കാസർകോട് : കൊൽക്കത്തയിലെ വിഖ്യാതമായ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കിടയിലെ തിരക്കിൽനിന്ന് തിരികിയെത്തി പി.വി.വിഷ്ണു സ്വന്തം മൈതാനാത്ത് പന്ത് തട്ടാനിറങ്ങി. ഐ.എസ്.എൽ. ടൂർണമെന്റിൽ ഈസ്റ്റ് ബംഗാൾ എഫ്.സി.യുടെ സ്‌ട്രൈക്കറായി തിളങ്ങുന്ന സൂപ്പർതാരത്തിന് കൂട്ടുകാരുടെയും സഫ്ദർ ഹാഷ്മിയിലെ സഹകളിക്കാരുടെയും സാന്നിധ്യത്തിൽ ഗംഭീര സ്വീകരണമാണ് നാടൊരുക്കിയത്. കാൽപ്പന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച സ്വന്തം മൈതാനത്ത് വീണ്ടുമെത്തിയപ്പോൾ തിരികെ വിദ്യാലയമുറ്റത്തെത്തിയ കുട്ടിയുടെ കൗതുകമായിരുന്നു ഈ യുവ ദേശീയതാരത്തിന്റെ മുഖത്ത്.
ഐ.എസ്.എൽ. മികച്ച ഫോമിലുള്ള താരത്തിനൊപ്പം കളിക്കാൻ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ തിരക്കായിരുന്നു. എന്നാൽ വിഷ്ണുവിന്റെ എതിർടീമിൽ കളിക്കാൻ പലരും തയ്യാറാകാത്തൊരു കാഴ്ചയ്ക്കും ഈ മൈതാനം സാക്ഷിയായി.
ജില്ലയിലെ കാൽപ്പന്ത് കളിയെ സ്നേഹിക്കുന്നവർക്കും വളർന്നു വരാനാഗ്രഹിക്കുന്ന കൊച്ചുതാരങ്ങൾക്കും ആവേശമായി 2023 ഓഗസ്റ്റിലാണ് പനയാൽ കുന്നൂച്ചിയിലെ പി.വി.വിഷ്ണു കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്.സി. ടീമിന്റെ ഭാഗമായെത്തുന്നത്.
ഇന്ത്യൻ ഫുട്ബോളിലെ പ്രധാന ടൂർണമെന്റുകളായ ഇന്ത്യൻ സൂപ്പർ ലീഗിലും ഡ്യൂറൻഡ് കപ്പിലും സൂപ്പർ കപ്പിലുമായി ഇതിനകം ടീമിനായി കളിക്കാനിറങ്ങിയിട്ടുണ്ട്. രണ്ട് സീസണുകളിലെ 25 ഐ.എസ്.എൽ. മത്സരങ്ങളിലായി ഈസ്റ്റ് ബംഗാളിനുവേണ്ടി കളിച്ച താരം രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഇതുവരെ നേടിയിട്ടുണ്ട്. ഇത്തവണത്തെ ടൂർണമെന്റിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ആദ്യ ഗോൾ ആരാധകർക്കിടയിൽ വലിയ കൈയടി നേടിയിരുന്നു.
2019-ൽ സന്തോഷ് ട്രോഫി കളിച്ച കേരള ടീമിൽ അംഗമായിരുന്ന വിഷ്ണു കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഷൂട്ടേഴ്സ് പടന്ന, മലപ്പുറത്തെ ലൂക്കാസ് സോക്കർ, മുത്തൂറ്റ് ഫുട്ബോൾ അക്കാദമി എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
സ്വന്തം ക്ലബായ സഫ്ദർ ഹാഷ്മി കുന്നൂച്ചിയിലെ സഹതാരങ്ങൾക്കൊപ്പം കളിക്കുമ്പോഴുള്ളൊരു വൈബ് വേറെ ലെവലാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമുള്ള ടീമിനെ ഇനി വരുന്ന കളികളിൽ വിജയം ആവർത്തിച്ച് മുൻപന്നിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം എ.എഫ്.സി. ചാമ്പ്യൻഷിപ്പിൽ ക്ലബിനെ അടയാളപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുമെന്നും വിഷ്ണു പ്രത്യാശ പ്രകടിപ്പിച്ചു.
തച്ചങ്ങാട് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഷ്ണുവിലെ പ്രതിഭയെ കായികാധ്യപകനായ ബിജു കണ്ടെത്തുന്നത്. ചിട്ടയായ പരിശീലനത്തിലൂടെയും പ്രയത്നത്തിലൂടെയും ഇന്ത്യൻ ദേശീയ ടീമിൽ വരെയെത്താൻ സാധിക്കുമെന്ന് പറഞ്ഞത് മാഷായിരുന്നുവെന്നും അതും മനസ്സിലെ വലിയൊരു ആഗ്രഹമാണെന്നും താരം പറഞ്ഞു.
കുന്നൂച്ചിയിലെ കെ.ദിവാകരന്റെയും പൈക്കയിലെ ബി.സത്യഭാമയുടെയും ഇളയ മകനായി ജനിച്ച വിഷ്ണുവിന് കൂടപ്പിറപ്പുകളായി പി.വി.വരുൺ, പി.വി.വിപിൻ എന്നീ രണ്ട് ജേഷ്ഠ്യന്മാരുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group