ഗർഭപാത്രം മുതൽ പലവട്ടം
വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ
അജയ്യനായി നിന്ന എം ടി
പലതവണ മരണം വന്നുവിളിച്ചിട്ടും കാലം നീട്ടി വെച്ച ആ മടക്കയാത്രയാണ് എം ടിയുടേത് . ഗര്‍ഭാവസ്ഥ തൊട്ട് പിന്തുടര്‍ന്നുകൊണ്ടേയിരുന്ന മൃത്യുവിന് പിടികൊടുക്കാതെ അജയ്യനായി നിന്ന എം ടിയ്‌ക്ക് വിട പറയാൻ കാലം കുറിച്ചു വച്ചത് യേശുദേവന്റെ ജനനനാൾ.
ഗര്‍ഭം മുതല്‍ക്കേ വീട്ടുകാരുടെ പ്രതീക്ഷകള്‍ തെറ്റിച്ച കുട്ടിയായിരുന്നു താനെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന വേളയില്‍ എം.ടി പറഞ്ഞിരുന്നു. ‘ മൂന്ന് ആണ്‍കുട്ടികള്‍ക്കുശേഷം എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ചു. കുടുംബക്കാരുടെ മുഴുവന്‍ പ്രാര്‍ഥനയും അതായിരുന്നു. പക്ഷേ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. നാട്ടിലെ പ്രധാന വൈദ്യന്മാര്‍ മറ്റൊരു പ്രസവം അമ്മയുടെ ആരോഗ്യത്തിന് അപകടമാണെന്ന് വിധിച്ചു. ഗര്‍ഭമലസിപ്പിക്കാന്‍തന്നെ തീരുമാനമെടുത്തു. നാട്ടുവൈദ്യത്തിലെ അംഗീകൃതമായ അറിവുകള്‍ വെച്ചുകൊണ്ട് തീക്ഷ്ണമായ മരുന്നുകള്‍ വിധിച്ചു. പക്ഷേ ഗര്‍ഭസ്ഥശിശു മരിക്കാന്‍ തയ്യാറായില്ല. പരീക്ഷണങ്ങളിലൂടെ മാസങ്ങള്‍ നീങ്ങിയപ്പോള്‍ ഇനി ശ്രമം തുടരേണ്ട എന്ന് നല്ലവരായ വൈദ്യന്മാര്‍ വിധിച്ചു. തറവാടുഭാഗത്തില്‍ വീടില്ലാത്തതുകൊണ്ട് അമ്മയും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയും എല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ – കൊത്തലങ്ങാട്ടേതില്‍- കൊട്ടിലില്‍ കഴിയുകയായിരുന്നു. അവിടെവെച്ചാണത്രേ എന്നെ പ്രസവിച്ചത്. ഒരാണ്‍കുട്ടി എന്ന നിരാശയേക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എന്റെ ആരോഗ്യസ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്ത ഔഷധപ്രയോഗങ്ങള്‍ കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങളുണ്ടായിരുന്നു, ജീവിക്കുമോ എന്ന ആശങ്ക‘ – എന്നാണ് തന്റെ ജനനത്തെ പറ്റി എം ടി പറഞ്ഞത് .
നാല്‍പത്തിനാലാം വയസ്സില്‍ കോഴിക്കോട് നിര്‍മലാ ഹോസ്പിറ്റലിന്റെ ഐസിയുവിൽ രക്തം ഛര്‍ദ്ദിച്ച അവശനായി, മരണത്തെ മുഖാമുഖം കണ്ട് എം.ടി കിടന്നു. അന്നും എം.ടി മൃത്യുവിന്റെ വശ്യതയെ അതിജീവിച്ചു. ആയുസ് രണ്ടാമതൊരു ഊഴംകൂടി എം.ടിക്ക് കനിഞ്ഞുനല്‍കി. ആ കനിവില്‍ എം.ടി പിടിച്ചുകയറി. സ്വകാര്യജീവിതത്തിലും രണ്ടാമൂഴം. കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി.
നാല്‍പത്തിയാറാം വയസ്സില്‍ മദ്രാസിലെ ഹോട്ടലില്‍ തിരക്കഥയെഴുത്തിനിടെ അഹസ്യമായ വയറുവേദന . പിത്താശയത്തില്‍ ഗുരുതരമായ അണുബാധ. ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍. എം.ടിയുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ പ്രേം നസീര്‍ ഡോക്ടര്‍മാര്‍ക്ക് സമ്മതം പറഞ്ഞു. അപ്രതീക്ഷിതമായി വന്നുപെട്ട സര്‍ജറിയില്‍ ഏറെ അസ്വസ്ഥനായിരുന്നു എം.ടി. തിരികെ നാട്ടിലെത്താനായിരുന്നു അദ്ദേഹത്തിന് ധൃതി. പക്ഷേ നാട്ടിലെത്താനുള്ള സമയം നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ കൈയിലില്ലായിരുന്നു. രോഗത്തിന്റെ ഗൗരവം എം.ടി മൗനമായി ഉള്‍ക്കൊണ്ടു. സര്‍ജറിക്ക് വിധേയനായി, പതുക്കെ ആരോഗ്യം തിരിച്ചുപിടിച്ചു. അന്നും ആശുപത്രി വരാന്തയില്‍ നിന്നും മൃത്യു വെറുംകൈയോടെ മടങ്ങി.
രണ്ടര പതിറ്റാണ്ടിനുശേഷം മദ്രാസിലെ ടീ നഗറില്‍ വെച്ച് വീണ്ടുമൊരിക്കല്‍ കൂടി മൃത്യുവിന്റെ അവസരം വന്നു. ടീ നഗറില്‍ എഴുതാനായി എം.ടിക്കൊരു ഒരു ഫ്‌ളാറ്റുണ്ടായിരുന്നു. പ്രഭാതസവാരിക്കിടെ ഒരു ലോറി വന്ന് എം.ടിയെ ഇടിച്ചു. തലയ്‌ക്ക് ചെറിയൊരു മുറിവ് മാത്രം. മുറിവ് കാര്യമാക്കാതെ എഴുത്ത് തുടരാനായി എം.ടി മദ്രാസില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചെങ്കിലും മണിക്കൂറുകള്‍ കഴിയവേ അക്ഷരങ്ങള്‍ തലകീഴായി കാണാന്‍ തുടങ്ങി. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു.
മകള്‍ അശ്വതി ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം മദ്രാസില്‍ താമസിക്കുന്ന സമയം. അവര്‍ എത്തിയപ്പോഴേക്കും ആരോഗ്യാവസ്ഥ മോശമായിരുന്നു. ഉടനടി ആശുപത്രിയിലേക്ക്. തലയില്‍ രക്തസ്രാവം. ഉടനടി മേജര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു ഡോക്ടര്‍മാര്‍. അതിജീവനത്തിന്റെ അപാരമായ കരുത്ത് എം.ടി എന്ന മനുഷ്യന് പര്യായമായി നിന്നു. നീണ്ടകാലത്തെ ആശുപത്രിവാസം. അന്നും മൃത്യു തിരിച്ചുപോയി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group