സുഗതകുമാരി ടീച്ചർ ; ഇന്ന് തൊണ്ണൂറ്റിയൊന്നാം ജന്മദിനം : ദിവാകരൻ ചോമ്പാല

സുഗതകുമാരി ടീച്ചർ ; ഇന്ന് തൊണ്ണൂറ്റിയൊന്നാം ജന്മദിനം : ദിവാകരൻ ചോമ്പാല
സുഗതകുമാരി ടീച്ചർ ; ഇന്ന് തൊണ്ണൂറ്റിയൊന്നാം ജന്മദിനം : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Jan 22, 10:48 PM
Dr Nishath

 സുഗതകുമാരി ടീച്ചർ ; ഇന്ന് തൊണ്ണൂറ്റിയൊന്നാം ജന്മദിനം 

: ദിവാകരൻ ചോമ്പാല 


മലയാള കവിതയുടെ നിത്യഹരിതവിസ്‌മയം

മനുഷ്യ മാനവികതയുടെ വരപ്രസാദം.


ഈ ഭൂമിക്കു വേണ്ടി, ഇവിടുത്തെ പട്ടിണിപ്പാവങ്ങൾക്കുവേണ്ടി...

വിലയില്ലാത്ത പെൺകുട്ടികൾക്ക് വേണ്ടി

 പക്ഷികൾക്കും ,മരങ്ങൾക്കും ,നദികൾക്കും വേണ്ടി

കുടിവെള്ളത്തിനും ,ശുദ്ധവായുവിനും വേണ്ടി

മണ്ണും ജലവും ഹരിതകാന്തിയും

വരും തലമുറക്കായി കരുതിവെക്കാൻ  

അവനവൻറെ പെൺകുഞ്ഞുങ്ങളെ കരുതലോടെ കാക്കാൻ

അവനവൻറെ ഭാഷയെ, സംസ്‌കാരത്തെ സംരക്ഷിക്കാൻ


 ഭാവതീവ്രവും ആത്മരോഷപ്രകടനാപരവുമായ അക്ഷരക്കൂട്ടുകളിലൂടെ

പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി

മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ മലയാണ്മയുടെ സ്വന്തം അമ്മ !

പ്രശസ്ഥ കവയിത്രി,പാരിസ്ഥിതിക പ്രവർത്തകയായ സുഗതകുമാരി ടീച്ചർ !

1934 ൽ ജനനം .ജനുവരി 22 ന് .

ജനിച്ചതും വളർന്നമതും തിരുവനന്തപുരത്താണെങ്കിലും ആറന്മുളയെക്കുറിച്ച് പറയാൻ ആയിരം നാവാണ് ടീച്ചർക്ക് .അമ്മയുടെ മുലപ്പാലിലൂടെ പകർന്നുകിട്ടിയ ആത്മബന്ധമാണ് ആറൻമുളയോടുള്ളത് .

ആദ്യകവിത 1987 ൽ മാതൃഭുമിയിലൂടെ .എഴുത്തും വായനയും ആസ്വാദനവും വിമർശനവും എല്ലാം ഒത്തിണങ്ങിയ ഗൃഹാന്തരീക്ഷം .ഭർത്താവ് പരേതനായ ഡോ .കെ വേലായുധൻ നായർ .മകൾ ലക്ഷ്‌മി ..അധ്യാപികയും വിദ്യാഭ്യാസവിദഗ്ധയുമായ ഹൃദയകുമാരി സഹോദരി .

 

മനസ്സിന് ദുഖമുണ്ടാകുമ്പോഴാണ് പലപ്പോഴും കവിതയുടെ കടന്നുവരവെന്ന് സുഗതകുമാരിടീച്ചർ.

വായനക്കാരെമാത്രം മുന്നിൽ കണ്ടുകൊണ്ടല്ല കവിതകൾ എഴുതുന്നത് , എല്ലാം ദുഖമാണെന്നും ദുഖത്തിൻറെ മൂലകാരണം തൃഷ്ണയാണെന്നും അവർ വിശ്വസിക്കുന്നപോലെ .

മനസ്സിന്റെ വൈകാരികമായ തളർച്ചയിൽ നിന്നാണ് സ്വയം സ്വാന്തനത്തിനായി പലപ്പോഴും നല്ല നല്ല കവിതകൾ പിറന്നു വീഴുന്നതത്രേ .

ഇന്ന് നിലവിലുള്ളതിൽ വെച്ചേറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നായ ബുദ്ധമതത്തിലെ ആര്യതത്വങ്ങൾ '' സർവ്വം അനിത്യം...സർവ്വം ദുഃഖം'' അവർ അയവിറക്കുന്നു .

ശരീരത്തിൻറെ ക്ഷണികതയെയും ബന്ധങ്ങളുടെ നിഷ്‌ഫലതെയേയും തിരിച്ചറിയാൻ തുടങ്ങുമ്പോൾ മരണം ഒന്നുമാല്ലാതാവുന്നഅവസ്ഥ .

മരണം അനുസ്‌മരിക്കുന്നത് നല്ലത് .

എന്നാൽ മരണം ആഘോഷിക്കുന്നതിൽ അശേഷം താൽപ്പര്യമില്ലെന്ന സത്യം പ്രമുഖ മാധ്യമത്തിലൂടെ അവർ ഈ അടുത്തദിവസം വ്യക്തമാക്കുകയുമുണ്ടായി.

മരണം ഒന്നിൻറെയും അവസാനമല്ല .ചിലതിൻറെ ആരംഭമാണ്, തുടർച്ചയാണെന്നും അവർ വിശ്വസിക്കുന്നതായി തോന്നി.  ഇനിയുമീ ഭൂമിയിൽ വരാനും അവശതയാനുഭവിക്കുന്നവർക്ക്‌ തണൽ മരമാകാനും അഭയമാകാനും മനസ്സ് കൊതിക്കുന്നപോലെ .

സമയമായെന്നതോന്നൽ ...ഔദ്യോദിക ബഹുമതികളും പുഷ്‌പചക്രങ്ങളും ആചാരവെടിയൊച്ചയുമില്ലാതെ... സഞ്ചയനവും പതിനാറടിയന്തിരവും അനുശോചനയോഗങ്ങളോ ഇല്ലാതെ  തൈക്കാട്ടെ ശാന്തികവാടത്തിലെ ചാരമായിമാത്രം അവസാനിക്കാനാഗ്രഹിച്ചു മലയാളത്തിന്റെ മഹാകവയിത്രി.

 

 മരണാന്തര ചടങ്ങുകളിൽ മിതത്വവും വേറിട്ട കാഴ്ചപ്പാടുമായി സ്വന്തം ശവകുടീരത്തിൽ കുറിച്ചിടാനുള്ള  രണ്ടുവരിക്കവിത ജീവിച്ചിരിക്കുമ്പോൾ എഴുതിവെച്ച  മലയാളത്തിലെ മറ്റൊരു മഹാകവിയെ ഓർത്തുപോകുന്നു ..

''തുച്ഛമാമീ ശവകുടീരത്തിൽവെച്ചിടായ്കൊരു ദീപനാളവും "

.വർണ്ണമനോഹരമായ പൂഞ്ചിറകുകളുമായി പറന്നടുക്കുന്ന പൂത്തുമ്പികളുടെ, ചെറു പ്രാണികളുടെ അതിലോലമായ ചിറകുകൾ തെളിയിച്ചുവെച്ച ദീപനാളത്തിൽ കരിഞ്ഞുപോകുമ്പോഴുള്ള മാനസികനൊമ്പരം തന്നെയാണ് കവിയുടെ ഈ വിലക്കിൻറെ മൂലകാരണം.

 സുഗതകുമാരിടീച്ചരും മരണാനന്തര ചടങ്ങുകളിൽ മിതത്വം വേണമെന്ന് മുന്നറിയിപ്പ് നൽകാൻ മറന്നില്ല . തിരുവനന്തപുരം പേയാടുള്ള അഭയയുടെ പിറകുവശത്തെ പാറക്കൂട്ടത്തിനിടക്ക് ചുവന്നപഴങ്ങളുണ്ടാകുന്ന നിറയെ കിളികൾക്ക് ചേക്കേറാനായി തൻറെ ഓർമ്മക്കായി ഒരു ആൽമരം മാത്രം . ആൽമരം കേവലം ഒരു മരം മാത്രമല്ല പുണ്യവൃക്ഷമാണ് .ശേഷ്ഠതയും പവിത്രതയുമുള്ള ഭാരതത്തിന്റെ ദേശീയ വൃക്ഷം . ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന വടവൃക്ഷത്തിനു ദീർഘായുസ്സാണ് .

 

ശക്തവും രാജ്യവ്യാപകവുമായ സൈലന്റ്‌വാലി സംരക്ഷണപ്രക്ഷോഭം അന്താരാഷ്‌ട്ര ശ്രദ്ധയും പരിഗണനയും നേടാൻ മാത്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമായി ജനഹൃദയങ്ങളിലെത്തിക്കാൻ മറ്റാരേക്കാളും മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ .

സൈലന്റ് വാലി എന്ന നിശ്ശബ്‌ദ താഴ്വരയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ മഹത്വവും പ്രാധാന്യവും അശേഷം വിലക്കെടുക്കാതെയും എല്ലാം ബോധപൂർവ്വം അവഗണിച്ചുകൊണ്ടും  1975 കാലഘട്ടത്തിൽ കുന്തിപ്പുഴക്ക് വിലങ്ങനെ അണക്കെട്ടുനിർമ്മിച്ചുകൊണ്ട് വൈദ്യുതി ഉണ്ടാക്കാനുള്ള മോഹവുമായി വികസനവാദികളുടെ വലിയ നിരതന്നെ രംഗത്തെത്തുകയുണ്ടായി . വിദ്യുച്ഛക്തി വകുപ്പിന്റെ സഹകരണം വേറെയും . സൈലന്റ്‌വാലിയിലൂടെ പരന്നൊഴുകുന്നകുന്തിപ്പുഴയെ ,സൈരന്ധ്രി വനത്തെ നശിപ്പിച്ചുകൊണ്ടായാലും വേണ്ടില്ല അണക്കെട്ടുനിർമ്മാണം നടക്കണം എന്ന താൽപ്പര്യങ്ങൾക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാൻ ,ത്യാഗോജ്വലമായ സഹനസമരമുറകളിലുടെ പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുൻനിരക്കാരിൽ ഏറെ മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 1984 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കുന്തിപ്പുഴയിലെ പാത്രക്കടവ് ജലവൈദ്യുതി പദ്ധതി നിർത്തലാക്കിയതായുള്ള ഒദ്യോഗിക പ്രഖ്യാപനം .

പുരസ്‌കാരങ്ങൾ

കേരളസാഹിത്യഅക്കാദമി പുരസ്‌ക്കാരം ,കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌ക്കാരം ,ഓടക്കുഴൽ പുരസ്‌കാരം ,വയലാർ അവാർഡ് ,ലളിതാംബിക അന്തർജ്ജനം അവാർഡ് ,കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ,അബുദാബി മലയാളിസമാജം അവാർഡ് ,ജന്മാഷ്‌ടമി പുരസ്കാരം , വിശ്വദീപം അവാർഡ് ,എഴുത്തച്ഛൻ പുരസ്‍കാരം ,

 ബാലാമണിഅമ്മ അവാർഡ് ,പത്‌മശ്രീ പുരസ്‌ക്കാരം ,പ്രകൃതിസംരക്ഷണ യത്നങ്ങൾക്കായുള്ള ഇന്ത്യാ ഗവർമ്മെണ്ടിൻറെ ആദ്യത്തെ ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര പുരസ്‌കാരം  ,സാമൂഹിക സേവനത്തിനുള്ള ജെംസർവ് അവാർഡ് ,2012 ലെ സരസ്വതി സമ്മാൻ , 2006 ൽ പദ്‌മശ്രീ .1985 ൽ അഭയ , സംസ്ഥാന വനിതാ കമ്മീഷൻറെ അധ്യക്ഷ ,

തിരുവനന്തപുരം ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ,കേന്ദ്ര സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസികയുടെ ചീഫ് എഡിറ്റർ ,സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ ,പ്രകൃതി സംരക്ഷണസമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി അങ്ങിനെ നീളുന്നു സ്ഥാനമാനങ്ങൾ .

capture

അനുഗ്രഹീത കവയത്രിയുടെ പിറന്നാള്‍ ഇന്ന് | Sugathakumari | Poet | Janayugom Special Story |


https://www.youtube.com/watch?v=XOiw1F56OCo

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan