പുതിയ കാലത്തോടു ചോദ്യശരങ്ങളുമായി ആശാന്റെ ‘നായികമാർ’

പുതിയ കാലത്തോടു ചോദ്യശരങ്ങളുമായി ആശാന്റെ ‘നായികമാർ’
പുതിയ കാലത്തോടു ചോദ്യശരങ്ങളുമായി ആശാന്റെ ‘നായികമാർ’
Share  
2025 Jan 12, 09:57 AM

ആറ്റിങ്ങൽ: ജന്മമെടുത്ത് ഒരു നൂറ്റാണ്ടിനിപ്പുറം കവിതയിൽനിന്നു പുറത്തിറങ്ങുന്ന നായികമാർ. അവർ ഒറ്റയ്ക്കും കൂട്ടായും കവിയുടെ മുന്നിലെത്തി ഉന്നയിക്കുന്ന ചോദ്യങ്ങൾ. അവയ്ക്കുമുന്നിൽ നിസ്സഹായതയോടെ നിശ്ശബ്ദനായിപ്പോകുന്ന കവി. കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള നവോത്ഥാന സന്ദേശയാത്രയുടെ ഉദ്ഘാടനവേദിയിൽ അരങ്ങേറിയ ‘ചിന്താവിഷ്ടയായ സീത’ എന്ന നൃത്തനാടകം കേരളീയ മനസ്സാക്ഷിയോടു ചില ചോദ്യങ്ങളുയർത്തുകയാണ്. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ഉദ്‌ഘോഷണത്തിലൂടെ കേരളീയ സാംസ്കാരികജീവിതത്തിൽ വിപ്ലവത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട കുമാരനാശാന്റെ നായികമാരുടെ ചോദ്യങ്ങൾ തീർച്ചയായും മലയാളിയെ ചിന്തിപ്പിക്കും. കാരണം നളിനിയും ലീലയും മാതംഗിയും വാസവദത്തയും സീതയും സാവിത്രിയുമെല്ലാം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. എന്തുനടന്നുകാണണമെന്ന് താനാഗ്രഹിച്ചുവോ അതിന്റെ വിപരീതദിശയിൽ നാടിന്റെ സാംസ്കാരികമനസ്സ് സഞ്ചരിക്കുന്നതോർത്താണ് കവിയുടെ നിശ്ശബ്ദത. ‘പുരുഷന്റെ ഭുജശാഖവിട്ട് പറന്നുയരുന്ന സ്ത്രീ’യെ സൃഷ്ടിച്ച് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും സ്ത്രീജീവിതത്തിന് എന്ത് മാറ്റമാണുണ്ടായതെന്ന ചോദ്യവുമാണവരുയർത്തുന്നത്. സീതയെ മുൻനിർത്തിയാണ് മറ്റു നായികമാരുടെ രംഗപ്രവേശം. ആശാന്റെ സീത അന്നുയർത്തിയ ചോദ്യങ്ങൾ ഒരിക്കൽക്കൂടി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ഈ നൃത്തനാടകം. ആ ചോദ്യങ്ങൾക്ക് അന്നുണ്ടായിരുന്നതുപോലെയുള്ള പ്രസക്തി വർത്തമാനകാലത്തിലുമുണ്ടെന്ന് നാടകം വിളിച്ചുപറയുന്നു.


ജാതിവ്യവസ്ഥയും വേദങ്ങളും സാമൂഹികജീവിതത്തിലും സ്ത്രീജീവിതത്തിലുമുണ്ടാക്കിയ കഷ്ടനഷ്ടങ്ങളെത്ര വലുതാണെന്ന് ഈ നാടകം സംവദിക്കുന്നു. പ്രണയവിഹീനമായ കാമത്തേക്കാൾ സ്ത്രീയാഗ്രഹിക്കുന്നത് പ്രണയവിനിമയമായ രതിയാണെന്ന ബോധ്യപ്പെടുത്തലും ഈ നായികമാർ നടത്തുന്നുണ്ട്. കായിക്കര ആശാൻസ്മാരകത്തിൽ അരങ്ങേറിയ നാടകത്തെ കാണികൾ ഹർഷാരവങ്ങളോടെയാണ് ഹൃദയത്തിലേക്കെടുത്തത്.


വിദ്യാർഥികളുടെ സാംസ്കാരികക്കൂട്ടായ്മയായ വൈറ്റ് റോസാണ് നൃത്തനാടകം അരങ്ങിലെത്തിക്കുന്നത്. എം.കൃഷ്ണകുമാർ രചനയും ജി.എസ്.ശാലിനി സംവിധാനവും എസ്.അനന്തഗോപാൽ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.


എസ്.ദീപ്തി, അഖിൽമുരളി, ജി.എസ്.ശാലിനി, എസ്.ആമി, എസ്.ലക്ഷ്മി, ജെ.മീര, കെ.റഹീം, ആഷ്‌ന തമ്പി, അഭിരാമി വിശ്വനാഥൻ, നിള മോഹൻകുമാർ, ബി.എസ്.ഇവാൻ, ആർണവ് ചെറിയാൻ എന്നിവരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. നവോത്ഥാനസന്ദേശയാത്രയുടെ ഭാഗമായി വിവിധ വേദികളിൽ ഈ നൃത്തനാടകം അരങ്ങേറും.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH