‘കലസ്ഥാന’മായി മാറിയ അഞ്ചുദിനങ്ങൾ

‘കലസ്ഥാന’മായി മാറിയ അഞ്ചുദിനങ്ങൾ
‘കലസ്ഥാന’മായി മാറിയ അഞ്ചുദിനങ്ങൾ
Share  
2025 Jan 09, 09:59 AM
vtk
PREM

തിരുവനന്തപുരം: കാസർകോടുമുതൽ പാറശ്ശാലവരെയുള്ള കൗമാരപ്രതിഭകൾ നഗരം കീഴടക്കിയ അഞ്ചുദിനങ്ങളാണ് കടന്നുപോയത്. കലയുടെ കൈവഴികളിലൂടെ ഒഴുകിയെത്തിയവർ. കേരളത്തിന്റെ കലാപരിച്ഛേദമായി തലസ്ഥാനം മാറിയ ദിവസങ്ങളായിരുന്നു അവ. അഞ്ചുദിവസത്തെ ആഘോഷത്തിമിർപ്പിന് സമാപനംകുറിച്ച് അവർ മടങ്ങുമ്പോൾ സംഘാടനത്തിലും സ്വീകാര്യതയിലും മികവുപുലർത്തിയ മേളയ്ക്ക്‌ വേദിയായതിന്റെ ആവേശത്തിലാണ് തലസ്ഥാനനഗരം. കലോത്സവമല്ലാതെ മറ്റൊന്നും ചർച്ചചെയ്യാത്ത ദിനങ്ങൾ. മത്സരാർഥികളും രക്ഷാകർത്താക്കളും അധ്യാപകരുമായിരുന്നു നഗരത്തിലെങ്ങും. കുരുന്നു പ്രതിഭകൾക്ക് പിന്തുണയേകാൻ നഗരവാസികൾ ഒഴുകിയെത്തിയതോടെ വേദികൾ പലതും നിറഞ്ഞുകവിഞ്ഞു.


പതിനയ്യായിരത്തോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കലോത്സവ മത്സരയിനമായി. ഓരോ ജില്ലയിലെ മത്സരാർഥികളുടെ താമസസ്ഥലം, രജിസ്‌ട്രേഷൻ കേന്ദ്രം, ഭക്ഷണസ്ഥലം തുടങ്ങിയ വിശദാംശങ്ങൾ ക്യു.ആർ. കോഡിലൂടെയാണ് സജ്ജമാക്കിയത്.


പല നാടുകളുടെ കഥപറഞ്ഞ്, തലസ്ഥാനത്തെ രുചികൾ നുണഞ്ഞ് നഗരവീഥികളിൽ നിറഞ്ഞുല്ലസിച്ച് കുട്ടികൾ നടന്നു. ആദ്യമായി തിരുവനന്തപുരം കണ്ടതിന്റെയും കലോത്സവത്തിന്റെ കന്നിയാത്രയുടെയും ആവേശത്തിലായിരുന്നു ഭൂരിഭാഗംപേരും.


വെള്ളിയാഴ്ച ഉച്ചയോടെയാണ് മലബാറിൽ നിന്നുള്ള ആദ്യസംഘം തലസ്ഥാനത്തെത്തിയത്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ സജ്ജമാക്കിയ പല നിറങ്ങളിലെ വൈദ്യുത ദീപാലങ്കാരങ്ങളുടെ ആകാശക്കാഴ്ചകൾ കണ്ട് കനകക്കുന്ന് കയറി മ്യൂസിയത്തിലൂടെ നടന്ന് നഗരത്തിന്റെ വിവിധയിടങ്ങളിലെ വേദികളിലേക്ക് അവർ സഞ്ചരിച്ചു.


മംഗലംകളി, പണിയനൃത്തം, മലപ്പുലയയാട്ടം, ഇരുളനൃത്തം തുടങ്ങിയ ഗോത്രകലകൾ ആദ്യമായി കണ്ട് ആതിഥേയരായ അനന്തപുരിയും ആവേശം പൂണ്ടു.


നാടകം കാണാനായി ടാഗോർ തിയേറ്ററിലേക്ക് ആസ്വാദകരുടെ തിരക്കായിരുന്നു. ഒടുവിൽ എത്തിച്ചേർന്ന പലരും ഇരിപ്പിടമില്ലെങ്കിലും മണിക്കൂറുകൾ നിന്നനിൽപ്പിൽ നാടകം ആസ്വദിച്ചു. പരസ്പരം യാത്രപറയാതെ വീണ്ടും കാണാമെന്ന പ്രതീക്ഷ നൽകിയും അവസാന സ്കൂൾ കലോത്സവത്തിന്റെ ഓർമ്മകൾ പെറുക്കിയും പലരും സൗഹൃദങ്ങൾ ചേർത്തണച്ചു.


കലോത്സവത്തിരക്കിനിടയിൽ തിരുവനന്തപുരത്തെ നാട്ടുരുചികൾ തേടിയും കാഴ്ചകളുടെ പൊന്മുടി കയറിയും കലോത്സവക്കുട്ടികൾ അഞ്ചുനാൾ വൈബിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മത്സരങ്ങൾ അവസാനിച്ചെങ്കിലും അങ്ങിങ്ങായി പാട്ടും മേളവുമായി കുട്ടിക്കൂട്ടം ഒത്തുചേർന്നു, അടുത്തവർഷത്തിനായുള്ള കാത്തിരിപ്പിന്റെ പാട്ടും താളവുമായി.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI