കൂടുതൽ വേഗത്തിൽ കൂടുതൽ ദൂരം താണ്ടാൻ കൂടുതൽ പരിശ്രമവുമായി നിയാസ് ഒരുങ്ങുകയാണ്. പരിമിതികളെ കാറ്റിൽ പറത്തി പ്രതിസന്ധികളെ ചാടിക്കടന്ന് ചാമ്പ്യനാകാൻ. ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറാനുള്ള ആദ്യ പടിയായി രണ്ടിന് തിരുവനന്തപുരത്തേക്ക് പോവും. ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ മീറ്റിന് മുന്നോടിയായുള്ള ക്യാമ്പിൽ പങ്കെടുക്കാനാണ് തലസ്ഥാനത്തേക്കുള്ള ഈ യാത്ര. ഇവിടെനിന്ന് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് പടിപടിയായി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡൽ നേടുകയെന്ന സ്വപ്നം പൂവണിയാനുള്ള പരിശ്രമത്തിലാണ് നിയാസ് അഹമ്മദെന്ന കൗമാര കായികതാരം.
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവും വേഗമേറിയ താരമായി തിരഞ്ഞെടുത്ത നിയാസ് അഹമ്മദിന് നേടാനേറെയുണ്ട്. അംഗടിമൊഗർ ജി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസുകാരൻ സബ് ജൂനിയർ 100 മീറ്റർ ഓട്ടമത്സരത്തിലാണ് സ്വർണം നേടിയത്. കാഴ്ചപരിമിതിയെ മറികടന്ന് ഓടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ആദ്യമായി ഏഴാം ക്ലാസിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ചുറ്റുമുള്ളവർക്ക് ആശങ്കയായതും അതായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് മത്സരത്തിൽ വിജയിച്ചു. അതോടെ നിയാസിന്റെ ആഗ്രഹങ്ങൾ നിസ്സാരമല്ലെന്ന് വീട്ടുകാർക്കും കൂട്ടുകാർക്കും അധ്യാപകർക്കും മനസ്സിലായി. പിന്നീട് ആശങ്കകളെല്ലാം കളഞ്ഞ് എല്ലാവരും നിയാസിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും സ്കൂളിൽ ഒന്നാം സ്ഥാനം നേടി. എന്നാൽ, പനി കാരണം ആ വർഷം ഉപജില്ലാ മത്സരം നഷ്ടമായി. ഒരുപാട് ആഗ്രഹിച്ചിട്ടും പങ്കെടുക്കാൻ കഴിയാത്തതിലുള്ള സങ്കടം ഉണ്ടായിരുന്നെങ്കിലും അതിനെ വാശിയാക്കി മാറ്റിയാണ് ഇത്തവണത്തെ മത്സരങ്ങളിൽ പങ്കെടുത്തത്. നിയാസ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് അധ്യാപകർക്കും തീർച്ചയായിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെതന്നെ നിയാസ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ജില്ലാ മത്സരത്തിൽ ഒപ്പം മത്സരിച്ചവരെ പിന്നിലാക്കി ആദ്യമായി സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിൽ പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ കാഞ്ഞങ്ങാട്ടുള്ള സിന്തറ്റിക് ട്രാക്കിൽ അവധി ദിവസങ്ങളിലാണ് പരിശീലിച്ചിരുന്നത്. സ്കൂളിലെ കായികാധ്യാപകൻ ശുഭരാജാണ് നിയാസിന്റെ പരിശീലകൻ. അംഗടിമൊഗറിൽ ചെരുപ്പുകട നടത്തുന്ന അബ്ദുൾ ഹമീദിന്റെയും നസീമയുടെയും മകനാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group