കേരള നവോത്ഥാനത്തിൽ അറബി മലയാളത്തിന് ചരിത്രപരമായ പങ്കുണ്ട് : സത്യൻ മാടാക്കര

കേരള നവോത്ഥാനത്തിൽ അറബി മലയാളത്തിന് ചരിത്രപരമായ പങ്കുണ്ട് : സത്യൻ മാടാക്കര
കേരള നവോത്ഥാനത്തിൽ അറബി മലയാളത്തിന് ചരിത്രപരമായ പങ്കുണ്ട് : സത്യൻ മാടാക്കര
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Feb 05, 01:42 PM

കേരള നവോത്ഥാനത്തിൽ അറബി മലയാളത്തിന് ചരിത്രപരമായ പങ്കുണ്ട് :സത്യൻ മാടാക്കര 


കേരള നവോത്ഥാന ചരിത്രത്തിൽ അധിനിവേശ - നാടുവാഴിത്ത വിരുദ്ധ മുന്നേറ്റത്തിന് വലിയപങ്കുണ്ട്. അതിൽ കേരളീയ മുസ്ലീം സമൂഹത്തെ കൂട്ടിച്ചേർക്കുന്നതിൽ നിർണ്ണായകമായ ഉത്തരവാദിത്വമാണ് അറബി മലയാളം നിർവ്വഹിച്ചത്. ബ്രാഹ്‌മണ്യം നിലനിർത്തിയവരേണ്യ ഭാഷയായ സംസ്കൃതത്തിനു സമാന്തരമായിത്തന്നെ ഒരു ഭാഷ സാമൂഹിക നിർബന്ധത്താൽ പിറവിയെടുക്കുയാണുണ്ടായത്. മുസ്ലിം സമൂഹത്തിനു വായിച്ചറിയാനും, എഴുതി വെയ്ക്കാനും, പരസ്പരം ആശയംകൈമാറാനും ഇതല്ലാതെ നിവൃത്തിയില്ല എന്നിടത്തേക്ക് എത്തിപ്പെടുകയായിരുന്നു. നവോത്ഥാനത്തെക്കുറിച്ചുള്ള മുഖ്യധാരാ ചർച്ചകളിൽ ഈ ന്യൂനപക്ഷ സംഭാവന വിലയിരുത്തപ്പെടാതെ പോയതിനു പിന്നിലുള്ള കാരണം തിരക്കിയാൽ സംസ്കൃത വൽക്കരണം തന്നെയെന്നു പറയാം. മത സങ്കല്പത്തെ - അധിനിവേശ, നാടുവാഴിത്ത വിരുദ്ധ മുന്നേറ്റത്തിന് സഹായകമാകുന്ന വിധത്തിൽ അറബി മലയാളം - പാട്ടുകളിലൂടെ, ഇസ്ലാം നബി ചരിതങ്ങളിലൂടെ വീടുവീടാന്തരം പാരായണം ചെയ്യിപ്പിച്ചതിലൂടെ മാപ്പിള സമുദായം നവോത്ഥാനത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങളിലേക്ക് രൂപപ്പെടുകയായിരുന്നു. ചില ആഭ്യന്തര വൈരുദ്ധ്യങ്ങൾ കാണാമെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഊർജ്ജം നാടിനു വേണ്ടി ഏറ്റുവാങ്ങിയ മാപ്പിള സമുദായത്തിലെ പലരും അറബി മലയാളത്തോട് കടപ്പെട്ടിരിക്കുന്നു - രാജ്യം ഭരിക്കുന്ന നാട്ടുരാജാക്കന്മാരോട് കൂറ് വെച്ചുപുലർത്തുമ്പോൾ തന്നെ അധിനിവേശ സാമ്രാജ്യത്വ ശക്തികളോട് യാതൊരു സഹകരണത്തിനും മാപ്പിള സമുദായംനിന്നിരുന്നില്ല. (കോഴിക്കോട് സാമൂതിരിയുമായി ചേർന്ന് പോർച്ചുഗീസുകാരോടും, പഴശ്ശി രാജാവിനുമൊപ്പം നിന്ന് ബിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയോട് യുദ്ധം ചെയ്തത് ഓർക്കുക )

കുഞ്ഞാലി മരയ്ക്കാർക്കൊപ്പം നിന്ന് പോർച്ചുഗീസ് വൈദേശിക ശക്തിയോട് ദീർഘകാലം പൊരുതിയ ഒരു സമുദായം ചരിത്രത്തിൽ ഇടം നേടാതെ പോയത് എന്തുകൊണ്ട്! പഠിക്കപ്പെടേണ്ടതാണ്. സാമൂതിരിയുടെ കാലത്തെക്കുറിച്ച് ശൈഖ് സൈനുദ്ദീൻ മഖ്തൂം സൂചിപ്പിക്കുന്നു.

" മുസ്ലീംങ്ങൾക്ക് ഹിന്ദുക്കളുടെ ഇടയിൽ വലിയ ആദരവും മതിപ്പും ഉണ്ട്. രാജ്യത്തിന്റെ നിർമ്മാണവും പുരോഗതിയും പ്രധാനമായും മുസ്ലീംങ്ങളിലൂടെയാണ് എന്നതാണ് ഇതിനൊരു പ്രധാന കാരണം."

അതുകൊണ്ട് തന്നെ വെള്ളാട്ടിരിയും സാമൂതിരിയും യുദ്ധമുണ്ടായപ്പോൾ വള്ളുവനാട് മുസ്ലീംങ്ങൾ വെള്ളാട്ടിരി പക്ഷത്തും ഏറനാട്ടിലുള്ളവർ സാമൂതിരി പക്ഷത്തും ചേർന്നു. ടിപ്പു - സാമൂതിരി യുദ്ധത്തിൽ മലബാറിലെ മുസ്ലീംങ്ങൾ സാമൂതിരി പക്ഷത്തായിരുന്നു.സാമൂതിരിക്ക് പാലക്കാട് രാജ്യം വരെ രാജ്യം വെട്ടിപ്പിടിച്ച് തന്റെ അധികാരം വിപുലമാക്കാനായി സൂത്രം പറഞ്ഞു കെടുത്തത് സാബന്തർ കോയ എന്ന മുസ്ലീം ആയിരുന്നു. പഴശ്ശിയോടൊപ്പം യുദ്ധമുഖത്ത് ഏറനാടു നിന്നു വന്ന ഉശിരൻ മുസ്ലീം പടയാളികൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലും രാജഭരണത്തെ സഹായിക്കാൻ മുസ്ലീംങ്ങൾ തയ്യാറായിരുന്നു. പക്ഷേ, വിദേശ അധിനിവേശത്തെ സംരക്ഷിക്കാനോ അംഗീകരിക്കാനോ ഒരിക്കലും മാപ്പിള സമുദായം തയ്യാറായിരുനില്ല. പ്രതിരോധത്തെ - ഐക്യത്തെ തകർക്കാൻ ഭിന്നിപ്പിച്ചു ഭരിക്കുക, എതിരു പറയുന്നവരെ അധികാരമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുക എന്നീ കെണികളാണ് ദീർഘകാലം ഭരിച്ച ബ്രിട്ടീഷുകാർ ചെയ്തത്. മതമൈത്രിക്കൊപ്പം തന്നെ മാപ്പിള സമൂഹം കാണിച്ച രാജ്യ സ്നേഹവും കൂട്ടി വായിച്ചാലേ നവോത്ഥാന സാമൂഹ്യതയിൽ മുസ്ലീം പങ്ക് എത്രത്തോളം എന്നറിയാനാവൂ.


madakkara1

കേരളീയ മാപ്പിള സമൂഹം രൂപപ്പെടുത്തുന്നതിലും പുതുതായി വന്നു ചേർന്ന കീഴാള സമൂഹത്തെ ഇസ്ലാമിലേക്ക് അഭിസംബോധന ചെയ്യുന്നതിലും ഭാഷ രൂപപ്പെടേണ്ടതുണ്ട് എന്ന സാഹചര്യമാണ് 'അറബി മലയാളം' എന്ന ഭാഷയുടെ കണ്ടെത്തലിന് പ്രേരണ.

താഴെക്കിടയിൽ നിന്നു വന്ന കീഴാള ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ മതപരമായ പഠനത്തിന് ഇതേറെ സഹായകരമായി. പൊന്നാനി കേന്ദ്രമായ മഖ്ദൂമിന്റെ മദ്രസ്സയിൽ നിന്നു തന്നെയാണ് അതിനു പരിശ്രമം ഉണ്ടായത്. അറബിയിൽ പ്രാവീണ്യരായ പണ്ഡിതന്മാർ ഒത്തുചേർന്ന് അറബിയും മലയാളവും ചേർന്ന ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. അധ:സ്ഥിതരായ നാടോടി കീഴാള ജനതയ്ക്ക് വായ്മൊഴിയായ മലയാള പദങ്ങൾ ഇല്ലാതെ വന്നപ്പോൾ തമിഴ് പദങ്ങൾ കൂട്ടിച്ചേർത്ത് ഭാഷാ സമ്പർക്കം വിപുലപ്പെടുത്തുകയാണ് അന്നത്തെക്കാലത്ത് അറബി-മലയാളം നിർവഹിച്ചത്.' മലയാളത്തിലേക്ക് അറബിയിൽ നിന്നും പേർഷ്യനിൽ നിന്നും ധാരാളം വാക്കുകൾ കടന്നുവന്നത് അറബി മലയാളത്തിലൂടെയാണ്. ഭരണം, നീതി, നിയമം, കച്ചവടം,കുടുബം, എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ മലയാളത്തിൽ പ്രയോഗിക്കപ്പെടുന്ന വാക്കുകൾ അറബി മലയാളത്തിന്റെ സംഭാവനയാണ് ( മുഹമ്മദ് ഖാസിം. ഇ.)

ശൈഖ്സൈനുദ്ദീൻ മഖ്ദൂമിന്റെ രചനയായ തഹ് രീള്, ശൈഖ് മഖ്തൂം സഗീറിന്റെ തുഹ്‌ഫതുൽ മുജാഹിദ്ദീൻ, ഖാസി മുഹമ്മദിന്റെ ഫത്ഹുൽ മുബീൻ, മോയിൻ കുട്ടിവൈദ്യരുടെ നിരവധി മാപ്പിള രചനകൾ എന്നിവയൊക്കെ അറബി മലയാളത്തിൽ മാപ്പിള സമുദായത്തോട് സംവദിക്കുകയും അധിനിവേശ വിരുദ്ധത മാപ്പിളമാർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ഓർക്കേണ്ട പേരാണ് ഉമർ ഖാസി. മതബോധം - അധിനിവേശ വിരുദ്ധത ചേർന്ന അദ്ദേഹത്തിന്റെ കവിതകൾ വേണ്ടത്ര പഠിക്കാനും വിശകലനം ചെയ്യാനും മാപ്പിള സമൂഹത്തിലെ എഴുത്തുകാർ തയ്യാറായില്ലയെന്നത് ഖേദകരമാണ്.

മലബാറിലെ മുസ്ലീം വീടുകളിൽ പഴയ സ്ത്രീകൾക്കൊക്കെ അറബി മലയാളം വായിക്കാനും എഴുതാനും കഴിയുമായിരുന്നു. മുഹിയുദ്ദീൻ മാല, സഫീന പ്പാട്ട്, ഖിസ്സ പ്പാട്ട്, ഒപ്പനപ്പാട്ട്, കല്യാണപ്പാട്ട് എന്നിവയൊക്കെ മന: പാഠമായിരുന്നു.' ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാലത്ത് അറബി മലയാള സാഹിത്യ കൃതികളായിരുന്നു ഗ്രാമീണ ജനതയെ ജീവിത പൊരുളുകളിലേക്ക് നയിച്ചിരുന്നത്. അവർക്കാവശ്യമായ മത വിദ്യാഭ്യാസവും ചരിത്ര പഠനവുമെല്ലാം ഈ കൃതികൾ നിർല്ലോഭം പ്രദാനം ചെയ്തു, ( വി.എം. കുട്ടി - മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരം)

ചുരുക്കത്തിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം, കുഞ്ഞാലി മരയ്ക്കാന്മാർ തുടങ്ങി വെച്ച അധിനിവേശ വിരുദ്ധ ചിന്തകൾ മാപ്പിളമാരിലെത്തിക്കാൻ നടത്തിയ പരിശ്രമം ആ ഭാഷ നിലനിർത്താൻ കഴിയാതെ പോയത് കൊണ്ട് പുതു തലമുറ അറിഞ്ഞില്ല എന്ന ദുരന്തമാണ് ഉണ്ടായത്. സൂഫിസമ്പർക്കത്തിലൂടെ കടന്നുവന്ന മലബാർ മാപ്പിളമാരുടെ ക്ഷമാപൂർവ്വമായ സാമൂഹ്യതയും വേണ്ടത്ര പഠിക്കപ്പെട്ടില്ല. ഇതൊക്കെ ചേർത്തുള്ള പഠനത്തിലൂടെയേ മാപ്പിള സമൂഹം നവോത്ഥാനത്തിന് നല്കിയ സoഭാവന കാണാനാവൂ എന്നതാണ് വാസ്തവം.


madakkara2

പൊന്നാനി വലിയ ജുമാ മസ്ജിദ്


ഗദ്യ-പദ്യരൂപങ്ങളിലായി വിജ്ഞാനപരവും സാഹിത്യപരവുമായ ധാരാളം കൃതികൾ അറബി മലയാളത്തിലുണ്ട്. നിഘണ്ടുക്കൾ, ചരിത്ര ഗ്രന്ഥങ്ങൾ, ഇസ്ലാമിക - തത്ത്വ - നീതി - കർമ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിങ്ങനെ വലിയ വിജ്ഞാനശേഖരം തന്നെ അറബി മലയാളത്തിനുണ്ട്. പ്രാചീന കേരളീയ ചരിത്രത്തെയും ഇസ്ലാമിന്റെ വളർച്ചയെയും വ്യാപനത്തെയും അടയാളപ്പെടുത്തുന്നതിൽ അറബി മലയാളത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. മനാഖിബു സിദ്ദിഖ്, ഫത് ഫുൽ ഫത്താഹ്, ദുറൂസു താരിഖുൽ ഇസ്ലാമിയ്യ എന്നിങ്ങനെ അനേകം അറബിമലയാള ഗ്രന്ഥങ്ങൾ കേരളീയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. അറബി മലയാള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾക്ക് പാടൂർ കോയക്കുട്ടി തങ്ങൾ 141 വിഷയങ്ങളെക്കുറിച്ച് ആയുർ വൈദ്യത്തെയും നാട്ടുവൈദ്യത്തെയും ആധാരപ്പെടുത്തി എഴുതിയ 'ബൈ തുല്യവും 'പട്യാലത്ത് കുഞ്ഞിമാഹിൻ കുട്ടി വൈദ്യർ രചിച്ച 'വൈദ്യ ജ്ഞാനവും,ഉദാഹരണങ്ങളാണ്. വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കു പുറമെ പത്രമാസികകളാൽ കൂടി സമ്പന്നമായിരുന്നു അറബി മലയാളം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖ പത്രമായിരുന്ന അൽ ബയാൻ, അൽ ഇർഷാദ്, സ്വലാഹുൽ ഇഖ് വാൻ എന്നിവ അവയിൽ ചിലതാണ്. ഒട്ടേറെവൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് പുറമെ സാഹിത്യ ശാഖയാണ് അറബി മലയാളത്തെ പ്രസക്തമാക്കുന്നത്. പദ്യ രൂപങ്ങളിൽ അക്കാലത്ത് നിലനിന്നിരുന്ന ശൈലികളിൽ നിന്ന് വ്യത്യസ്തമായ ഒരു അസ്തിത്വം അറബി മലയാള കൃതികൾക്കുണ്ടായിരുന്നു.

മാലപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, പടപ്പാട്ടുകൾ, എന്നിങ്ങനെ വിശാലമാണ് അറബി മലയാള പദ്യസാഹിത്യം. മുഹ് യുദ്ദീൻ മാലയെത്തുടർന്ന്, മമ്പാട്ട് കുഞ്ഞിരായീൻ രചിച്ച ബദർ മാല, പൊന്നാനി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി രചിച്ച നഫീസത്ത് മാല, മരക്കാംതൊടുകയിൽ മരക്കാരു കുട്ടി രചിച്ച മമ്പുറം മാല, ഉസ്മാൻ രചിച്ച മഹമൂദ് മാല, രിഫാഈ മാല, മഞ്ഞക്കുളം മാല, മലപ്പുറം മാല, എന്നിവയാണ് അവയിൽ പ്രചുര പ്രചാരം നേടിയവ. " അറബി മലയാളത്തിന്റെ അരികുകൾ - അജീർ അബ്ദുറസാഖ്)

അറബി മലയാളത്തെക്കുറിച്ച് കെ. അബുബക്കർ എഴുതിയ ലേഖനം ഈയവസരത്തിൽ എടുത്തെഴുതട്ടെ.


unnamed-(1)

" മലയാളത്തിന്റെ മാനകരൂപം പ്രചരിച്ചതോടെ അതു മാത്രമാണ് ശരിയെന്നും അല്ലാത്തതിനൊക്കെ ശുദ്ധി കുറയുമെന്നും ആളുകൾ ധരിച്ചു വശായി.അങ്ങനെ രൂപപ്പെട്ടു വന്ന ഉച്ചനീചത്വ സങ്കല്പ പ്രകാരം അറബി മലയാളം നിന്ദ്യ ഭാഷയായിത്തീർന്നു."മാപ്പിള മലയാളകൃതികൾക്ക് അറബിപ്പദങ്ങളുടെ സംക്രമണം മൂലവും മറ്റും ശബ്ദശുദ്ധി കുറയും" എന്ന് തന്റെ കേരള സാഹിത്യ ചരിത്രത്തിന്റെ ഒന്നാം വാള്യത്തിൽ ഉള്ളൂർ വിധിയെഴുതുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറാകട്ടെ 'അറന്നൂറു വർഷത്തെ മാപ്പിള മണ്ടത്തരം, ആയാണ് അറബി മലയാള രചനകളെ മൊത്തമായി വിലയിരുത്തിയത്. മാപ്പിളപ്പാട്ടാസ്വാദകരുടെ സംഘടന പ്രസിദ്ധീകരിച്ച സുവനീറിലെ ബഷീറിന്റെ ലേഖനത്തിന്റെ തലവാചകം തന്നെ അങ്ങനെയാണ്. പരിഷ്ക്കരണവാദികൾ ഈ വാദഗതി ഏറ്റുപിടിക്കുകയും അറബി മലയാളത്തിനെതിരെ കുരിശു യുദ്ധം നടത്തുകയുമാണുണ്ടായത്. അറബി മലയാളത്തിന്റെ വ്യതിരിക്തത തിരിച്ചറിഞ്ഞ പണ്ഡിതന്മാരും കേരളത്തിലുണ്ടായിരുന്നു. " വ്യക്തിത്വമുള്ളതും പൊതു ഭാഷാധാരയിൽ മുങ്ങിപ്പൊങ്ങാൻ ഇഷ്ടപ്പെടാത്തതുമായ ഒരു മത ന്യൂനപക്ഷത്തിന്റെ ആത്മാവിഷ്ക്കാരത്തിനുതകുന്ന ഒരു ഭാഷയെന്ന നിലയ്ക്കാണ് അറബി മലയാളം ചരിത്രഗതിയിൽ രൂപപ്പെട്ടിട്ടുള്ളത്" എന്നാണ് ഡോ.കെ.എൻ. എഴുത്തച്ഛൻ മനസ്സിലാക്കുന്നത്.

ഇസ്ലാമും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ സന്തതിയാണ് അറബി മലയാളം. മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പ് തന്നെ അറബികൾക്ക് കേരളവുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അറബി മലയാളത്തിന്റെ പിറവിക്ക് നിമിത്തമാകുമാറുള്ള ഒരു സാംസ്കാരിക സമ്മർദ്ദം ചെലുത്തുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അറേബ്യയിൽ ഇസ്‌ലാം സ്ഥാപിക്കുന്നതോടു കൂടിയാണ് അത് സംഭവിക്കുന്നത്. അറബി മുസ് ലീംങ്ങളുമായുണ്ടായ സാംസ്കാരികവും മതപരവും വാണിജ്യപരവും വൈവാഹികവുമായ ബന്ധത്തിന്റെ ഫലമാണ് അറബി മലയാളം ..

കൈയ്യെഴുത്ത് പ്രതികളായും അച്ചടിച്ച കോപ്പികളായും ആയിരക്കണക്കിന് അറബി മലായാള ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ദർശനവും ശാസ്ത്രവും ആത്മീയതയും വ്യാകരണവും വൈദ്യവും പദകോശവുമൊക്കെ ഉൾപ്പെടും ആവിഷ്കൃത വിഷയങ്ങളിൽ.ആ ലിപി പഠിക്കാത്തവരോ അത്തരം ഗ്രന്ഥങ്ങൾ വായിക്കാനറിയാത്തവരോ ആയി മലബാറിലെ മാപ്പിളമാർ ആണോ പെണ്ണോ ഉണ്ടായിരുന്നില്ല.

നമ്മുടെ പൊതു സാക്ഷരത പത്തു ശതമാനത്തിലും താഴെയായിരുന്ന കാലത്ത് പത്തു വയസ്സെങ്കിലുമെത്തിയ മുഴുവൻ മാപ്പിളമാരും സാക്ഷരരായിരുന്നു. അറബി മലയാളത്തിലായിരുന്നതിനാൽ അതാരും സാക്ഷരതയായി ഗണിച്ചില്ല. ഇന്നിപ്പോൾ ഏതാനും മദ്രസാ പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും ഈ ലിപിയിൽ രചിക്കപ്പെടുന്നില്ല.അങ്ങനെ സമ്പന്നമായൊരു പ്രതാപകാലത്തിനൊടുവിൽ അറബി മലയാളം പതുക്കെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു....''

അധിനിവേശ വിരുദ്ധ സമരത്തിന്റെ ആഗോള ചരിത്രം പരിശോധിച്ചാൽ സൂഫീ സംഘങ്ങൾ വഹിച്ച നിർണ്ണായക പങ്ക് ബോദ്ധ്യപ്പെടും. "

unnamed-(2)

ടി കെ ഹംസ

ടി.കെ.ഹംസയുടെ അഭിപ്രായത്തിൽ" അറേബ്യൻ ജനതയും കേരളക്കരയിലെ പുരാതന ജന സമൂഹവും തമ്മിൽ കച്ചവട സംബന്ധമായി ഉണ്ടായിരുന്ന അടുപ്പം പിന്നീട് മതപരവും സാംസ്കാരികവുമായ ബന്ധങ്ങളായി പരിണമിച്ചു. അനിവാര്യമായ സാഹചര്യങ്ങളിൽ ആ ബന്ധം ഒരു സങ്കര സമുദായത്തിന്റെ പിറവിയിലാണ് എത്തി നിന്നത്. ഈ പ്രത്യേക സമുദായമാണ് മാപ്പിളമാർ. മാപ്പിള സമൂഹത്തിൽ അറബിയുടെയും മലയാള സംസ്കാരത്തിന്റെയും സങ്കലനം കാണാനാകും. അവരുടെ ഭാഷയായിരുന്നു അറബി മലയാളം. അറബ് സംസ്ക്കാരത്തിലും ഭാഷയിലും രൂപം പ്രാപിച്ച കലകൾക്കും പാട്ടുകൾക്കും രണ്ടിന്റെയും രൂപവും രുചിയും ഉള്ളതായി കാണാം. അതിന്റെ പ്രത്യേകതയും അതു തന്നെയാണ്. പച്ചക്കറികളിൽ പലതിന്റെയും കഷണങ്ങൾ പല വലുപ്പത്തിലും രൂപത്തിലും മുറിച്ച് ഒരുമിച്ച് കൂട്ടി ഉണ്ടാക്കുന്നതാണല്ലോ അവിയൽ. അതുകൊണ്ട് തന്നെ അതിന് പ്രത്യേക രുചിയും തോന്നാറുണ്ട്. ഇത്തരമൊരു പ്രത്യേകത മാപ്പിള കലകൾക്കും പാട്ടുകൾക്കുമുണ്ട്. അനേക തരം പച്ചക്കറികളുടെയും ഫലങ്ങളുടെയും സ്വാദിഷ്ടമായ ഒരു ചേരുവയാണത്".

ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച രചനകൾ വായിച്ച് സാമുതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരയ്കാൻ മാർ സാമൂതിരിക്കൊപ്പം നില്കാൻ മാപ്പിള സമുദായത്തോട് കാവ്യ ഭാഷയിലൂടെ അറിയിച്ച ഖ്യാളീ മുഹമ്മദ്, കൊണ്ടോട്ടി തങ്ങന്മാരുടെ പേർഷ്യൻ പാരമ്പര്യത്തിലൂടെ മലയാള ഭാഷയ്ക് അറബി മലയാളത്തിലൂടെ വലിയ സംഭാവന നല്കിയ മോയിൻ കുട്ടി വൈദ്യർ അധിനിവേശ വിരുദ്ധതയ്ക്കും നവോത്ഥാന പ്രവർത്തനത്തിനാക്കം കൂട്ടുന്നതിലും . വഹിച്ച പങ്ക് പഠിയ്ക്കപ്പെടേണ്ടതാണ്. അങ്ങനെ വരുമ്പോൾ അറബി മലയാളത്തിന്റെ ചരിത്രപരമായ ഇടപെടൽ നാം ശ്രദ്ധിക്കേണ്ടിവരും

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH