മട്ടന്നൂർ : ചെസിൽ ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുകയാണ് പത്തുവയസ്സുകാരനായ മാധവ്. ചതുരംഗക്കളത്തിൽ ഇതിനകം മികവുറ്റ നേട്ടങ്ങൾ ഈ കൊച്ചുമിടുക്കൻ കൈവരിച്ചു.
പുണെയിൽ നടന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ വിജയിച്ച മാധവ് തായ്‌ലാൻഡിൽ നടക്കുന്ന ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പ്, ഗ്രീസിൽ നടക്കുന്ന വേൾഡ് കാഡറ്റ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. കാസർേകാട് ചിന്മയ സ്കൂളിലെ നാലാംതരം വിദ്യാർഥിയാണ്.
കോവിഡിനെത്തുടർന്നുള്ള അടച്ചിടൽ കാലത്ത് അമ്മ ആരതിയോടൊപ്പമാണ് മാധവ് ചെസ് കളിച്ചുതുടങ്ങിയത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ കൂടുതൽ പരിശീലനം നൽകി. 2022 ജൂണിൽ നടന്ന ഏഴുവയസ്സിന് താഴെയുള്ളവരുടെ സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം നേടി. കുസാറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ടുവയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ചാമ്പ്യനായി. മാധവിന് ഫിഡെ റേറ്റിങ് 1577 ഉണ്ട്.
കഴിഞ്ഞവർഷം ഏപ്രിലിൽ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലും സംസ്ഥാന സ്പോർട്‌സ് കൗൺസിൽ ഡിസംബറിൽ നടത്തിയ സ്റ്റേറ്റ് ടെക്‌നിക്കൽ കമ്മിറ്റി ചാമ്പ്യൻഷിപ്പിലും റണ്ണറപ്പായി.
സ്പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച അണ്ടർ ഒൻപത്, അണ്ടർ 13, അണ്ടർ 19 മത്സരങ്ങളിൽ കാസർകോട് ജില്ലാ ചാമ്പ്യനുമായി. കാസർകോട് വിഷി ചെസ് സ്കൂൾ മാസ്റ്റർ വി.എൻ.രാജേഷ്, ഇന്റർനാഷണൽ മാസ്റ്റർ ശരൺറാവു എന്നിവരുടെ കീഴിലാണ് മാധവ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
കാസർകോട് എൽ.ബി.എസ്. എൻജിനീയറിങ് അധ്യാപകരായ മട്ടന്നൂർ ശിവപുരം സ്വദേശി ഡോ. സി.രാഹുലിന്റെയും ഡോ. ആരതി തിരുവോത്തിന്റെയും മകനാണ് മാധവ്. ശ്രീറാം സഹോദരനാണ്.
പത്തുവയസ്സിനിടെ അന്തർദേശീയതലത്തിൽ ശ്രദ്ധനേടിയ മാധവ് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള തീവ്രപരിശീലനത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group