മഹാത്മഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരമലബാർ ജലോത്സവം കാണാൻ രണ്ടാം ദിവസവും ജനസാഗരം. ഇടിമിന്നലും തിമിർത്തുപെയ്ത മഴയും ഞായറാഴ്ച മുടക്കിയ വള്ളംകളി മത്സരം തിങ്കളാഴ്ച രാവിലെ 10-ഓടെയാണ് അച്ചാംതുരുത്തിയിൽ പുനരാരംഭിച്ചത്. രാവിലെത്തന്നെ വള്ളംകളി പ്രേമികൾ അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിലും കരയിലും സ്ഥാനംപിടിച്ചു.
കത്തുന്ന വെയിലിലും തുഴക്കാർക്ക് ആവശം പകർന്ന് കമന്റേറ്റർമാരുടെ വായ്ത്താരിക്കും നാടൻപാട്ടിനുമൊപ്പം കാണികൾ ആഹ്ലാദത്തിലായി.
കഴിഞ്ഞദിവസം വള്ളംകളി മുടങ്ങിയതിന്റെ ലക്ഷണമൊന്നും അച്ചാംതുരുത്തിയിൽ കണ്ടില്ല. സംഘാടകരും തുഴച്ചിൽ ടീമുകളും അതിരാവിലെത്തന്നെ സജീവമായി. കാലാവസ്ഥ മോശമായതിനാൽ മാറ്റിവെച്ച 15 ആൾ തുഴയും വനിതാ വിഭാഗം വള്ളംകളി മത്സരത്തോടെയാണ് തിങ്കളാഴ്ച തുടങ്ങിയത്. കരയിൽ തടിച്ചുകൂടിയ വള്ളംകളി പ്രേമികൾ കൈയടിച്ചും ആർപ്പുവിളിച്ചും മത്സരാർഥികൾക്ക് ആവേശം പകർന്നു.
വള്ളംകളിയെ നെഞ്ചേറ്റിയ നാട്
: ഞായറാഴ്ച മുടങ്ങിയ വള്ളംകളി തിങ്കളാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോൾ ആളുകളുടെ പങ്കാളിത്തം കുറയുമോയെന്ന ആശങ്ക എം. രാജഗോപലൻ എം.എൽ.എ. ഉൾപ്പെയുള്ള സംഘാടകർക്കുണ്ടായിരുന്നു.
സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പങ്കാളിത്തമായിരുന്നു തിങ്കളാഴ്ച രാവിലെ കണ്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാടൊന്നാകെ പുഴക്കരയിലെത്തി തുഴച്ചിൽ ടീമുകൾക്ക് ആവേശം പകർന്നു. ഇഷ്ടടീമുകളുടെ വിജയം വാദ്യഘോഷത്തോടെ വേദിക്കരികിലെത്തി പ്രകടിപ്പിക്കുകയും ചെയ്തു.
ജലോത്സവം രാവിലെ തുടങ്ങണം
: നാളിതുവരെ ഉച്ചയ്ക്കുശേഷമായിരുന്നു ജലോത്സവം. പലപ്പോഴും ഫൈനൽമത്സരം വേണ്ടവിധം ആസ്വദിക്കാൻ കഴിയാത്തവിധം വൈകിയാണ് നടക്കാറ്. ഇത്തവണ ഞായറാഴ്ച മുടങ്ങിയ വള്ളംകളി തിങ്കളാഴ്ച രാവിലെ വീണ്ടും തുടങ്ങിയപ്പോൾ വള്ളംകളി പ്രേമികൾ ഏറ്റെടുത്തു.
വരുംകാലങ്ങളിൽ പ്രാഥമികമത്സരം ഉച്ചയ്ക്ക് മുൻപ് തീർത്ത് ഫൈനൽമത്സരം ഉച്ചയ്ക്കുശേഷം നടത്തണമെന്ന് ആവശ്യം ഉയർന്നു. ഇത് സംഘടാകർക്കും മത്സരാർഥികകൾക്കും ആശ്വാസമാകുമെന്നാണ് പൊതുവായ നിർദേശം.
വരുംവർഷം ചാമ്പ്യൻസ് ലീഗ് ജില്ലയിലേക്ക് കൊണ്ടുവരണം
: ഏറെ തുഴക്കാരും തുഴച്ചിൽ ടീമുകളുമുള്ള ജില്ലയാണ് കാസർകോട്. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഉൾപ്പെടെ കാസർകോട്ടെ തുഴക്കാരെ ആശ്രയിക്കുന്ന സ്ഥിതിയാണിന്ന്. ഈ സാഹചര്യത്തിൽ ചമ്പ്യൻസ് ലീഗ് മത്സരം കാര്യങ്കോട് പുഴയിൽ നടത്തണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ ചർച്ചകൾ നടക്കുകയാണെന്നും എം. രാജഗോപാലൻ എം.എൽ.എ. പറഞ്ഞു. വരുംവർഷം ചാമ്പ്യൻസ് ലീഗ് മത്സരം ജില്ലയിൽ നടത്താനാവശ്യമായ ഇടപെടൽ നടത്തുമെന്നും എം.എൽ.എ. ഉറപ്പുനൽകി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group