കോഴിക്കോട് : കറുപ്പിനെതിരേ സമൂഹത്തിന്റെ വിവിധമേഖലകളിൽ നടക്കുന്ന വിവേചനം ഒരു പ്രാദേശിക കഥയിലൂടെ പറഞ്ഞ ഒറ്റയാൾ നാടകം ‘തനിനിറം’ ആസ്വാദകരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായി. നാട്ടിൻപുറത്തുജനിച്ച സതീശൻ തന്റെ നിറം കറുപ്പായതുകൊണ്ട് കുട്ടിക്കാലത്തും സ്കൂളിലും കോളേജിലും പഠിക്കുമ്പോഴും അനുഭവിക്കേണ്ടിവരുന്ന പരിഹാസവും കുറ്റപ്പെടുത്തലുകളുമാണ് അപ്പുണ്ണി ശശി (ശശി എരഞ്ഞിക്കൽ) അവതരിപ്പിച്ച ഒറ്റയാൾ നാടകത്തിലൂടെ പറയുന്നത്.
സ്കൂളിലെ പ്രച്ഛന്നവേഷങ്ങളിൽ അയാൾ എന്നും കാട്ടാളന്റെ വേഷം കെട്ടാൻ നിർബന്ധിതനാകുന്നു. സതീശന്റെ ഭാര്യയായെത്തുന്ന ബീനയും ഇതേപ്രശ്നം നേരിടുന്നവളാണ്. ഒടുവിൽ അവർക്ക് ഒരു വെളുത്ത കുഞ്ഞ് ജനിക്കുന്നു. അപ്പോൾ അതുവരെ അവരെ കറുപ്പിന്റെപേരിൽ പരിഹസിക്കുന്ന സമൂഹത്തിന്റെ പ്രശ്നം അവർക്കെങ്ങനെ വെളുത്ത കുഞ്ഞുണ്ടായി എന്നതായി മാറുന്നു. പിന്നെ ചോദ്യങ്ങളെല്ലാം അതിനെക്കുറിച്ചായി. എല്ലാംകേട്ട് സഹികെട്ട സതീശൻ പറയുന്നു. ‘എന്നാൽ ഞാനെന്റെ വെളുത്ത കുഞ്ഞിനെ കറുത്ത പൗഡറിട്ട് ഉരച്ച് കറുപ്പാക്കിമാറ്റാം’. കുഞ്ഞ് കറുത്തതായാലും വെളുത്തതായാലും ഞങ്ങൾക്ക് ഒരുപ്രശ്നവുമില്ല. ഇതുവരെ നിങ്ങൾക്ക് കറുപ്പായിരുന്നു പ്രശ്നം. ഇപ്പോൾ നിങ്ങൾക്ക് വെളുപ്പായി പ്രശ്നം. യഥാർഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം, എന്ന ചോദ്യത്തിൽ ഒറ്റയാൾ നാടകം അവസാനിക്കുന്നു. സതീശനായി അപ്പുണ്ണി ശശി കണ്ണുനനയിക്കുന്ന പ്രകടനം കാഴ്ചവെച്ചു. നാടകം 45 മിനിറ്റോളം നീണ്ടു.
എം. ഷാജിയാണ് നാടകം രചിച്ചത്. ശിവദാസ് പൊയിൽക്കാവാണ് സംവിധാനം. കലാസംവിധാനമൊരുക്കിയതും അപ്പുണ്ണി ശശിയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group