നാടൻ ഭാഷ:
എം. മുകുന്ദൻ
''(വടക്കൻ കേരളത്തിന് ഒരു വാമൊഴി ഭാഷയുണ്ട്. അത് ഞാനടക്കമുള്ള ഇവിടുത്തെ എഴുത്തുകാർ വേണ്ടത്ര ഉപയോഗിച്ചിരുന്നില്ല.
മയ്യഴിയിൽ നിന്നു ഡൽഹിയിൽ പോയി, അവിടെ നിന്നു തിരിച്ചെത്തിയിട്ടും ഞാൻ മയ്യഴിയുടെ ഭാഷ അത്രയധികം ഉപയോഗിച്ചിരുന്നില്ല.
കുട നന്നാക്കുന്ന ചോയി എന്ന നോവലിലാണ് എന്റെ നാട്ടിലെ ഭാഷ കൂടുതൽ ഉപയോഗിച്ചത്. ആ നോവലിന്റെ വിജയത്തിന്റെ വലിയൊരു ഘടകവും ഭാഷയായിരുന്നു.
അടുത്തിടെ തൃശൂരിൽ നിന്നൊരു സ്ത്രീ വിളിച്ചു. കുട നന്നാക്കുന്ന ചോയിയിലെ ‘ലാച്ചാറ്’ എന്ന വാക്ക് വായിച്ചപ്പോൾ അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടത്രെ. ഇപ്പോൾ സംസാരത്തിൽ അവർ ലാച്ചാറ് എന്നുപയോഗിക്കാറുണ്ടെന്നും പറഞ്ഞു. (ലാച്ചാറ് എന്നാൽ ദാരിദ്ര്യം എന്നർഥം)."
ലാച്ചാറ് : സത്യൻ മാടാക്കര .
കൊട്ടയും വടിയും കയറുമായി
തട്ടീം മുട്ടീം പൊക്കണത്തോടെ
മിണ്ടി നടക്കുന്ന പോയത്തക്കാരാ
നമ്മളെപ്പൊഴും ലാച്ചാറ്.
പൊട്ടക്കിണറിൽ വീണ നിലാവിനെ
ഒറ്റലുമായി പിടിക്കാനിറങ്ങി
മേലേം താഴേം ഉദിപ്പു കണ്ട്
ഞെട്ടുമ്പോളെപ്പൊഴും ലാച്ചാറ് .
ചക്കരച്ചാത്തൻ്റെ തേങ്ങ കട്ടെന്നു
പേര് പറഞ്ഞ് തെങ്ങിന്മേൽ കെട്ടി
വന്നോരും പോന്നോരും തല്ലിച്ചതച്ച
വേദനയെന്നും ലാച്ചാറ്.
മുക്കിലെ മൂല കല്ലടുപ്പാക്കി
വിറക് കത്തിച്ചു കഞ്ഞി തിളപ്പിച്ചു
വായ് രുചി നോക്കാതെ വിശപ്പാറ്റുന്ന
വീടില്ലാത്തോർക്കെന്നും ലാച്ചാറ്.
മുങ്ങിത്താഴുന്ന പെണ്ണൊരുത്തിയെ
നീന്തിച്ചെന്നിക്കരെ കരയിലെത്തിച്ചു
മേനി പറയാതെ പൊങ്ങച്ചമില്ലാതെ
രക്ഷിച്ചോനെന്നും ലാച്ചാറ്.
കട്ടിക്കരിങ്കാറ് മാനം പുതയ്ക്കെ
വെട്ടുന്നിടിയും മിന്നലും നോക്കി
മഴ പെയ്യുമ്പോൾ പൂട്ടിയ പീട്യ-
കോലായതേടുന്നോർ ലാച്ചാറ്.
ഒന്നല്ല രണ്ടല്ല എണ്ണിപ്പറയാനായ്
കാര്യങ്ങൾ ഒന്നായടുക്കിപ്പിടിച്ച്
ആകാശ കുട കണ്ട് കുടയില്ലാതെ
നനഞ്ഞു നില്ക്കുന്നോർ ലാച്ചാറ് .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group