ദേശീയപാതാ നിർമാണം നടത്തുന്ന വാഗഡ്
കമ്പനിയുടെ കോൺക്രീറ്റ് മിക്സർ വാഹനത്തിൽ
കൊണ്ടുവന്ന കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് വടകര ബൈപ്പാസിലെ സ്വകാര്യകെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലി
യന്ത്രസഹായത്തോടെ നടത്തുന്നു
വടകര : ദേശീയപാതാനിർമാണത്തിനുവേണ്ടി സ്ഥാപിച്ച വടകരയിലെ റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്റിൽനിന്ന് വ്യവസ്ഥകൾ ലംഘിച്ച് കോൺക്രീറ്റ് മിശ്രിതവും യന്ത്രങ്ങളും ഉൾപ്പെടെയുള്ളവ സ്വകാര്യകെട്ടിടനിർമാണത്തിനായി ഉപയോഗിച്ചതിനെച്ചൊല്ലി വടകരയിൽ വിവാദവും പ്രതിഷേധവും.
പാതാനിർമാണം കരാറെടുത്ത അദാനി എന്റർപ്രൈസസിന്റെ ഉപകരാർ കമ്പനിയായ വാഗഡാണ് പെരുവാട്ടുംതാഴയിലെ പ്ലാന്റിൽനിന്ന് കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കി സ്വന്തം വാഹനത്തിൽ വടകര ബൈപ്പാസിലെ സ്വകാര്യ കെട്ടിടനിർമാണത്തിനെത്തിച്ചത്.
News courtesy : Mathrubhumi
ഇതിനൊപ്പംതന്നെ കോൺക്രീറ്റ് ചെയ്യുന്ന യന്ത്രവും വാഗഡിന്റെ ജോലിക്കാരെയും നൽകി. ദേശീയപാതാനിർമാണത്തിന് ഉപയോഗിക്കേണ്ട സാധനസാമഗ്രികളും യന്ത്രങ്ങളും സ്വകാര്യകെട്ടിടത്തിന്റെ ജോലിക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണം വ്യാപകമായതോടെ നിർമാണംനടക്കുന്ന സ്ഥലത്ത് പ്രതിഷേധമുയർന്നു. ഡി.വൈ.എഫ്.ഐ.യുടെയും ജനകീയമുന്നണിയുടെയും പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞു.
നഗരസഭാധികൃതരും പോലീസ് ഉൾപ്പെടെയുള്ളവരുമെത്തി. ഇതോടെ പ്രവൃത്തി തത്കാലം നിർത്തുകയും വാഗഡിന്റെ വണ്ടികൾ തിരിച്ചയക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ വടകര ബൈപ്പാസിൽ ഡോക്ടേഴ്‌സ് ലാബിനു സമീപത്താണ് സംഭവം. ഇവിടെ റോഡരികിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ അടിത്തട്ട് കോൺക്രീറ്റ് ചെയ്യാനാണ് വാഗഡ് സാധനം എത്തിച്ചത്. രണ്ട് കോൺക്രീറ്റ് മിക്സർ വാഹനങ്ങളിലായി അഞ്ചുതവണ കോൺക്രീറ്റ് മിശ്രിതം കൊണ്ടുവന്നു.
ബൈപ്പാസിനരികെ ആയതിനാൽ വാഗഡിന്റെ വണ്ടിയിൽ സാധനങ്ങളെത്തിക്കുന്നത് ജനത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് പ്രതിഷേധമുയർന്നത്. അഞ്ചാമത്തെ വണ്ടിയിൽ കൊണ്ടുവന്ന സാധനം തിരിച്ചയച്ചു. എല്ലാംകൂടി 20 ലക്ഷം രൂപയുടെ സാധനം ഇവിടെ ഇറക്കിയെന്നാണ് അനുമാനം.
വാഗഡിന്റെതന്നെ ജോലിക്കാരും ഇവിടെയുണ്ടായിരുന്നു. ഇവരാണ് യന്ത്രവും മറ്റും പ്രവർത്തിപ്പിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി. സജീവ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് എല്ലാവരും മടങ്ങിയത്.
അന്വേഷണം തുടങ്ങി
ദേശീയപാതാ നിർമാണ പ്ലാന്റിൽനിന്ന് സ്വകാര്യകെട്ടിടനിർമാണത്തിനായി സാധനങ്ങൾ എത്തിച്ച സംഭവത്തിൽ കരാർക്കമ്പനിയായ അദാനി എന്റർപ്രൈസസ് അന്വേഷണം തുടങ്ങി. വാഗഡിന് ഉപകരാർ നൽകിയെങ്കിലും നിർമാണത്തിനുവേണ്ട സിമന്റ് ഉൾപ്പെടെ വിതരണം ചെയ്യുന്നത് അദാനിയാണ്. ഗ്രേഡ് കൂടിയ സിമന്റാണിത്. ഇവ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചിട്ടുണ്ടെന്നാണ് അദാനി അന്വേഷിക്കുന്നത്. വടകരയിൽ നടന്ന സംഭവവികാസങ്ങൾ അദാനിയുടെ ആസ്ഥാനത്തേക്ക് അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലും എൻ.എച്ച്. പ്ലാന്റിൽനിന്ന് സാധനങ്ങൾ മറ്റാവശ്യത്തിന് കൊടുക്കരുതെന്നാണ് വ്യവസ്ഥയെന്ന് അദാനി കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച് അദാനിയും വാഗഡും തമ്മിൽ കരാറുണ്ട്. ഈ കരാറിന്റെ ലംഘനമാണ് വടകരയിൽ നടന്നത്.
സാധനം വേറെയെന്ന് വാഗഡ്
സ്വകാര്യകെട്ടിടനിർമാണത്തിനെത്തിച്ച കോൺക്രീറ്റ് മിശ്രിതത്തിന് ഉപയോഗിച്ചത് വേറെ സാധനമെന്ന് വാഗഡിന്റെ വിശദീകരണം. ഇതിനായി വേറെത്തന്നെ ജി.എസ്.ടി. നമ്പർ ഉൾപ്പെടെയുണ്ട്. ഇതിനുള്ള രേഖകളും കൈവശമുണ്ട്.
റോഡ് നിർമാണത്തിന്റെ സാധനസാമഗ്രികളൊന്നും ഉപയോഗിച്ചില്ലെന്നും ഇവർ വിശദീകരിക്കുന്നു. എന്നാൽ, ദേശീയപാതാനിർമാണത്തിനുവേണ്ടി സ്ഥാപിച്ച പ്ലാന്റിൽനിന്ന് മിശ്രിതം തയ്യാറാക്കി പുറത്തേക്ക് കൊണ്ടുപോകാൻ പാടുണ്ടോ എന്ന ചോദ്യത്തിന് ഇതേക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു മറുപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group