ ആദ്യ പടിയായിരുന്നു 2000ല്‍ പുറത്തിറങ്ങിയ മാക്‌സോ കൊതുകുതിരികള്‍. 2000ല്‍ പശ്ചിമ ബംഗാളിലായിരുന്നു മാക്‌സോ ആദ്യമായി ലോഞ്ച് ചെയ്തത്.

അതേസമയത്ത് തന്നെ ദക്ഷിണേന്ത്യയില്‍ പാത്രം കഴുകുന്ന സോപ്പായ എക്‌സോ ഡിഷ് വാഷ് ബാറും കമ്പനി പുറത്തിറക്കി.

ഇതിന് പുറമേ വനമാല അലക്ക് സോപ്പ്, മായ അഗര്‍ബത്തി, ജീവ ആയുര്‍വേദിക് സോപ്പ്, ഉജാല സ്റ്റിഫ് ആന്റ് ഷൈന്‍, ഉജാല ടെക്‌നോ ബ്രൈറ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ജ്യോതി ലാബ്‌സ് മാര്‍ക്കറ്റിലെത്തിച്ചു.


ഇന്ന് ഫാബ്രിക് വൈറ്റ്നര്‍ വിപണിയില്‍ ഏതാണ്ട് ഭൂരിഭാഗം വിപണി വിഹിതവും ഉജാലയ്ക്കാണുള്ളത്.

ഡിഷ് വാഷ് ബാര്‍ സ്ഥാനത്തും ജ്യോതി ലാബ്‌സിന്റെ എക്‌സോയുടെ മാര്‍ക്കറ്റ് ഷെയര്‍ ഭൂരിഭാഗം തന്മനമായി കൊതുകുതിരിവിപണിയിലും മാക്സോ ശക്തമായ സാന്നിധ്യമാണ്. 2002ല്‍ ശ്രീ സായ് ഹോംകെയര്‍ എന്ന കമ്പനിയെ ജ്യോതി ലാബ്‌സ് ഏറ്റെടുത്തിരുന്നു.

2009ല്‍ ജ്യോതി ലാബ്‌സ് വൃത്താകൃതിയിലുള്ള എക്‌സോ റൗണ്ട് പുറത്തിറക്കി.

ഒപ്പം ജ്യോതി ഫാബ്രിക് കെയര്‍ സര്‍വീസ് എന്ന പേരില്‍ ഒരു അലക്കുകമ്പനിയും ആരംഭിച്ചു.

വസ്ത്രങ്ങള്‍ അലക്കി ഉണക്കി നല്‍കുന്ന സാധാരണ ലോണ്‍ട്രി സര്‍വീസിനപ്പുറം നല്‍കുന്ന പ്രീമിയം ഫാബ്രിക് സ്പാ സര്‍വീസായിരുന്നു ഇത്.

മുംബൈയിലും ബെംഗളൂരുവിലുമായി വ്യാപിച്ചുകിടക്കുന്ന ഫാബ്രിക് സ്പാ ശൃംഖലയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലും യൂണിറ്റുണ്ട്.

ഇന്ത്യന്‍ റെയില്‍വേയും ഒട്ടേറെ ഹോട്ടല്‍ശൃംഖലകളും ജ്യോതി ഫാബ്രിക് സ്പായുടെ ഉപഭോക്താക്കളാണ്.

ലോണ്‍ട്രി സര്‍വീസിലെ വൈവിധ്യങ്ങള്‍ നഗരങ്ങളിലെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുക തന്നെ ചെയ്തു.

2010ല്‍ ഉജാല സുപ്രീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒപ്പുവെച്ചു. 2011ലാണ് മാര്‍ക്കറ്റിനെ ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം ജ്യോതി ലാബ്‌സ് പ്രഖ്യാപിച്ചത്.


നഷ്ടത്തിലായിരുന്ന ഹെങ്കെല്‍ ഇന്ത്യ ലിമിറ്റഡിനെ ഏറ്റെടുക്കുന്നുവെന്നായിരുന്നു ആ പ്രഖ്യാപനം. ജര്‍മനി ആസ്ഥാനമായുള്ള ഹെങ്കെലിന്റെ ഇന്ത്യന്‍ സംരംഭമായിരുന്നു അത്. ഏറ്റെടുത്തശേഷം അതിനെ ജ്യോതി ലാബ്സില്‍ ലയിപ്പിച്ചു.

783 കോടി രൂപയാണ് ഏറ്റെടുക്കലിനായി ജ്യോതി ലാബ്സ് ചെലവഴിച്ചത്. ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ്, പ്രില്‍, മാര്‍ഗോ, ഫാ തുടങ്ങി ഹെങ്കെലിന്റെ വിപുലമായ ഉത്പന്നനിര ഇതോടെ ജ്യോതി ലാബ്സിന് സ്വന്തമായി. ജ്യോതി ലാബ്സിന്റെ ശക്തമായ ഗവേഷണവികസന വിഭാഗം ഹെങ്കെലിന്റെ ഓരോ ഉത്പന്നത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തി.

ഇതോടെ ഈ ബ്രാന്‍ഡുകളുടെ വില്പന വന്‍തോതില്‍ വളരാന്‍ തുടങ്ങി.

െങ്കെലിന്റെ ഏറ്റെടുക്കലോടെ 2011-ല്‍ ജ്യോതി ലാബ്സ് ഗ്രൂപ്പിന്റെ വാര്‍ഷികവിറ്റുവരവ് 1,000 കോടി രൂപ കടന്നു.

തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയും മാധുരി ദീക്ഷിതും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ജ്യോതി ലാബ്‌സില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി.

2015ല്‍ ഹെന്‍കോ ലിന്റലിജന്റ് ലോഞ്ച് ചെയ്തു. തുണികളുടെ സംരക്ഷണത്തിന് വിപ്ലവകരമായ മാറ്റമായിരുന്നു ഹെന്‍കോ ലിന്റലിജന്റ. ഉപഭോക്തൃ ഉത്പന്നനിരയില്‍ പിന്നേയും നിരവധി ഉത്പന്നങ്ങള്‍ ജ്യോതി ലാബ്‌സ് പുറത്തിറക്കിയിട്ടുണ്ട്. ന്യൂ മാര്‍ഗോ നീം സോപ്പ്, പ്രില്‍ ടാമിറിന്‍ഡ്, മാര്‍ഗോ ഫെയ്‌സ്‌വാഷ് എന്നിവ അവയില്‍ ചിലത് മാത്രം.

capture_1726994926

.പി രാമചന്ദ്രന്‍, മകള്‍ ജ്യോതി


പ്രവര്‍ത്തനം തുടങ്ങി മൂന്നരപ്പതിറ്റാണ്ടുകൊണ്ട് തന്നെ 7,500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി ജ്യോതി ലാബ്സ് ലിമിറ്റഡ് വളര്‍ന്നിരുന്നു. തുടക്കം മുതല്‍ 2020 വരെ രാമചന്ദ്രനായിരുന്നു കമ്പനിയെ നയിച്ചതെങ്കില്‍ അതിന് ശേഷം മകള്‍ ജ്യോതി കമ്പനിയുടെ സാരഥ്യത്തിലേക്കെത്തി.

2023-24 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2757 കോടി രൂപയാണ് കമ്പനിയുടെ ആ വര്‍ഷത്തെ വരുമാനം.

രാജ്യത്തെമ്പാടും 23 പ്ലാന്റുകളിലായി എണ്ണായിരത്തിലേറെ തൊഴിലാളികളാണ് ജ്യോതി ലബോറട്ടറീസ് കമ്പനികളില്‍ ജോലി ചെയ്യുന്നത്.

ഇന്ത്യയില്‍ മാത്രം 28 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ ജ്യോതി ലാബ്‌സ് അവരുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. മാര്‍ക്കറ്റിലിറക്കിയത് മുതല്‍ ഇന്നുവരെ ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പര്‍ ഫാബ്രിക് വൈറ്റ്‌നര്‍ എന്ന സ്ഥാനം ഉജാല സുപ്രീമിനാണ്. എക്‌സോ ഡിഷ് വാഷ് ബാര്‍- പ്രില്‍ ലിക്വിഡ് എന്നിവ ഡിഷ്‌വാഷ് ബാര്‍ കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്തും മാക്‌സോ കൊതുകുതിരികള്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ്. ആറ് വിഭാഗങ്ങളിലായി24ഉത്പന്നങ്ങളാണ്ജ്യോതിലാബ്‌സ്ഇതുവരെമാര്‍ക്കറ്റിലിറക്കിയിരിക്കുന്നത്

(എഴുത്ത് : അശ്വതി അനില്‍ 

കടപ്പാട് : മാതൃഭൂമി )

 

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25