മീനങ്ങാടി : ചീറ്റയെപ്പോലെ കുതിച്ചും പരൽമീൻപോലെ തെന്നിമാറിയും നൈജീരിയൻ താരങ്ങൾ. നിറഞ്ഞുകവിഞ്ഞ് ആർത്തലയ്ക്കുന്ന ഗാലറി. കൊണ്ടും കൊടുത്തും കേരളത്തിലെ എണ്ണംപറഞ്ഞ ടീമുകൾ. കാൽപ്പന്തുകളിയെ നെഞ്ചേറ്റുന്ന മീനങ്ങാടിക്ക് വിരുന്നായി ആവേശം-2024 അഖിലേന്ത്യ ഫ്ളഡ്‌ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ജില്ലാകമ്മിറ്റിയും എ.എഫ്.സി. വയനാടും ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിലാണ് അഖിലേന്ത്യ ഫ്ളഡ്‌ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്. പ്രീ-ക്വാർട്ടർ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ താരധാരാളിത്തവും ജനപങ്കാളിത്തവുംകൊണ്ട് ടൂർണമെന്റ് ശ്രദ്ധനേടുകയാണ്.
ഫിഫ മഞ്ചേരി, അൽമദീന ചെർപ്പുളശ്ശേരി, ജിംഖാന തൃശ്ശൂർ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കെ.എഫ്.സി. കാളികാവ്, മെഡിഗാർഡ് അരീക്കോട് തുടങ്ങി ആരാധകരേറെയുള്ള ടീമുകളാണ് മീനങ്ങാടിയിൽ പന്തുതട്ടുന്നത്.
അവധിദിനങ്ങളിൽ ആയിരക്കണക്കിനാളുകളാണ് മത്സരം വീക്ഷിക്കാനെത്തിയത്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള കാൽപ്പന്താരാധകർ മത്സരം കാണാനെത്തുന്നുണ്ട്.
ഫുട്‌ബോളിന് ഏറെ സംഭാവനകൾ നൽകിയ മൈതാനമാണ് ശ്രീകണ്ഠപ്പ സ്റ്റേഡിയം. 20 വർഷത്തിനുശേഷമാണ് അഖിലേന്ത്യ ടൂർണമെന്റ് മീനങ്ങാടിയിൽ സംഘടിപ്പിക്കുന്നത്. അതിന്റെ ആവേശം മീനങ്ങാടിക്കാർക്കുമുണ്ട്. പ്രത്യേകം സജ്ജമാക്കിയ ഗാലറിയിൽ എല്ലാദിവസവും നിറയെ കാണികളുമായാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.
ചികിത്സാസഹായം കൈമാറി
ആവേശം-2024 വേദിയിലെ ജനകീയപിന്തുണയോടെ സ്വരൂപിച്ച പണം രണ്ടുവയസ്സുകാരൻ നൈതിക് അമറിന്റെ ചികിത്സയ്ക്കായി നൽകി. സംഘാടകസമിതി ചെയർമാൻ സംഷാദ് ബത്തേരി ചികിത്സാസഹായക്കമ്മിറ്റി കൺവീനർ ഷിജിത്ത് കുമാറിന് ചെക്ക് കൈമാറി. സംഘാടകസമിതി കൺവീനർ സി. റഷീദ്, ട്രഷറർ ഫൈസൽ മീനങ്ങാടി, സന്തോഷ് എക്സൽ, പി. ഷഫീഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനയൻ, വി.എ. അബ്ബാസ്, പി.കെ. നൗഷാദ്, പ്രിമേഷ് മീനങ്ങാടി, ആൽഫ മത്തായി, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group