2015 -ലാണ് തലശ്ശേരി ‘സായി’ കേന്ദ്രത്തിൽ ഗുസ്തി ഉൾപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന പദ്ധതി തലശ്ശേരി സായിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ 12 പേരാണ് പരിശീലനം നേടുന്നത്. 2015-ലാണ് തുടങ്ങിയതെങ്കിലും ഗുസ്തിയിൽ മെഡൽ ലഭിക്കുന്നത് 2017-ലാണ്. നാഷണൽ ചാമ്പ്യൻപ്പിൽ 17 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ കെ. ലക്ഷ്മി വെള്ളിമെഡലാണ് സ്വന്തമാക്കിയത്. ഗുസ്തിയിൽ ദേശീയമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച എ. ശാലിനി, കെ.പി. ദേവിക, കെ.വി. അനുപ്രിയ തുടങ്ങിയ താരങ്ങളും ‘സായി’യുടെ സംഭാവനയാണ്.
ഗുസ്തിയെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത, ഇതുവരെ ഗുസ്തി കാണാത്ത സാധാരണ കുട്ടികളാണ് ‘സായി’യിൽ എത്തുന്നത്. അവരെ മൂന്നോ നാലോ വർഷത്തെ പരിശീലനം നൽകിയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ചിട്ടയായ ഭക്ഷണവും വ്യായാമവും പരിശീലനവും നൽകുന്നുണ്ട്. ടി.സി. മനോജ്, എസ്.ഇ. അരുൺ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ഗുസ്തിപരിശീലനത്തിന് വേണ്ടതിന്റെ പകുതി സ്ഥലം മാത്രമേ ഇന്നിവിടെയുള്ളൂ. അതുകൊണ്ട് തന്നെ കൂടുതൽ കുട്ടികൾ എത്തുമ്പോൾ പരിശീലനം ബുദ്ധിമുട്ടാകും.
പ്രാദേശിക പിന്തുണ കുറവ്
മറ്റ് കായിക മത്സരങ്ങളെപ്പോലെയല്ല, ഗുസ്തിയോട് മലയാളികൾക്ക് ചെറിയൊരു താത്പര്യക്കുറവുണ്ടെന്നുള്ളതാണ് വസ്തുത. അതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ താരങ്ങൾ ഗുസ്തിയിൽ മികവ് പുലർത്തുമ്പോൾ കേരളത്തിൽനിന്നുള്ള സംഭാവന കുറവാണ്. ഇവിടെ സ്‌കൂൾ, കോളേജ്, ജില്ല, സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മാത്രമാണ് താരങ്ങൾക്ക് മത്സരത്തിനുള്ള അവസരം ലഭിക്കുന്നത്.
പ്രാദേശികതലത്തിൽ യാതൊരു മത്സരവും ലഭിക്കുന്നില്ല. അതേ സമയം രാജ്യത്തെ ഒട്ടുമിക്ക ഗുസ്തിതാരങ്ങളും ഹരിയാണയിൽനിന്നുള്ളവരാണ്. അവിടെ പ്രാദേശികമായി ദംഗൽ (ഗുസ്തിമത്സരം) കൂടുതലായി സംഘടിപ്പിക്കാറുണ്ട്. അതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ഇതിലേക്ക് എത്തുകയും കൂടുതൽ മികവുള്ള താരങ്ങളായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വേദികളാണ് നമ്മുടെ നാട്ടിലും വേണ്ടത്. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും കൂടുതൽ സാധ്യതകൾക്ക് വഴിയൊരുക്കുകയും ചെയ്യും.
മയൂഖ ജോണിക്കുശേഷം?
തലശ്ശേരി സായിയിലെ ആദ്യ ഒളിമ്പ്യനാണ് മയൂഖ ജോണി. ലോങ്ജംപ്, ട്രിപ്പിൾജംപ് എന്നീ വിഭാഗത്തിൽ ദേശീയ-അന്തർദേശീയ മെഡൽ ജേതാവാണ്. നിലവിൽ ട്രിപ്പിൾജംപ് വനിതാവിഭാഗത്തിലെ ദേശിയ റെക്കോഡിനുടമയാണ്. ജോസ് മാത്യുവിന്റെ കീഴിലായിരുന്നു മയൂഖയുടെ പരിശീലനം. നിലവിൽ അത്‌ലറ്റിക്സിൽ സ്ഥിരം കോച്ചില്ല. സായിയിൽനിന്ന് വിരമിച്ച ജോസ് മാത്യുവാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. രണ്ട് കോച്ചുമാരെ നിയമിച്ചെങ്കിലും അവർ എത്തിയില്ല.
അത്‌ലറ്റിക്‌സ് ഒഴിവാക്കി 2019-ൽ സായിയുടെ ഉത്തരവുണ്ടായിരുന്നു. ധർമടത്ത് സായി പരിശീലത്തിനായി അത്യാധുനിക സിന്തറ്റിക് ട്രാക്ക് നിർമാണം നടക്കുന്നതിടെയായിരുന്നു ഇത്. തലശ്ശേരി സായിയുടെയും മുഖ്യമന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് അധികൃതർ ഈ തീരുമാനം ഉപേക്ഷിച്ചത്. ഇന്ന് അത്‌ലറ്റിക്‌സിൽ 17 താരങ്ങൾ പരിശീലിക്കുന്നുണ്ട്.
പുതിയ കുട്ടികൾ എത്തുന്നുണ്ട്
ഓരോ വർഷവും സായിയിൽ കുട്ടികൾ എത്തുന്നുണ്ട്. എന്നാൽ, ഇവിടത്തെ ഒഴിവനുസരിച്ച് മാത്രമേ കുട്ടികളെ എടുക്കാൻ കഴിയുകയുള്ളൂവെന്ന് സായി ഡയറക്ടർ ടി.സി. മനോജ് പറഞ്ഞു. ഏത് ഇനത്തിലാണോ ഒഴിവുള്ളത് അതിൽ മാത്രമേ കുട്ടികളെ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സായിയിലെ കുട്ടികൾ അന്താരാഷ്ട്രനിലവാരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് മോഡൽ സ്‌പോർട്‌സ് ട്രെയിനിങ് സെന്ററായി ഉയർത്താനുള്ള തീരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനം ഉണ്ടാകണം
നേരത്തേ എല്ലാ മേഖലയിലും സായിയുടെ നേട്ടങ്ങളുടെ ഗ്രാഫ് ഉയർന്നിരുന്നു. ഇന്ന് ചില ഇനങ്ങളിൽ മാത്രമാണ് നേട്ടങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ സൗകര്യങ്ങൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള പെർഫോമൻസ് കുട്ടികളിൽ കാണാൻ കഴിയുന്നില്ല. രാജ്യത്തിനുവേണ്ടി ഞാൻ എന്തു ചെയ്തു എന്ന ചിന്താഗതിയാണ് കുട്ടികൾക്ക് വേണ്ടത്. പണ്ടത്തെപ്പോലെയല്ല, സമൂഹത്തിൽ ഉണ്ടായ പലമാറ്റങ്ങളും കുട്ടികളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മുൻ ഡയറക്ടറും വോളിബോൾ കോച്ചുമായിരുന്ന ടി. ബാലചന്ദ്രൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group