മാനന്തവാടി : ഞങ്ങളുടെ സമരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയല്ലെന്നും കോർപ്പറേറ്റുകൾക്കെതിരെയാണെന്നും കർഷക പ്രക്ഷോഭത്തിന്റെ നേതാവും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായ സുഖ്ദേവ് സിങ് കോക്രി പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
മുൻ ശാസ്ത്ര അധ്യാപകനായ താൻ ദരിദ്രകർഷകന്റെ മകനായാണ് ജനിച്ചത്. വ്യക്തിപരമായ അനുഭവങ്ങളും 1998-ലെ ഒരു ദുരന്തസംഭവവുമാണ് തന്നെ ജോലി ഉപേക്ഷിച്ച് കർഷക പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. ഡൽഹിയിലേക്ക് സമരം കടക്കുന്നതിനും ആറ്് മാസങ്ങൾക്ക് മുൻപ് തന്നെ സമരത്തിനായുള്ള തയ്യാറെടുപ്പുകൾ പഞ്ചാബിലെ ഗ്രാമങ്ങളിൽ ആരംഭിച്ചിരുന്നു. കർഷകരുമായി അടുത്ത് ഇടപഴകി അവരുടെ പൂർണ പിന്തുണയോടെയാണ് സമരം കൂടുതൽ ശക്തി പ്രാപിച്ചതെന്നും കോക്രി പറഞ്ഞു. ‘നെഞ്ച് പിളർന്ന് ഞാൻ വിപ്ലവം കാട്ടാം’ എന്ന സെഷനിൽ സുഖ്ദേവ് കോക്രി പഞ്ചാബിയിൽ തന്റെ സമരയാത്രകൾ വിവരിച്ചു, ദൽജിത് ആമി വാക്കുകളെ ഇംഗ്ലീഷിലേക്കും ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് മലയാളത്തിലേക്കും മൊഴിമാറ്റി.
താൻ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നയാൾ -എം. മുകുന്ദൻ
നിരന്തരം ജനിച്ചുകൊണ്ടരിക്കുന്നയളാണ് താനെന്ന് മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ പറഞ്ഞു. മയ്യഴിയിലേയും ഡൽഹിയിലെ എംബസി കാലത്തേയും ഓർമ്മകളും അനുഭവങ്ങളും വി.എച്ച്. നിഷാദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന് വാർധക്യം ബാധിച്ചാൽ കുഴപ്പമില്ല. മനസിന്റെ യൗവനം നിലനിർത്താൻ സാധിച്ചില്ലെങ്കിൽ എഴുത്തുകാരനു പിന്നീട് എഴുതാൻ കഴിയില്ലെന്നും എഴുത്തുകാർ ജനങ്ങൾക്ക് നടുവിൽ നിൽക്കുന്നവരാകണമെന്നും മുകുന്ദൻ പറഞ്ഞു.
വള്ളിയിൽ തൂങ്ങിയല്ലേ യാത്ര എന്ന പരിഹാസം കേട്ടിട്ടുണ്ട് -ബേസിൽ ജോസഫ്
പുതുതലമുറയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യതയായി മാറിയതായി നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറഞ്ഞു. ‘എന്റെ നാടും നാട്ടുകാരും സിനിമകളും’ എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടം. വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത് എന്നൊക്കെ പോലെയുള്ള കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. വയനാട് ആണ് തന്റെ ശക്തിയെന്നും ഇവിടെയുള്ള ഗ്രാമീണതയും സാംസ്കാരിക വൈവിധ്യങ്ങളും തന്നെ ഏറെസ്വാധീനിച്ചതായും ബേസിൽ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group