വീട്ടുമുറ്റത്തുനിന്ന് നേടാം പതിനായിരങ്ങൾ! വീട്ടിൽ വിളയുന്നതെല്ലാം വരുമാനമാക്കി സഹോദരിമാർ

വീട്ടുമുറ്റത്തുനിന്ന് നേടാം പതിനായിരങ്ങൾ! വീട്ടിൽ വിളയുന്നതെല്ലാം വരുമാനമാക്കി സഹോദരിമാർ
വീട്ടുമുറ്റത്തുനിന്ന് നേടാം പതിനായിരങ്ങൾ! വീട്ടിൽ വിളയുന്നതെല്ലാം വരുമാനമാക്കി സഹോദരിമാർ
Share  
2024 Sep 15, 09:11 PM
VASTHU
MANNAN
laureal

വീട്ടുമുറ്റത്തുനിന്ന് നേടാം പതിനായിരങ്ങൾ! വീട്ടിൽ വിളയുന്നതെല്ലാം വരുമാനമാക്കി സഹോദരിമാർ


തിരുവനന്തപുരം വർക്കല ചെമ്മരുതി പടിഞ്ഞാറ്റതിൽ വീട്ടിലെ സഹോദരിമാരായ സുജയുടെയും സിംജയുടെയും പക്കൽ വർഷം മുഴുവൻ നല്ല തേൻകിനിയും വരിക്കച്ചുളകൾ സ്റ്റോക്കുണ്ട്!

വീട്ടിലെ വരിക്കപ്ലാവിൽ വിളയുന്ന ഒരു ചക്കപോലും പാഴാക്കാതെ പഴുപ്പിച്ചു ചുളകളാക്കി ശീതീകരിച്ചാണ് ഇവർ വർഷം മുഴുവൻ ചക്കവിഭവങ്ങൾ തയാറാക്കുന്നത്. സീസണിൽ സംഭരിക്കുന്ന ചുളകൾ തൂക്കവും അതതു ദിവസത്തെ തീയതിയും രേഖപ്പെടുത്തി സിപ് ലോക്ക് കവറുകളിലാണു സൂക്ഷിക്കുക.

വീടിനോടു ചേർന്നുള്ള സംസ്കരണശാലയിൽവച്ച് ഈ ചുളകൾ ഒന്നാന്തരം ചക്കപ്പായസവും ചക്ക കേക്കുമായി മാറി വിപണിയിലെത്തിക്കുമ്പോള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. അര ലീറ്റർ ചക്കപ്പായസത്തിന് വില 240 രൂപ.

ഒരു ചക്ക കേക്ക് പീസിന് വില 13 രൂപ. ഒരു ചക്കയിൽനിന്ന് 6–7 ലീറ്റർ പായസം ഉണ്ടാക്കാം

. ഒരു കിലോ ചക്കച്ചുളയിൽനിന്ന് 4 കിലോ കേക്കും.

ചുരുക്കത്തിൽ, പാഴായിപ്പോകുമായിരുന്ന ചക്കയിൽനിന്നു മൂല്യവർധന യിലൂടെ മികച്ച വരുമാനം നേടാനുള്ള വഴിയാണ് ഈ സഹോദരിമാർ കാണിച്ചു തരുന്നത്. ചക്ക മാത്രമല്ല, 40 സെന്റ് പുരയിടത്തിൽ വിളയുന്നതെല്ലാം മൂല്യമേറിയ ആരോഗ്യവിഭവങ്ങളാക്കി മാസം ഒരു ലക്ഷം രൂപ യോളം വരുമാനമാണ് സുജയും സിംജയും നേടുന്നത്. 

തൊടിയിൽ വിളയുന്ന പൈനാപ്പിൾ, വാഴപ്പഴം, പാഷൻഫ്രൂട്ട് എന്നിവയും ഇവിടെ മൂല്യവർധിത ഉൽപന്നങ്ങളായി മാറുന്നു.

പൈനാപ്പിൾപായസം ഉണ്ടാക്കുന്നതിന് ക്യൂ ഇനം പൈനാപ്പിൾ പ്രത്യേകം കൃഷി ചെയ്യുന്നു. പൈനാപ്പിൾ കഷണങ്ങളാക്കി വേവിച്ച് മിക്സിയിൽ അടിച്ച് ശർക്കരയും തേങ്ങാപ്പാലും ചേർത്തു വരട്ടിയെടുത്താണു പായസം തയാറാക്കുന്നത്.

ഒരു ലീറ്റർ പായസത്തിന് 240 രൂപയാണു വില.

പായസത്തിനു പുറമേ പൈനാപ്പിളിൽനിന്നു ജാമും സ്ക്വാഷും തയാറാക്കും. കൂവയാണ് മറ്റൊരു വരുമാന വിള. അരച്ച്, അരിച്ച്, ഉണക്കിയെടുക്കുന്ന കൂവപ്പൊടി വിൽക്കുന്നത് കിലോ 1,500 രൂപയ്ക്ക്.

പച്ച ഏത്തയ്ക്കയിൽനിന്ന് ഏത്തയ്ക്കാപ്പൊടി തയാറാക്കുന്നു.

രസകദളിപ്പഴം ഉണക്കി തേനിലിട്ടും വിൽക്കുന്നു.

പായസം, കേക്ക് തുടങ്ങിയവയുടെ വിപണനം മുഖ്യമായും പ്രാദേശികമായിത്തന്നെ. ചുറ്റുപാടുമുള്ള സർക്കാർ, സ്വകാര്യ ഓഫിസുകളിലെ ചടങ്ങുകളിൽ ഇവരുടെ വിഭവങ്ങൾ സ്ഥിരം സാന്നിധ്യമാണ്. പ്രാദേശിക, ജില്ലാതല വിപണന മേളകളിലും ഉൽപന്നങ്ങൾ വിറ്റഴിയുന്നു. 

വരുമാനവഴികൾ വേറെയും

മറ്റൊരു വരുമാനം തേന്‍. 30 പെട്ടി വൻതേനീച്ചയും ‌5 ചെറുതേൻ കൂടുമുണ്ട്. ഒരു വൻതേനീച്ചപ്പെട്ടിയിൽനിന്നു‌ വർഷം 8–15 കിലോ തേൻ ലഭിക്കും.

കിലോ 400 രൂപയ്ക്കു വിൽപന. ഒരു ചെറുതേൻകൂട്ടിൽനിന്നു പരമാവധി 400 ഗ്രാം തേൻ മാത്രമേ ലഭിക്കൂ. എന്നാൽ, ചെറുതേനിന് കിലോ 2,500–3,000 രൂപ വിലയെത്തും. സീസൺ കഴിയുന്നതോടെ തേനടകളിൽനിന്നു മെഴുക് വേർതിരിച്ചെടുക്കും. തേനടകൾ ചൂടുവെള്ളത്തിൽ ഉരുക്കിയാണ് മെഴുകെടുക്കുന്നത്.

മെഴുകും വെളിച്ചെണ്ണയും ചേർത്തു തയാറാക്കുന്ന ഹീൽ ബാം ഉപ്പൂറ്റി വിണ്ടുകീറലിന് പ്രതിവിധിയാണ്. പ്രവാസികളുൾപ്പെടെ ഒട്ടേറെപ്പേർ ഇതു വാങ്ങുന്നു.

തേൻ, തേൻമെഴുക്, ഉരുക്കുവെളിച്ചെണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന ലിപ് ബാം, ഫെയ്സ്പായ്ക്ക്, പെയിൻ ബാം അശോക ബാം എന്നിവയ്ക്കും ഡിമാൻഡ് ഉണ്ട്. മണിക്കുന്തിരിക്കം, പുൽതൈലം, യൂക്കാലി, പച്ചക്കർപ്പൂരം, വെളിച്ചെണ്ണ, മെഴുക് എന്നിവ ചേർത്താണു പെയിൻബാം ഉണ്ടാക്കുന്നത്. തേനും കസ്തൂരിമഞ്ഞളും മെഴുകും ചേരുന്നതാണ് ഫെയ്സ്പായ്ക്ക്.

പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു.

മെഴുക് ഉപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങളുമായി സിംജ

പരിശീലനം പ്രധാനം

വിളമൂല്യവർധനയിലും ഭക്ഷ്യോൽപന്ന നിർമാണത്തിലും ലഭിച്ച ശാസ്ത്രീയ പരിശീലനങ്ങളാണ് നേട്ടങ്ങൾക്കു വഴിവച്ചതെന്നു സുജയും സിംജയും പറയുന്നു. കൃഷിഭവൻ, ഹോർട്ടികോർപ്, തിരുവനന്തപുരം മിത്രനികേതൻ കൃഷിവി‍ജ്ഞാനകേന്ദ്രം എന്നിവ വഴി വിവിധ വിഷയങ്ങളിൽ പരിശീലനം നേടി.

കൃഷിവകുപ്പ് വഴിയാണ് ഡ്രയർ, സീലിങ് മെഷീൻ, തേങ്ങചിരകൽ യന്ത്രം എന്നിവ സ്വന്തമാക്കിയത്. തൊഴിലാളികളെ അധികം ആശ്രയിക്കാതെ സ്വന്തം പ്രയത്നത്തിൽത്തന്നെ കൃഷിയും മൂല്യവർധനയും ചെയ്യാൻ കഴിയണമെന്ന് പുതു സംരംഭകരെ ഇരുവരും ഓർമിപ്പിക്കുന്നു.

കൃത്യമായ സ്രോതസ്സുകളിൽനിന്നു സാമ്പ ത്തികസഹായവും പരിശീലനവും നേടണം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ പുതു വിപണനസാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സുജയും സിംജയും പറയുന്നു.

ഫോൺ: 7559059633, 949764016

എഴുത്ത് :സി.എസ്.അനിത 

( കടപ്പാട് : മനോരമ )

mfk-flip--(12)
mfk-flip--(10)_1726150352
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2