മലപ്പുറം : കളിക്കിടെ തുടയെല്ലിന് പരിക്കേറ്റ് മാസങ്ങളുടെ വിശ്രമം. വീണ്ടും ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയപ്പോൾ പിന്തുടർന്ന് വേട്ടയാടിയ പരിക്കിന്റെ അവശേഷിപ്പുകൾ. വലിയ സ്വപ്നമായ ഫുട്‌ബോൾ കളിക്കാരനെന്ന സ്വപ്നം ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി റസ്റ്ററന്റ് ബിസിനസ്സുമായി കൂടി. പ്രിയപ്പെട്ട ഉമ്മയും ഭാര്യയും കുടുംബസുഹൃത്തും നൽകിയ പ്രചോദനത്തിൽനിന്ന് വീണ്ടും മൈതാനത്തിലേക്ക്. കളിക്കാനല്ല, കളി പറഞ്ഞുകൊടുക്കാൻ. എല്ലാം തകർന്നിടത്തുനിന്ന് പതുക്കെ നേട്ടങ്ങൾ കൊയ്തുതുടങ്ങിയ ഷമീൽ നേടിയത് ലോകത്തിലെ വലിയ കോച്ചിങ് യോഗ്യതകളിലൊന്നായ എ.എഫ്.സി. പ്രോ ലൈസൻസ്.
തകർപ്പൻ തിരിച്ചുവരവിലൂടെ വിജയക്കൊടി പാറിക്കാറുള്ള ഫുട്‌ബോളിന്റെ സൗന്ദര്യമുണ്ട് അരീക്കോട്ടെ തെരട്ടമ്മൽ ചെമ്പകത്ത് വീട്ടിൽ ഷമീലിന്റെ ജീവിതത്തിന്. ഏഷ്യയിലെ ഏത് ക്ലബ്ബുകളെയും പരിശീലിപ്പിക്കാനുള്ള അവസരമാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രീ ലൈസൻസിലൂടെ ഷമീലിന് കൈവന്നിരിക്കുന്നത്. കേരളത്തിൽ ഷമീലടക്കം നാലുപേർക്ക് മാത്രമാണിതുള്ളത്.
മൂർക്കനാട് സ്കൂൾ മുതൽ ഹൈദരാബാദ് വരെ
-ാം വയസ്സിൽ മൂർക്കനാട് സുല്ലമുസ്സലാം സ്കൂളിനുവേണ്ടിയാണ് ഷമീൽ ആദ്യം ബൂട്ടണിഞ്ഞത്. സബ് ജൂനിയർ സംസ്ഥാന ടീമംഗമായ ഷമീൽ പിന്നീട് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോയിലെ അക്കാദമിയിലെത്തി. സെന്റർ ബാക്കായ ഷമീൽ വിവാ കേരളയ്ക്കും 2003-04, 2005-06 കാലയളവിൽ വാസ്കോ ഗോവയ്ക്കും ബൂട്ടണിഞ്ഞു. 2007-ൽ പ്രീ ഒളിമ്പിക് ദേശീയ ടീമംഗവുമായി.
സ്വപ്നങ്ങൾക്ക് വില്ലനായി പരിക്ക്
മുഹമ്മദൻസ് സ്പോട്ടിങ് ടീമിൽച്ചേർന്ന് മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് തുടയെല്ലിന് പരിക്കേൽക്കുന്നത്. ചികിത്സയ്ക്കും വിശ്രമത്തിനുമൊടുവിൽ തിരിച്ചെത്തിയിട്ടും വേദന പിടിവിട്ടില്ല. മുഹമ്മദൻസിനുശേഷം ബംഗാൾ-മുംബൈ ഫുട്‌ബോൾ ക്ലബ്ബിനായി ബൂട്ടണിഞ്ഞപ്പോഴും മികച്ചപ്രകടനം നടത്താനായില്ല. അതോടെ നാട്ടിൽ തിരിച്ചെത്തിയ ഷമീൽ ഹോട്ടൽ ബിസിനസ്സിലേക്ക് വഴിമാറി.
ഉയിർത്തെഴുന്നേൽപ്പിന്റെ വിസിൽ
ആദ്യം നന്നായി മുന്നോട്ടുപോയ റസ്റ്ററന്റ് പതിയെ പ്രതിസന്ധികൾ നേരിട്ടു. അപ്പോഴാണ് ഷമീലിന്റെ ഫുട്‌ബോൾ മുഹബ്ബത്ത് അറിയുന്ന ഉമ്മ ജമീലയും ഫാർമസിസ്റ്റായ ഭാര്യ ഷഹനാസ് ബീഗവും ഫുബോളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കൂടുംബസുഹൃത്തും മുൻ ഫുട്‌ബോൾ താരവുമായ നജീബും കൂടെനിന്നു. അരീക്കോട് തെരട്ടമ്മൽ സോക്കർ അക്കാദമിയിലെ കുട്ടികൾക്ക് പരിശീലനം നൽകി വീണ്ടും പുൽമൈതാനിയിലെത്തി. ഇതോടൊപ്പം ഗ്രാസ് റൂട്ട് ട്രെയിനിങ്ങിനുംചേർന്ന ഷമീൽ വിവിധ കോച്ചിങ് ലൈസൻസുകളും സ്വന്തമാക്കി.
ജൂനിയർ അണ്ടർ-17 മലപ്പുറം ടീമിന്റെ പരിശീലനം ശ്രദ്ധിക്കപ്പെട്ടതോടെ ഷമീലിന്റെ ആത്മവിശ്വാസം കൂടി. നിലമ്പൂരിലെ പീവീസ് സ്കൂളിനും പിന്നീട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ സ്കൂൾ ടീമിന്റെയും കോച്ചായി. മുത്തൂറ്റ് ഫുട്‌ബോൾ അക്കാദമിയിൽ ഉള്ളപ്പോൾ പാർട്ട് ടൈമായിട്ടാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഹൈദരാബാദ് ഫുട്‌ബോൾ ടീമിലേക്കുള്ള വാതിൽതുറന്നു.
മൂന്നുവർഷമായി ഹൈദരാബാദ് ടീമിന്റെ അസിസ്റ്റന്റ് കൊച്ചാണ് ഷമീൽ. പരേതനായ അബ്ദുള്ളയാണ് ഷമീലിന്റെ പിതാവ്. ബർസ ചെമ്പകത്ത്, സെയ്ഫ് മറിയം, സോ ദരീൻ എന്നിവർ മക്കളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group