നൃത്തം പഠിപ്പിക്കണമെന്ന് എന്തുകൊണ്ടാണ് തോന്നിയത് ചെറിയ പ്രായത്തിൽത്തന്നെ അവൻ പാട്ടുകേട്ടാൽ ചുവടുവയ്ക്കും. ചേച്ചി ലക്ഷ്മിയുടെ മകൾ ലിജിന നൃത്തം പഠിച്ചിരുന്നു. അവൾ അവനെ പഠിപ്പിച്ചുതുടങ്ങി. പിന്നീട് നൃത്തപരിശീലകൻ സതീഷ് നീലേശ്വരത്തിന്റെയടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം കമ്പല്ലൂരിലെ ഒരുവീട്ടിൽ നൃത്തം പഠിപ്പിക്കാൻ വരുമ്പോൾ സച്ചുവിനെ ആ വീട്ടിൽ കൊണ്ടുവിടും. ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ ചിറ്റാരിക്കാൽ ഉപജില്ലാതല കലോത്സവത്തിലെ എൽ.പി. വിഭാഗം മത്സരത്തിൽ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനം നേടി. കടുമേനി എസ്.എൻ.ഡി.പി. എ.യു.പി. സ്കൂളിലാണ് ഏഴുവരെ പഠിച്ചത്. എല്ലാവർഷവും ഉപജില്ലാതലത്തിൽ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനം നേടി.
മറ്റ് നൃത്ത ഇനങ്ങൾ പഠിച്ചുതുടങ്ങിയത് എപ്പോഴാണ് നവരസ എന്ന നൃത്തപരിശീലന കേന്ദ്രത്തിലെത്തിയതോടെ ഭരതനാട്യത്തിലേക്ക് മാറി. അവിടെയും സതീഷ് നീലേശ്വരം തന്നെയാണ് ഗുരു. അന്നു തൊട്ട് ഇന്നുവരെ സതീഷ് നീലേശ്വരമാണ് മകനെ നൃത്തം പഠിപ്പിക്കുന്നത്. മറ്റുള്ളവരെപ്പോലെ കൃത്യമായി ഫീസൊന്നും കൊടുക്കാൻ കഴിയാറില്ല. അതൊന്നും പ്രശ്‌നമല്ലെന്നു പറഞ്ഞ് അദ്ദേഹം നൽകുന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് സച്ചുവിന്റെ അച്ഛൻ സതീഷ് മരിച്ചത്. അതോടെ കുടുംബജീവിതത്തിന്റെ താളംതെറ്റി. ചേച്ചിയുടെ വീട്ടിലേക്ക് താമസം മാറി. അന്നുമുതൽ കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്വന്തമായി ഒരു വീട് പണിയാനുള്ള കഷ്ടപ്പാടിനിടെയാണ് ചേട്ടൻ മരിച്ചത്. വീട് പൂർത്തിയായതുമില്ല. കടം ബാക്കിയാകുകയും ചെയ്തു. എന്റെയും ചേച്ചിയുടെ മകളുടെയുമെല്ലാം സ്വർണം പണയപ്പെടുത്തേണ്ടി വന്നു. തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ സ്വർണം മിക്കതും ബാങ്കുകാർ ലേലംവിളിച്ച് വിറ്റു.
മുൻവർഷങ്ങളിൽ എത്ര തുക കടം വാങ്ങേണ്ടി വന്നു എഴാംതരം വരെ ജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് പോകുമ്പോൾ അത്രയൊന്നും കടമുണ്ടായില്ല. എട്ടിലും ഒൻപതിലുമായപ്പോൾ സംസ്ഥാന മത്സരത്തിലേക്ക് പോയി. ഓരോവർഷവും ലക്ഷത്തിലധികം രൂപ കടംവാങ്ങി. എട്ടിൽ പഠിക്കുമ്പോൾ നാടോടിനൃത്തത്തിലും കേരള നടനത്തിലുമാണ് ഒന്നാംസ്ഥാനം കിട്ടിയത്. ഭരതനാട്യത്തിൽ രണ്ടാം സ്ഥാനമായതിനാൽ അപ്പീൽ നൽകി. സംസ്ഥാനത്ത് മത്സരിച്ച് ആ ഇനത്തിൽ ജില്ലയിലെ മത്സരാർഥിയേക്കാൾ മാർക്ക് വാങ്ങിയ സച്ചുവിന് അപ്പീലിന് കെട്ടിവച്ച 5,000 രൂപ തിരികെക്കിട്ടി.
സച്ചുവിന്റെ പഠനം എങ്ങനെ പഠനത്തിലും മിടുക്കനാണ് സച്ചു. യു.എസ്.എസും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും നേടി. ശാസ്ത്രോത്സവത്തിൽ എംബ്രോയ്‌ഡറിയിൽ കഴിഞ്ഞ രണ്ടുവർഷവും ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി. സംസ്കൃതോത്സവം ഗാനാലാപനത്തിൽ മുൻപ് വിജയിച്ചിട്ടുണ്ട്. എസ്.പി.സി. അംഗവുമാണ്.
ലിജിനയും താരമാണ്
സച്ചു സതീഷിനെ ആദ്യം നൃത്തം പഠിപ്പിച്ച മാതൃസഹോദരീപുത്രി ലിജിനയും താരമാണ്. നന്നായി കവിതയെഴുതുന്ന ലിജിന 'മൈലർസു' എന്ന പേരിൽ കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഈ വർഷം കേരള സർവകലശാല ലിജിനയുടെ 'പട്ടേകള്ളാസ്' എന്ന കവിത ബി.എ. മലയാളം സിലബസിൽ ഉൾപ്പെടുത്തി. എൽ.പി. ക്ലാസ് മുതൽ ഹയർ സെക്കൻഡറിവരെ ഉപജില്ലാ-ജില്ലാ സ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ സമ്മാനാർഹയായിരുന്നു ലിജിന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group