മലാഗ: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു (4-6, 4-6).
മലാഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി സ്പാനിഷ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ നദാലിനെ വികാരാധീനനായി കാണപ്പെട്ടു. റാഫ, റാഫ വിളികളോടെ പതിനായിരത്തോളം ആരാധകരാണ് അവസാനമത്സരം കാണാനായെത്തിയത്. ഡേവിസ് കപ്പിനുശേഷം വിരമിക്കാനുള്ള തീരുമാനം നേരത്തേതന്നെ കൈക്കൊണ്ടതായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍. 22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.
അതേസമയം കരിയറിലെ അവസാന മത്സരത്തിനുമുന്നോടിയായി പ്രിയസുഹൃത്ത് റാഫേല്‍ നദാലിന്, റോജര്‍ ഫെഡറര്‍ ആശംസകള്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഡേവിസ് കപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുകയാണെന്ന് നദാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷത്തിനിടെ 40 ഗ്രാന്‍സ്ലാം മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. കളിക്കളത്തില്‍ കനത്തപോരാട്ടം നടത്തിയെങ്കിലും ഇരുവരും പരസ്പരം സ്‌നേഹബഹുമാനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഫെഡറര്‍ നേരത്തേ അന്താരാഷ്ട്ര ടെന്നീസില്‍നിന്ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറര്‍ സാമൂഹികമാധ്യമത്തിലൂടെ നദാലിന് തുറന്ന കത്തെഴുതിയത്.
കത്തിലെ പ്രസക്ത ഭാഗങ്ങള്‍...
'നദാല്‍, നിങ്ങള്‍ കളിക്കളത്തില്‍നിന്ന് വിടപറയാന്‍ തയ്യാറെടുക്കുന്ന വേളയില്‍ കുറച്ചുകാര്യങ്ങള്‍ കുറിക്കട്ടെ... നിങ്ങള്‍ എന്നെ കളിയില്‍ പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട്, ഞാന്‍ നിങ്ങളെ തോല്‍പ്പിച്ചതിലേറെ. മറ്റാര്‍ക്കും പറ്റാത്തവിധത്തില്‍ നിങ്ങളെന്നെ നേരിട്ടു. കളിമണ്‍കോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഞാനെപ്പോഴും നിങ്ങളുടെ പിന്നിലായിരുന്നു. അത് എന്റെ കളിയെയും മെച്ചപ്പെടുത്തി. നിങ്ങള്‍ക്കുമുന്നില്‍ എന്റെ സ്ഥാനമുറപ്പിക്കാന്‍ അതികഠിനമായി അധ്വാനിക്കേണ്ടിയിരുന്നു. നിങ്ങളെന്നെ കഠിനാധ്വാനിയാക്കി.
നിങ്ങള്‍ വെള്ളം കൊണ്ടുവരുന്ന കുപ്പി, തലമുടി ഒതുക്കുന്ന രീതി, വസ്ത്രധാരണം... കളിക്കളത്തില്‍ നിങ്ങളുടെ ഓരോ ഇടപെടലിനും പ്രത്യേകതയുണ്ടായിരുന്നു. അതിനെയെല്ലാം രഹസ്യമായി ഞാന്‍ ആരാധിച്ചിരുന്നു. കാരണം അതെല്ലാം അസാധാരണമായിരുന്നു. ഫ്രഞ്ച് ഓപ്പണിലെ 14 കിരീടങ്ങള്‍ എന്നത് സമാനതകളില്ലാത്ത നേട്ടമാണ്. നിങ്ങള്‍ സ്‌പെയിനിന്റെ അഭിമാനമുയര്‍ത്തി. ടെന്നീസ് ലോകത്തിന്റെയാകെ അഭിമാനമുയര്‍ത്തി' - ഫെഡറര്‍ കുറിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group