കരിവെള്ളൂർ : വേദിയിൽ മാറിവരുന്ന കാഴ്ചകളില്ല. മിന്നിമറയുന്ന വെളിച്ചസംവിധാനങ്ങളില്ല. നടന്മാരെല്ലാം ഓരോ ബെഞ്ചിൽ ഇരിക്കുന്നു. കൈയിൽ നാടകത്തിന്റെ സ്ക്രിപ്റ്റുണ്ട്. ഊഴം വരുമ്പോൾ അഭിനയമികവോടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണടച്ചിരുന്നാലും നാടകം ഭംഗിയായി ആസ്വദിക്കാം. നാട്ടിൻപുറങ്ങളിൽ പരിചയമില്ലാത്ത റീഡിങ് തിയേറ്റർ സംവിധാനത്തിലൂടെ കെ. ദാമോദരന്റെ ‘പാട്ടബാക്കി’ കരിവെള്ളൂരിൽ അരങ്ങിലെത്തിയപ്പോൾ ആസ്വാദകരിൽ നവ്യാനുഭവം. കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം പള്ളിക്കൊവ്വൽ യൂണിറ്റാണ് നാടകം അവതരിപ്പിച്ചത്.
1938-ൽ അഭിനവ ഭാരത യുവക് സംഘത്തിന്റെ അയത്ര വയൽ സമ്മേളനത്തിലാണ് കരിവെള്ളൂരിൽ ആദ്യമായി പാട്ടബാക്കി അവതരിപ്പിച്ചത്. കമ്യൂണിസ്റ്റ് നേതാക്കളായ എ.വി. കുഞ്ഞമ്പു, കെ.പി.ആർ. ഗോപാലൻ, കെ. കൃഷ്ണൻ മാസ്റ്റർ, പയങ്ങപ്പാടൻ കുഞ്ഞിരാമൻ എന്നിവരായിരുന്നു അഭിനേതാക്കൾ. പ്രധാന കഥാപാത്രമായ കിട്ടുണ്ണിയെ അവതരിപ്പിച്ചത് എ.വി. കുഞ്ഞമ്പുവായിരുന്നു. 86 വർഷത്തിനുശേഷം പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുമ്പോൾ എ.വി. കുഞ്ഞമ്പുവിന്റെ മകൻ കെ. ജയദേവനാണ് കിട്ടുണ്ണിയെ അവതരിപ്പിക്കുന്നത്.
ഉദിനൂർ ബാലഗോപാലനാണ് സംവിധാനം ചെയ്തത്. കെ.വി. ഭാസ്കരൻ, അരവിന്ദൻ കൂക്കാനം എന്നിവർ വേദിയിൽതന്നെ ലളിതമായ സംഗീതം നൽകി.
പി. വിജയകുമാർ, പി. രമേശൻ പി.വി. ചന്ദ്രൻ, എൻ.വി. സന്തോഷ്, ചന്ദ്രബാബു കൂക്കാനം, കെ.വി. ശശിമോഹനൻ, ഫിദൽ, കെ. ലസിത പി. ജിഷ, വി.കെ. ഓമന എന്നിവരാണ് അഭിനേതാക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group