പയ്യന്നൂർ : കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച നടന്നത് വായനയുടെ പുതുചരിത്രം. വായന മരിക്കുന്നു എന്ന് ആശങ്കപ്പെടുന്ന കാലത്ത് ഒറ്റദിനത്തിൽ ഒരേസമയത്ത് 31 വേദികളിലായി നടന്നത് 1500 പുസ്തകങ്ങൾ വായിച്ച, 1500 പേർ അവതരിപ്പിച്ച പുസ്തക അവലോകനം. പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പും അവലോകനവും തയ്യാറാക്കിയത് സ്കൂളിലെ 1200 വിദ്യാർഥികൾ. ഒപ്പം അധ്യാപകരും രക്ഷിതാക്കളുമായി 300 പേരും. കുട്ടികളിൽ എൽ.കെ.ജി. വിദ്യാർഥികൾ മുതൽ പ്ലസ്ടു വിദ്യാർഥികൾ വരെയുണ്ട്. ഒരേസമയം 31 വേദികളിലായിരുന്നു പുസ്തകാവതരണം.
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലും സ്കൂളും ചേർന്ന് ഈ വായനായനം പരിപാടി സംഘടിപ്പിച്ചത്. സാഹിത്യവും ചരിത്രവും സഞ്ചാരവും ജീവചരിത്രവും ശാസ്ത്രവുമെല്ലാം വായിച്ച കുട്ടികളുടെ അവലോകനങ്ങൾ കേട്ട് അധ്യാപകരും രക്ഷിതാക്കളും അത്ഭുതപ്പെട്ടു. കാലവും നാലുകെട്ടും രണ്ടാമൂഴവുമെല്ലാം വായിച്ച് കുട്ടികൾ അഭിപ്രായം പറഞ്ഞു.
ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ വായിച്ച് കർണന്റെ മനോരഥങ്ങൾ വിശദീകരിച്ച അവർതന്നെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിനെക്കുറിച്ചും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും അവലോകനം തയ്യാറാക്കി. ജീവചരിത്രങ്ങൾ വായിച്ച് മഹാന്മാരെ ചൂണ്ടിക്കാട്ടി. ആത്മകഥകൾ ഹൃദിസ്ഥമാക്കി രചയിതാവിനെക്കുറിച്ച് വിശദീകരിച്ചു.
31 വേദികൾക്കും 31 എഴുത്തുകാരുടെ പേരായിരുന്നു. പ്രധാന വേദി എം.ടി.യുടെ പേരിലായിരുന്നു. പരിപാടി ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമാപനപരിപാടി നഗരസഭാധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group