അംഗഡി മൊഗർ: പാതി കാഴ്ചയെ മറികടന്ന് വേഗത്തിന്റെ മിന്നും താരമായി മാറുകയാണ് നിയാസ് അഹമ്മദ് എന്ന പതിനാലുകാരൻ. സിന്തറ്റിക് ട്രാക്കിൽ വെറും മൂന്നുദിവസം പരിശീലനം മാത്രം നടത്തി സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നിയാസ്.
സംസ്ഥാനതലത്തിലെ കന്നിവിജയത്തിൽ അധ്യാപകരും സുഹൃത്തുക്കളും മാത്രമല്ല, നാടൊന്നാകെ ആഹ്ലാദത്തിലാണ്. കഴിഞ്ഞവർഷം കാലിന് വേദനയുണ്ടായിരുന്നതിനാൽ ഉപജില്ലാ കായികമത്സരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ വേദന ഇതോടെ മാറി.
മികച്ച കളിസ്ഥലമോ ആധുനിക സംവിധാനങ്ങളോയില്ലാത്ത മലയോരഗ്രാമമായ അംഗഡിമുഗറിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റത്തുനിന്ന് സംസ്ഥാനതലത്തിലെത്തിയ വിജയം, കായികരംഗത്ത് നിയാസ് ഒരു ഭാവിവാഗ്ദാനമാണെന്ന് അടയാളപ്പെടുത്തുകയാണ്.
പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോഴായിരുന്നു കാഴ്ച കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എങ്കിലും പതറാതെ മത്സരത്തിൽ സജീവ സാന്നിധ്യമായി. കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ കായികരംഗത്തെ മികവ് എല്ലാവരും അംഗീകരിച്ചു.
അംഗഡിമുഗർ സ്കൂളിന് തൊട്ടടുത്ത് തന്നെയാണ് വീട്. രാവിലെയും വൈകിട്ടും പരിശീലനത്തിന് ഇത് സഹായകമായി.
കാൽപ്പന്ത് കളിക്കാരൻ കൂടിയാണ് നിയാസ്. അംഗഡിമുഗറിലെ വ്യാപാരി അബ്ദുൾ ഹമീദിന്റെയും നസീമയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ.
പരിശീലനംനഗ്നപാദനായി
നല്ലൊരു കളിസ്ഥലം അംഗഡിമുഗർ എന്നല്ല, കുമ്പള ഉപജില്ലയിലെ ഒരൊറ്റ സ്കൂളിനുമില്ല. നഗ്നപാദനായാണ് ചെളിനിറഞ്ഞ സ്കൂൾ കളിസ്ഥലത്തെ ഓട്ടം. നീലേശ്വരത്തെ സിന്തറ്റിക് ട്രാക്കിൽ പരിശീലനം നടത്തിയത് മൂന്നുദിവസം മാത്രം. ട്രാക്ക് ഷൂ ധരിക്കുന്നതുതന്നെ ആദ്യമായാണ്.
പാവപ്പെട്ട കുടുംബത്തിലെ അംഗമായ നിയാസിന് അംഗഡിമുഗർ യുവധാര ക്ലബായിരുന്നു ഷൂ നൽകിയത്.
സ്കൂളിൽ സ്ഥിരം അധ്യാപകനില്ല
അംഗഡിമുഗർ സ്കൂളിൽ നാലുവർഷമായി സ്ഥിരം കായികാധ്യാപകനില്ല. ദിവസവേതനത്തിലാണ് കായികാധ്യാപകനെ നിയമിക്കുന്നത്. ജൂണിൽ അധ്യയനം തുടങ്ങിയിട്ടും ഓഗസ്റ്റിലാണ് കായികാധ്യാപകനെ ലഭിച്ചത്. നിയാസിന്റെ കായികമികവ് തിരിച്ചറിഞ്ഞതിനാൽ 200 മീറ്ററിലും മത്സരിക്കാൻ നിർബന്ധിച്ചിരുന്നുവെന്ന് കായികാധ്യാപകൻ കെ.ശുഭരാജ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group