കൊച്ചി : മനസ്സിന്റെ ഉള്ളിൽ കവിത ഉയിരെടുക്കുന്നത് എങ്ങനെയെന്ന് തിരഞ്ഞുപോവുകയായിരുന്നു കവികൾ. ചിലനേരത്ത് പിറവികൊള്ളുന്ന വാക്കുകൾക്കുപിന്നിലെ കഥകൾ പറഞ്ഞ് കവികളായ അജീഷ് ദാസൻ, സെറീന, ബിജു റോക്കി എന്നിവർ എം.ബി.ഐ.എഫ്.എൽ. ‘സെയിം പേജ്’ വേദിയിൽ ചൊവ്വാഴ്ച എത്തി.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവിതയുടെ തുടക്കം ഒരു ഗാനത്തിൽ നിന്നായിരുന്നു. ‘‘പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ...’’ എന്ന തന്റെ ഗാനം പാടിയ അജീഷ് ദാസൻ പോയകാലത്തെ അലച്ചിലും കാത്തിരിപ്പും പറഞ്ഞു- ‘‘മഹാരാജാസ് കോളേജിൽ ബി.എ. തോറ്റപ്പോൾ ഒരു പുസ്തകക്കടയിൽ ജോലിക്ക് നിന്നിരുന്നു. അന്നൊക്കെ ഇവിടെ കവിയരങ്ങ് കേൾക്കാൻ വരുമായിരുന്നു.
കവിതയുടെ അസ്ക്യത എനിക്കുണ്ടെന്ന് അറിഞ്ഞിട്ടും മാനേജർ പക്ഷേ ഒരുദിവസം വിട്ടില്ല. ആ സ്ഥലത്താണ് ഇപ്പോൾ നിൽക്കുന്നത്. ഞാനെഴുതിയ കവിത ഇന്ന് എം.എ.യ്ക്ക് പഠിക്കാനുണ്ട്. ഇത് ഭാഗ്യമാണ്. മുകളിലൊരു വിധിവിളയാട്ടമുണ്ട്...’’
മതങ്ങൾക്കപ്പുറമുള്ള ആത്മീയതയാണ് തനിക്ക് കവിതയെന്ന് സെറീന പറഞ്ഞു. സത്യസന്ധതയോടെ തന്നെ ആവിഷ്കരിക്കാനുള്ള ഇടമാണത്. എഴുതുന്നതിന്റെ ശ്രദ്ധയും ശ്രമവും പോലെ പ്രധാനമാണ് വായന. ഒറ്റത്തിരിക്കലിൽ തുറക്കുന്ന പൂട്ടല്ല കവിത- സെറീന പറഞ്ഞു.
നൂറായിരം രീതികളിൽ എഴുതുന്നവരും അതിനപ്പുറം കാണുന്ന വായക്കാരുമുള്ളതിനാൽ കവിതയെ നിർവചിക്കാനാളല്ലെന്ന് ബിജു വർക്കി- ‘‘ഒരിക്കൽ വഴിയിലെ സ്ലാബുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ചെരിപ്പ് കണ്ടതിൽ നിന്നാണ് ജീവനുംകൊണ്ട് ഓടുകയാണ് എന്ന കവിതയുണ്ടായത്. അത് ആരുടെയാകാം. അവർ എന്തിനുള്ള ഓട്ടത്തിലായിരുന്നിരിക്കണം. അങ്ങനെ നിരവധി ചോദ്യങ്ങൾ മുന്നിൽ വന്നു...’’
ജിജി രഘു, എം.എസ്. ശ്രീകല, റൂബി ജോർജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. മാതൃഭൂമി ബുക്സ് അസിസ്റ്റന്റ് മാനേജർ സിജു എബ്രഹാം സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group