കൊല്ലം :അഷ്ടമുടിക്കായലിൽ ആവേശത്തിരയിളക്കുന്ന ജലമേളയ്ക്ക് സാക്ഷിയാകാൻ കൊല്ലം നഗരം ഒരുങ്ങി. ഈ വർഷത്തെ പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് തുടക്കമാകും. ഒൻപത് ചുണ്ടൻവള്ളങ്ങളാണ് ഇത്തവണ അഷ്ടമുടിയുടെ വേഗരാജാവാകാൻ നീറ്റിലിറങ്ങുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ഈ പരമ്പരയിലെ അവസാനമത്സരമാണ്.
മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം.മുകേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മാസ് ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സമാപനസമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ. അധ്യക്ഷനാകും.
തേവള്ളി കൊട്ടാരത്തിനു സമീപത്തുനിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഡി.ടി.പി.സി. ബോട്ട് ജെട്ടി മുതൽ തേവള്ളി പാലം വരെയുള്ള കായൽഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെയും സാന്നിധ്യവും സഞ്ചാരവും രാവിലെമുതൽ വള്ളംകളി അവസാനിക്കുന്നതുവരെ നിരോധിച്ചിട്ടുണ്ട്.
ഒൻപത് ചുണ്ടൻവള്ളങ്ങൾ കൂടാതെ 10 ചെറുവള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ളബ്), വീയപുരം (വില്ലേജ് ബോട്ട് ക്ളബ്), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ളബ്), തലവടി (യു.ബി.സി. കൈനകരി), മേൽപാടം (കുമരകം ബോട്ട് ക്ളബ്, സെയ്‌ന്റ് ഫ്രാൻസിസ് ബോട്ട് ക്ളബ്), ചമ്പക്കുളം (പുന്നമട ബോട്ട് ക്ളബ്), നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ളബ്), പായിപ്പാട് (ആലപ്പുഴ ടൗൺ ബോട്ട് ക്ളബ്), ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശ്ശേരി ബോട്ട് ക്ളബ്) എന്നീ ചുണ്ടൻവള്ളങ്ങളാണ് ജലോത്സവത്തിന്റെ ആവേശമാകുക.
വെപ്പ് എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകുത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കനോടി (തറവള്ളം), മൂന്ന് വള്ളങ്ങൾ എന്നിങ്ങനെ 10 വള്ളങ്ങളാണ് പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ പങ്കെടുക്കുക.
നിലവിലെ പോയിന്റ് നിലയനുസരിച്ച് സി.ബി.എൽ. ചാമ്പ്യൻ ആരാകുമെന്നത് പ്രവചനാതീതമാണ്. ആദ്യ സ്ഥാനക്കാർ തമ്മിൽ രണ്ട് പോയിന്റ് മാത്രമാണ് വ്യത്യാസമെന്നതിനാൽ മത്സരത്തിന് വൻ ആവേശമായിരിക്കും. പള്ളാത്തുരുത്തി ബോട്ട് ക്ളബ് തുഴയുന്ന കാരിച്ചാൽ ചുണ്ടൻ 49 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്.
രണ്ടാംസ്ഥാനത്തുള്ള വില്ലേജ് ബോട്ട് ക്ളബ് തുഴയുന്ന വീയപുരത്തിന് 47 പോയിന്റും മൂന്നാംസ്ഥാനത്തുള്ള നിരണം ചുണ്ടന് 40 പോയിന്റുമുണ്ട്. സി.ബി.എല്ലിലെ ഒരു മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിന് 10 പോയിന്റാണ് ലഭിക്കുക. രണ്ടാംസ്ഥാനക്കാർക്ക് ഒൻപതും മൂന്നാംസ്ഥാനക്കാർക്ക് എട്ട് പോയിന്റും ലഭിക്കും.
'പ്രസിഡന്റ്സ്’ ട്രോഫി
:അഷ്ടമുടിക്കായലിൽ ആദ്യ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നടന്നത് 2011 ഓഗസ്റ്റ് 30-നാണ്. മത്സരം കാണാനും വിജയികൾക്ക് ട്രോഫി സമ്മാനിക്കാനും രാഷ്ട്രപതി പ്രതിഭാപാട്ടീൽ എത്തിയതിനെത്തുടർന്നാണ് ജലോത്സവത്തിന് പ്രസിഡന്റ്‌സ് ട്രോഫി എന്ന പേരു നൽകിയത്. അതോടെ രാഷ്ട്രപതിയുടെ പേരിലുള്ള രാജ്യത്തെ ആദ്യ വള്ളംകളിയെന്ന പേരും സ്വന്തമായി. കൊല്ലം സെയ്ന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേശൻ എന്ന ചുണ്ടനാണ് പ്രഥമ പ്രസിഡന്റ്‌സ് ട്രോഫിയിൽ മുത്തമിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group