കാഞ്ഞാർ: നാൽപ്പതിലേറെ വർഷം വോളിബോൾ കളിക്കാരനായും പരിശീലകനായും നിറഞ്ഞുനിന്ന കാഞ്ഞാറുകാരുടെ പ്രിയപ്പെട്ട കബീർ ഇനി ഓർമ്മയുടെ കളത്തിൽ. വോളിബോളിന്റെയും വിജിലന്റ് ക്ലബ്ബിന്റെയും എല്ലാമായ കബീർ വിടപറയുമ്പോൾ കാഞ്ഞാർ മൈതാനിയിലും സഹകളിക്കാരിലും മരവിപ്പ് പടരുകയാണ്.
കിടിലൻ സ്മാഷുകൾക്ക് പുകൾപെറ്റ താരമായിരുന്നു കാഞ്ഞാർ കബീർ. 13-ാം വയസ്സിൽ തുടങ്ങിയ വോളിബോൾ ഭ്രാന്ത് ജീവിതാവസാനംവരെ തുടർന്നു.അടുത്ത കാലംവരെ കുട്ടികൾക്ക് വിജിലന്റ് മൈതാനിയിൽ പരിശീലനം നൽകിയിരുന്നു.
കാഞ്ഞാറിലെ വീടിന് സമീപത്ത് നിരവധി വോളിബോൾ കോർട്ടുകളും കളിയുമുണ്ടായിരുന്നു. അങ്ങനെ കബീറും കളി തുടങ്ങി. വോളിബോൾ ക്യാമ്പുകളിൽ പങ്കെടുത്ത് മികവുകൂട്ടി. അഖിലേന്ത്യാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.ജി.ഗോപാലകൃഷ്ണനാണ് കബീറിന്റെ പ്രതിഭയ്ക്ക് പ്രോത്സാഹനമേകിയത്. മൂന്നുവർഷത്തിനുള്ളിൽ ജില്ലാ, സംസ്ഥാന ടീമുകളിലെത്തി.
കാഞ്ഞാറിന്റെ വോളി പെരുമ പുറംനാടുകളിൽ അറിയുന്നത് കബീറിലൂടെയായിരുന്നുവെന്ന് സഹതാരങ്ങൾ പറയുന്നു. പടക്കുതിര എന്നാണ് കബീറിനെ കായികപ്രേമികൾ വിശേഷിപ്പിച്ചിരുന്നത്. തെക്കൻ കേരളത്തിലും മലബാറിലും കബീർ കളിക്കാത്ത കോർട്ടുകളില്ല. അറ്റാക്ക്, ബ്ലോക്ക്, ഫസ്റ്റ് പാസ് ,ഡിഫെൻസ് പ്രായോഗികബുദ്ധി എല്ലാം ഒത്തുചേർന്ന പ്രതിഭയായിരുന്നു കബീർ.
കബീറിന്റെ തനൂഫ് ഫിലിംസ് തൃശ്ശൂർ എതിരാളികളെ എപ്പോഴും വിറപ്പിച്ചു. കബീർ അംഗമായ പൂഞ്ഞാർ അർബൻ ബാങ്ക് ടീം വമ്പൻ ഡിപ്പാർട്‌മെന്റ് ടീമുകളെ പിടിച്ചുകെട്ടി. കെ.ടി.സി. കോഴിക്കോടിന് വേണ്ടിയും കബീർ കളിച്ചു. കേരളത്തിലെ മിക്ക ജില്ലകൾക്കും സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടാൻ കബീറിന്റെ 'ഇടി'കാരണമായി. അതിനിടെ ഈരാറ്റുപേട്ടയിൽ നാഷണലിന് വേണ്ടിയും ഇറങ്ങി. കളിക്കളത്തിൽ ഇടിമുഴക്കമായ താരം പക്ഷേ ജീവിതത്തിൽ ഇടറിവീണു. പന്തുകളെത്തിപ്പിടിക്കാൻ കുതിക്കുന്നതിനിടെ സ്‌പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലി നേടാനോ മറ്റേതെങ്കിലും മേഖലയെത്തിപ്പിടിക്കാനോ കഴിഞ്ഞില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group