മാള : കലയും സംസ്കാരവും സമന്വയിപ്പിക്കുന്ന ഇന്തോ-കൊറിയൻ കലാവിനിമയ സംഗമത്തിന് മാളയിൽ തുടക്കമായി. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ലക്ഷ്യമിട്ടാണ് ചിത്രകാരന്മാർ മാള ജിബി ഫാമിൽ സംഗമിച്ചിട്ടുള്ളത്. 27 വരെ നടക്കുന്ന സംഗമത്തിൽ പെയിന്റിങ്ങാണ് പ്രധാനം. സാംസ്കാരിക വിനിമയത്തിനും സാമൂഹിക പരിവർത്തന പ്രവർത്തനത്തിനുമായി രൂപവത്കരിച്ച കെക്കേയെല്ലം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ സെമിനാറുകളും ചർച്ചകളും നടക്കുന്നുണ്ട്. മ്യൂസിയം ഓഫ് ആർട്ട് വൂമയുടെ ഏഷ്യ ആക്‌സിസ് പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുള്ള സംഗമത്തിൽ കലാപരിപാടികളും നടക്കുന്നുണ്ട്. ആദ്യ ദിനത്തിൽ കലാക്ഷേത്ര ഹരിപദ്‌മൻ, ദിവ്യ ഹരിപദ്‌മൻ എന്നിവർ ഭരതനാട്യം അവതരിപ്പിച്ചു. അവതരണത്തിന് മുന്നോടിയായി മുദ്രകളും ചുവടുകളും പരിചയപ്പെടുത്തി. പ്രധാനമായി ഭരതനാട്യം, കഥകളി എന്നീ കലാപ്രകടനങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. കേരളത്തിലെ പാചക പൈതൃകവും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാനുള്ള വേദി കൂടിയായി മാറിയിരിക്കുകയാണ് സംഗമം. ഇരുരാജ്യങ്ങളിൽനിന്ന് പത്ത് വീതം കലാകാരന്മാരാണ് ക്യാമ്പിലുള്ളത്. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ ബിനോയ് വർഗീസ് പദ്ധതി വിശദീകരിച്ചു. കൊറിയയിലെ വൂമ ആർട്ട് ഗാലറി ഡയറക്ടർ മൂൺ ലീ, ചിത്രകാരൻ യൂസഫ് (ഭോപാൽ), ചിത്രകാരി ബിന്ദി രാജഗോപാൽ, ചെന്നൈ കലാക്ഷേത്രയിലെ നർത്തകൻ ഹരിപദ്‌മൻ, ജെറി മാത്യു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group