ഗ്രാമീണ ജനതയുടെ പാഠശാല
: സത്യൻ മാടാക്കര
ഒരു വായനശാലയില്‍ എല്ലാ പത്രങ്ങളും ഉണ്ടാവും. അവിടെ തരംതിരിവില്ല. വായനയുടെ ഈ ഏകോപനം പഠിയ്ക്കപ്പെടേണ്ട സംഗതിയാണ്. നോവല്‍, ക്ലാസിക് കൃതികള്‍ പരിഭാഷകളിലൂടെ മലയാളത്തിന് അപ്പുറത്തുള്ളൊരു വായനാ സംസ്ക്കാരം മലയാളിക്ക് നല്‍കുന്നതില്‍ ഗ്രന്ഥശാലകള്‍ വാഹിച്ച പങ്ക് വലിയൊരു അധ്യായമാണ് കേരളത്തില്‍ എഴുതിച്ചേര്‍ത്തത്
വാക്കിന്റെ വെളിച്ചം നിലനിര്‍ത്തുന്നതില്‍ വായനക്ക് വലിയ പങ്കുണ്ട്. എഴുത്തും വായനയും തന്നെയാണ് സംസ്ക്കാരത്തിന്റെ പ്രബുദ്ധത. സര്‍ഗ്ഗാത്മകമായ വായന പുതിയ വായനക്കാരനെ സൃഷ്ടിക്കുന്നു. നവോത്ഥാന കാലഘട്ടം മുതല്‍ കേരള സംസ്ക്കാരത്തെ പുതിയ മാനവികത നല്‍കി ചലനാത്മകമാക്കുന്നതില്‍ നമ്മുടെ വായനശാലകള്‍ വഹിച്ച പങ്ക് ചില്ലറയല്ല. അത് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യസ്ഥാനം ഏറ്റെടുത്ത പി.എന്‍.പണിക്കരെ ഇന്ന് എത്രപേര്‍ ആലോചിക്കുന്നു. നാട്ടുമ്പുറത്തെ ഗ്രാമീണ ഗ്രന്ഥാലയങ്ങളുടെ സ്ഥിതി ഇന്നെന്താണ്? സാക്ഷരനായ മലയാളി, ശ്രേഷ്ഠ മലയാളത്തില്‍ നില്‍ക്കുന്ന മലയാളി വീണ്ടു വിചാരത്തോടെ ആലോചിക്കേണ്ടതുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായകമായ എത്രയോ മുഹൂര്‍ത്തങ്ങള്‍ സാക്ഷ്യമായി നമ്മുടെ മുമ്പിലുണ്ട്. അതിലൂന്നി സംസ്ക്കാരത്തെ നിലനിര്‍ത്തുന്ന വായന പ്രചരിപ്പിക്കുന്നതില്‍ എല്ലാ മലയാളിക്കും ഉത്തരവാദിത്വമുണ്ട്. വായനയില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന ജലം പോലെയാണ്. എല്ലാ അഴുക്കുകളും അതില്‍ അടിഞ്ഞു കിടക്കും. എല്ലാ ചീത്ത കാര്യങ്ങളും സമൂഹത്തില്‍ മേല്‍ക്കൈ നേടും. ചോദ്യങ്ങള്‍ ഇല്ലാതെ ഉത്തരങ്ങള്‍ മാത്രം കേട്ടിരിക്കുന്നവരായി മാറും.
"ഒരാളുടെ വായന അയാളുടെ ജീവചരിത്രം തന്നെയാണ്. നാലാംക്ലാസ് കഴിയുന്നതിന് മുമ്പ് ആശാന്റെ ലീല വായിച്ചു. അന്ന് എന്തെങ്കിലും എനിക്ക് മനസ്സിലായിട്ടുണ്ടാവുമോ? നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ ഒപ്പമിരുന്ന് എഴുത്തച്ഛന്റെ മഹാഭാരതം വായിച്ചിട്ടുണ്ട്. യുദ്ധത്തേയും മരണത്തേയും കുറിച്ച് വായിക്കുമ്പോള്‍ കരഞ്ഞതേ അന്ന് ഓര്‍മ്മയുള്ളു. പാവറട്ടി സംസ്കൃത കോളേജില്‍ ചെന്നതിനു ശേഷം കൂടുതല്‍ വായിക്കാന്‍ തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കങ്ങളില്‍ വക്കം അബ്ദുള്‍ ഖാദറിന്റെ (വക്കം മൗലവിയുടെ മകന്‍) ലേഖനങ്ങള്‍ വരും. പാശ്ചാത്യ പണ്ഡിതരുടേയും കവികളുടേയും ചിത്രകാരന്മാരുടേയും ചിന്ത, ജീവിതം എന്നതിനെക്കുറിച്ച് അദ്ദേഹം വായിച്ച പരാവര്‍ത്തനമായിരുന്നു ഈ ലേഖനങ്ങള്‍. എനിക്കത് വലിയ സഹായമായി. ഭഗത്സിംഗ്, ചന്ദ്രശേഖരന്‍ ആസാദ്, എന്നിവരുടെ ജീവിതം അറിഞ്ഞപ്പോള്‍ ഇടതുപക്ഷ ചിന്തയോട് ആഭിമുഖ്യമുണ്ടായി. പാവങ്ങള്‍ വായിക്കുന്നത് 17-ാം വയസ്സിലാണ്. അത് കഴിഞ്ഞ ഉടന്‍ കുറ്റഴും ശിക്ഷയും. ഈ നോവലിനപ്പുറത്ത് ഇതുവരെ എനിക്കൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ബഷീറിന്റെ ബാല്യകാലസഖി. വായനശാലയില്‍ നിന്ന് വീട്ടിലേക്ക് രണ്ട് രണ്ടര കിലോമീറ്ററുണ്ട്. വായനശാലയില്‍നിന്ന് വീട്ടിലെത്തുമ്പോഴേക്കും ബാല്യകാലസഖി വായിച്ചു കഴിഞ്ഞിരുന്നു. പിന്നെയൊരു 16 തവണ വായിച്ചു." (കോവിലന്‍). മലയാളം കണ്ട വലിയ നോവലിസ്റ്റായ കോവിലന്റെ ഈ അനുഭവത്തില്‍നിന്ന് വായന ഒരാളെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നുവെന്ന് വായിച്ചെടുക്കാനാവുന്നു.
നമുക്കിപ്പോള്‍ മറ്റൊരു ദേശത്തുമില്ലാത്ത ആനുകാലികങ്ങള്‍ ഉണ്ട്. പുസ്തകള്‍, സിനിമ, കവിത, യുട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എല്ലാം നിറഞ്ഞൊരു ലോകം. പക്ഷേ, കോവിലന്‍ സൂചിപ്പിച്ചതുപോലുള്ള അനുഭവം പുതിയ തലമുറക്കുണ്ടോ? കെട്ടകാലത്തിന് പൊയ് വാക്കുകള്‍ നല്‍കുന്നവരായി മാറുമ്പോഴല്ല ജനശക്തിക്ക് ജാഗ്രത പകരുമ്പോഴാണ് യൗവ്വനം സഫലമാവുക.
നമ്മുടെ കാലത്തെ യൗവ്വനത്തെക്കുറിച്ച് എം.ടി. എഴുതിയത് വായിച്ചു കണ്ണ് തുറക്കേണ്ടതുണ്ട്. "ഈയടുത്ത് ഒരു കോളേജില്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ ശില്പശാലയില്‍ പങ്കെടുത്ത് സംസ്ക്കാരിക്കവെ, സാഹിത്യവും സിനിമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു. ബഷീറിന്റെ പാത്തൂമ്മയുടെ ആട് ചലച്ചിത്രമാക്കിയാല്‍ ആ നോവല്‍ വായിച്ച അനുഭവം സിനിമയില്‍ നമുക്ക് കിട്ടിയെന്നു വരില്ല. ബഷീറിന്റെ ഭാഷ അത്രയ്ക്ക് വ്യത്യാസമാണ്. കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു. 'പാത്തൂമ്മയുടെ ആട്' എന്ന നോവല്‍ വായിക്കാത്തവര്‍ ആരെങ്കിലും ഈ കൂടിയിരിക്കുന്നവരില്‍ ഉണ്ടോ? സത്യം പറയട്ടെ, മലയാള സാഹിത്യം ഐച്ഛികമായെടുത്ത് പത്ര പ്രവര്‍ത്തക പരിശീലനത്തിന് ഒരുങ്ങുന്ന അവരില്‍ ഒരാള്‍ പോലും ബഷീറിന്റെ നോവല്‍ വായിച്ചിട്ടില്ലത്രെ! " (എം.ടി.വാസുദേവന്‍ നായര്‍)
ഇലക്ട്രോണിക് മീഡിയകളില്‍ ഇരുപത്തിനാല് മണിക്കൂറും ഇടപെടുന്ന പുത്തന്‍ സംസ്കൃതിയുടെ ചിത്രമാണ് എം.ടി. പറഞ്ഞത്. നിലനില്‍പ്പിന്റെ സംഘര്‍ഷം, ഉത്തരവാദിത്തങ്ങള്‍ നിസ്സാരമായി കാണുന്നില്ല. പക്ഷേ, അക്ഷരം അഗ്നിയാണെന്ന് ബോധ്യപ്പെടുത്തിയ എഴുത്തുകാരുടെ കൈയൊപ്പ് നിറഞ്ഞ എഴുത്തുകാര്‍ ഹൃദിസ്ഥമാക്കാന്‍ കാണിക്കുന്ന വിമുഖത ഒരു നല്ല പ്രവണതയല്ല. വായനയുടെ ജനാധിപത്യം പൂര്‍ത്തിയാക്കുന്നതില്‍, ജനങ്ങളുടെ ബഹുസ്വത ഉറപ്പിക്കുന്നതില്‍ വായനശാലക്കുള്ള പങ്ക് എത്ര പേര്‍ തിരിച്ചറിഞ്ഞുവെന്നറിയില്ല. ഒരു വായനശാലയില്‍ എല്ലാ പത്രങ്ങളും ഉണ്ടാവും. അവിടെ തരംതിരിവില്ല. വായനയുടെ ഈ ഏകോപനം പഠിയ്ക്കപ്പെടേണ്ട സംഗതിയാണ്. നോവല്‍, ക്ലാസിക് കൃതികള്‍ പരിഭാഷകളിലൂടെ മലയാളത്തിന് അപ്പുറത്തുള്ളൊരു വായനാ സംസ്ക്കാരം മലയാളിക്ക് നല്‍കുന്നതില്‍ ഗ്രന്ഥശാലകള്‍ വാഹിച്ച പങ്ക് വലിയൊരു അധ്യായമാണ് കേരളത്തില്‍ എഴുതിച്ചേര്‍ത്തത്. ഒരാള്‍ക്കൊപ്പം ഒരാശയം കൂടി നടന്നു പോവുകയായിരുന്നു. ജീവിക്കുമ്പോള്‍ തന്നെ അയാളില്‍/അവളില്‍ സര്‍ഗ്ഗാത്മകതയുടെ ചിറക് മുളച്ചു വരികയായിരുന്നു. പരിമിതികളെ ഓര്‍മ്മപ്പെടുത്തി സമൂഹത്തിന്റെ ചലനങ്ങളുമായി സാംസ്ക്കാരിക ജീവിതം ഉഴുതു മറിച്ചിടുകയായിരുന്നു. അത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വശമായിരുന്നു. വായന അടയാളപ്പെടുത്തലുമായി നിറഞ്ഞു നിന്നു. അതിന്റെ ഘടന വിജനയുടേതല്ല ചിന്തയുടെ ജനലുകള്‍ തുറന്നിട്ടതായിരുന്നു. കൊടിയ അനീതികളോട് വിയോജിപ്പും, ന്യായമായതിനോട് പക്ഷം ചേര്‍ന്നും, ഉച്ചനീചത്വങ്ങളോട് എതിരിട്ടും നില്‍ക്കാന്‍ ധൈര്യം നല്‍കിയത് പൊതു പ്രവര്‍ത്തനത്തിനൊപ്പം തന്നെ സാക്ഷരതയും വായനയും നിലനിര്‍ത്തിയ ഗ്രന്ഥശാലകളും കലാസമിതികളുമാണ്. അക്ഷരം വായിച്ചു പഠിച്ച് പുരോഗമന പരവും തീപ്പാറിക്കുന്നതുമായ ജീവിതപ്പാത കടന്ന വി.ടി.ഭട്ടതിരിപ്പാടിലുണ്ട് ആ ജീവിത കഥ. എഴുത്തും വായനയും പഠിച്ചെടുക്കാന്‍ വന്നവരോട് ജാതിയും മതവും ചോദിക്കാതെ അക്ഷരം പകര്‍ന്നു നല്‍കിയ പുന്നശ്ശേരി നമ്പിയിലുണ്ട് ആ ആദര്‍ശം. സെക്കന്‍ററി വിദ്യാഭ്യാസം വെച്ച് വായനയിലൂടെ ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്കൊപ്പം വളര്‍ന്നു വലുതായ എം.ഗോവിന്ദനിലുണ്ട് അതിന്റെ വലുപ്പം. പോര്‍ച്ചുഗീസുകാര്‍ നടത്തിയ മുസ്ലീം ആക്രമണങ്ങള്‍ക്കെതിരെ പടപൊരുതാന്‍ 'തുഫതുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥത്തിലൂടെ ചരിത്രപരമായി അപഗ്രഥനം നടത്തി എതിരിടലിന് ആഹ്വാനം ചെയ്ത് ശൈഖ് സൈനുദ്ദീന്‍ മഖ്തൂമിലുണ്ട് ജനസാമാന്യത്തിന് വായന നല്‍കുന്ന പ്രബുദ്ധതയുടെ ഉന്നതി.
വായനയെ സ്നേഹിച്ച്, വിദ്യാലയങ്ങളും, പഠനകേന്ദ്രങ്ങളും സ്ഥാപിച്ച ആചാര്യന്മാരെ വന്ദിച്ചുകൊണ്ട് അക്ഷരത്തെ സ്നേഹിയ്ക്കാം. അതിലുണ്ട് 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്നതിന്റെ അഗ്നിപ്പൊരുള്‍. ഗ്രന്ഥശാലകളെ നില നിര്‍ത്തേണ്ടതുണ്ട്. പുസ്തകങ്ങള്‍ വായിക്കപ്പെടേണ്ടതുണ്ട്. അത് നാടിന്റെ വെളിച്ചമാണ്. ആ വെളിച്ചത്തിലൂടെയാണ് നവോത്ഥാനം മുതല്‍ ജനാധിപത്യ സംസ്കൃതിവരെ നമ്മളെത്തിച്ചേര്‍ന്നത്. മാനുഷിക വിനിമയത്തിന്റെ സാധ്യതതകളാണ് നിലനിര്‍ത്തേണ്ടത്. വായന പുറമ്പോക്കിലാവുമ്പോള്‍ അക്ഷരത്തിന്റെ അഗ്നിയാണ് കെട്ടുപോകുന്നത്. വൃത്തിയും വെടിപ്പുമുള്ള ഭാഷയിലൂടെ വ്യത്യസ്തകളുടെ സംസ്ക്കാര മുദ്ര തരുന്ന അറിവുകള്‍ സാമൂഹ്യേച്ഛ നിറവേറ്റുന്നു. ആശയ രൂപത്തിലുള്ള വിശകലനം സാമൂഹ്യപരമായ കടമ നിറവേറ്റുമ്പോള്‍ അത് ആത്മധൈര്യമില്ലാത്തവര്‍ക്ക് ധൈര്യം നല്‍കുന്നു. രാഷ്ട്രീയവും-സാമൂഹ്യവുമായ വിവേചനങ്ങളില്‍ അവഗണിക്കപ്പെടുന്ന, അരികിലാക്കപ്പെടുന്നവര്‍ക്ക് സാന്ത്വനമാകുന്നു. മൂല്യബോധമുള്ള ജീവിതത്തിലേക്കാണ് വഴി തുറക്കപ്പെടേണ്ടത്.
"നിത്യതയുടെ ശബ്ദം ഇങ്ങനെ പാടുന്നു
നിമിഷങ്ങളെ ഒരിക്കലും ഭയപ്പെടാതിരിക്കുക.
ചിന്ത അതിന്റെ തന്നെ
വാക്കുകള്‍ ഭക്ഷിച്ച് വളരുന്നു
സംഭവ്യത അസംഭവ്യതയോട് ചോദിക്കുന്നു,
എവിടെയാണ് നിന്റെ വാസസ്ഥലം?
ദുര്‍ബലന്റെ സ്വപ്നങ്ങളിലാണ് എന്ന് ഉത്തരം."
- (രവീന്ദ്രനാഥ ടാഗോര്‍ വിവ: ലിസ് ജേക്കബ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group