പാലാ : കായികരംഗത്തെ മോഹങ്ങൾ തളിരിടാതെ പോയെങ്കിലും 87-ലും പോരാട്ടവീര്യവുമായി ട്രാക്കിൽ കുതിക്കുകയാണ് വള്ളിച്ചിറ കണ്ടനാട്ട് കെ.സി. ജോസഫ്. പാലായിൽ നടന്ന വെറ്ററൻസ് കായികമേളയിൽ 85-ലധികം വയസ്സുള്ളവരുടെ വിഭാഗത്തിൽ 800, 400, 100 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തി അദ്ദേഹം മികവ് കാട്ടി.
വെറ്ററൻസ് മത്സരങ്ങളിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിരവധി തവണ ചാമ്പ്യനായിട്ടുണ്ട്. പ്രഭാതത്തിൽ അഞ്ച് കിലോമീറ്റർ നടക്കുകയും ഓടുകയും ചെയ്താണ് ജോസഫ് ദിവസവും പരിശീലനം നടത്തുന്നത്. സ്‌കൂൾ പഠനകാലത്ത് ട്രാക്കിൽ വിജയിയായിരുന്നു. പിന്നീട് പഠനമോഹവും കായികസ്വപ്‌നങ്ങളും ഉപക്ഷിക്കേണ്ടിവന്നു. ടൈപ്പ് റൈറ്റിങ് പഠിച്ചശേഷം സ്വകാര്യ കമ്പനിയിൽ ജോലിചെയ്തു. തടിമില്ലുകൾ നടത്തി. പക്ഷേ കായികമോഹങ്ങൾ അപ്പോഴും ജോസഫിന് അഭിനിവേശമായി തുടർന്നു. ഉള്ളിലൊതുക്കിയിരുന്ന ജോസഫിലെ കായികതാരം പിന്നീട് പുറത്തുവരുന്നത് 1993-ൽ കോട്ടയത്ത് നടന്ന വെറ്ററൻ മത്സരത്തിലായിരുന്നു. പിന്നീട് സംസ്ഥാനത്ത് നടക്കുന്ന എല്ലാ വെറ്ററൻ അത്‌ലറ്റിക്‌സ് മത്സരവേദികളിലെയും സ്ഥിരം സാന്നിധ്യമാണ് ജോസഫ്. ജോസഫ് ഓടി നേടിയ നൂറിലധികം മെഡലുകളുടെ ശേഖരം വള്ളിച്ചിറയിലെ വീട്ടിൽ ആകർഷണീയ കാഴ്ചയാണ്. ഒൻപതുവട്ടം വെറ്ററൻസിന്റെ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള കെ.സി. ജോസഫ് നാലുവട്ടം സ്വർണം നേടിയിട്ടുണ്ട്. മലേഷ്യ, സിങ്കപ്പൂർ, ഒാസ്‌ട്രേലിയ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: അലക്‌സ് ,ഫെലിക്‌സ്, ബിനു, ബിജു, ബീന.
ചെറുപ്പമാക്കി വെറ്ററൻസ് താരങ്ങൾ
: വെറ്ററൻസ് കായികമേളയിൽ പ്രായത്തെ വെല്ലുവിളിച്ച് മുതിർന്ന താരങ്ങളുടെ പ്രകടനം. കുടമാളൂർ സ്വദേശി പി.കെ. ജോസ് 80 വയസ്സ് വിഭാഗത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തി. കുടമാളൂർ മോർണിങ് വാക്കേഴ്സ് ക്ലബ്ബ് സജീവ അംഗമാണ് അദ്ദേഹം. കുടമാളൂർ ജി.എച്ച്.എസ്.ആണ് പരിശീലനസ്ഥലം. സിങ്കപ്പൂർ, ഹോങ്‌കോങ് എന്നിവിടങ്ങളിൽ നടന്ന വെറ്ററൻസ് കായികമേളയിൽ പങ്കെടുത്ത് വിജയിയായിട്ടുണ്ട്.
1968 മുതൽ കായികരംഗത്ത് സജീവമാണ്. 92-ൽ ബെംഗളൂരുവിൽ നടന്ന ഏഷ്യൻ വെറ്ററൻസ് കായികമേളയിലും വിജയിയായി.80 വയസ്സ് വിഭാഗത്തിന്റെ 1000 മീറ്റർ നടത്തത്തിലും 100 മീറ്റർ ഓട്ടത്തിലും ഒന്നാമതെത്തിയെ ഒ.പി. സാവിത്രി രണ്ട് വർഷമായി വെറ്ററൻസ് കായികമേളകളിൽ പങ്കെടുക്കുന്നു. തിരുവനന്തപുരം ജില്ലയ്ക്കായാണ് മത്സരിച്ചത്.
ആദ്യമായാണ് സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നത്. പാലക്കാട് ബി.എസ്.എൻ.എൽ. ജീവനക്കാരിയായി വിരമിച്ചു.70 വയസ്സ് കാറ്റഗറിയിൽ കെ.വിജയകുമാർ പാലക്കാട് ജില്ലയ്ക്കുവേണ്ടി മത്സരിക്കുന്നു. പങ്കെടുത്ത 100മീറ്ററിലും ലോങ് ജംപിലും ഒന്നാം സ്ഥാനത്തെത്തി. എട്ടാം ക്ലാസ് മുതൽ കായിക രംഗത്തുണ്ട്. കൊളംബോ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വെറ്ററൻസ് ചാമ്പ്യൻഷിപ്പുകളിൽ ട്രിപ്പിൾ ജംപിൽ പങ്കെടുത്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group